ദില്ലി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണിയുടെ സ്ഥലം മാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാ​ഗം അഭിഭാഷകർ രം​ഗത്ത്. തങ്ങളുടെ ആവശ്യം അം​ഗീകരിച്ചില്ലെങ്കിൽ കോടതി ബഹിഷ്കരിക്കുമെന്നും അഭിഭാഷകർ പറഞ്ഞു. രാജി തീരുമാനം ചീഫ് ജസ്റ്റിസ് പിന്‍വലിക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മേഘാലയിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് താഹില്‍ രമണി രാജിവച്ചത്. ജിഡ്ജിമാരുടെ യോഗത്തില്‍ രാജി തീരുമാനം വ്യക്തമാക്കിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ചീഫ് ജസ്റ്റിസ് താഹില്‍രമണി രാജി കത്ത് നല്‍കുകയായിരുന്നു. മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ തീരുമാനം പുനപരിശോധിക്കമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ കൊളീജിയം തള്ളിയിരുന്നു. 

 75 ജഡ്ജിമാരുള്ള രാജ്യത്തെ ഏറ്റവും പഴക്കമുള്ള മദ്രാസ് ഹൈക്കോടതിയില്‍ നിന്നാണ് രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളില്‍ ഒന്നായ മേഘാലയിലേക്ക് ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണിയെ സ്ഥലംമാറ്റിയത്. മൂന്ന് ജഡ്ജിമാര്‍ മാത്രമാണ് മേഘാലയ ഹൈക്കോടതിയിലുള്ളത്. മേഘാലയ ചീഫ് ജസ്റ്റിസായിരുന്ന എ കെ മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കീസ് ബാനുക്കേസില്‍ അടക്കം വിധി പറഞ്ഞത് താഹില്‍രമണിയാണ്. പതിനൊന്ന് പ്രതികളെ വിട്ടയ്ക്കാനുള്ള കീഴ്ക്കോടതി തീരുമാനം റദ്ദാക്കിയായിരുന്നു മുംബൈ ഹൈക്കോടതി വിധി.

Read More:മേഘാലയയിലേക്ക് സ്ഥലം മാറ്റി: രാജി വച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ പ്രതിഷേധം