50 ഏക്കറിലെ സഫാരി മേഖലയിൽ തുറന്നുവിട്ടതിന് പിന്നാലെയാണ് സിംഹത്തെ കാണാതായതെന്ന് അധികൃതർ പറയുന്നു. സിംഹത്തെ കണ്ടെത്താനായി ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ പ്രത്യേക ദൗത്യത്തെ നിയോഗിച്ചു.
ചെന്നൈ: മൃഗശാലയിലെ സിംഹത്തെ കാണാനില്ലെന്ന് പരാതി. തമിഴ്നാട് ചെങ്കൽപെട്ട് വാണ്ടല്ലൂർ മൃഗശാലയിലെ സിംഹത്തെയാണ് കാണാതായത്. അഞ്ച് വയസ്സുള്ള ആൺ സിംഹം ശെഹര്യാറിനെയാണ് കാണാതായത്. 50 ഏക്കറിലെ സഫാരി മേഖലയിൽ തുറന്നുവിട്ടതിന് പിന്നാലെയാണ് സിംഹത്തെ കാണാതായതെന്ന് അധികൃതർ പറയുന്നു. സിംഹത്തെ കണ്ടെത്താനായി ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ പ്രത്യേക ദൗത്യത്തെ നിയോഗിച്ചു. അഞ്ച് സംഘങ്ങളായി പ്രത്യേക പരിശോധന തുടങ്ങിയിട്ടുണ്ട്. സഫാരി സോണിൽ സന്ദർശകർക്ക് നിരോധനമേർപ്പെടുത്തി.
ചെന്നൈ നഗരത്തിൽ നിന്ന് 32 കിലോമീറ്റർ അകലെ 1490 ഏക്കറിലായി സ്ഥിതി ചെയ്യുന്ന വണ്ടല്ലൂർ മൃഗശാലയിലെ അഞ്ചര വയസ്സുള്ള സിംഹത്തെയാണ് വെള്ളിയാഴ്ച കാണാതായത്. ബെംഗളൂരു മൃഗശാലയിൽ നിന്ന് 2023ൽ ചെന്നൈയിലെത്തിച്ച ശെഹര്യാർ എന്ന സിംഹത്തെ 50 ഏക്കറിലുള്ള സഫാരി മേഖലയിലേക്കായിരുന്നു തുറന്നുവിട്ടത്. വൈകീട്ടോടെ ഭക്ഷണത്തിനായി കൂട്ടിലേക്ക് മടങ്ങുമെന്ന് കരുതിയെങ്കിലും സിംഹം വന്നില്ല. ശനിയാഴ്ച രാവിലെ ജീവനക്കാരിൽ ചിലർ സഫാരി മേഖലയിൽ തന്നെ വളരെ ദൂരെ സിംഹത്തെ കണ്ടെങ്കിലും പെട്ടെന്ന് ഓടിമറഞ്ഞു. അതിനുശേഷവും സിംഹം തിരികെ എത്താതായതോടെയാണ് 5 പ്രത്യേക സംഘങ്ങളായി തിരച്ചിൽ തുടങ്ങിയത്. പകലും രാത്രിയിലുമായി തെർമൽ ഇമേജിംഗ് ഡ്രോണുകൾ അടക്കം ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഷെഹര്യാറിനെ കുറിച്ച് വിവരമൊന്നുമില്ല.
പത്ത് പുതിയ ക്യാമറ കൂടി സ്ഥാപിച്ചാണ് ഇപ്പോൾ അന്വേഷണം. സിംഹങ്ങൾ പുതിയ ഇടങ്ങളിലെത്തുമ്പോൾ ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മൃഗശാല ഡയറക്ടർ റിറ്റോ സിറിയക് വ്യക്തമാക്കി. ഉയരത്തിലുള്ള ചുറ്റുമതിലും മുള്ളുവേലി കൊണ്ടുള്ള സംരക്ഷണവുമെല്ലാം ഉള്ളതിനാൽ സിംഹം സഫാരി മേഖലയ്ക്കുള്ളിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷ. സംസ്ഥാന വനംവകുപ്പ് മേധാവി അടക്കം മൃഗശാലയിലെത്തി സാഹചര്യം വിലയിരുത്തുന്നുണ്ട്.



