ചെന്നൈ: ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി മദ്യ ശാലകള്‍ തുറന്ന തമിഴ്നാട്ടിൽ ആദ്യദിനത്തില്‍  വിറ്റത് 172.59 കോടി രൂപയുടെ മദ്യം. റെഡ് സോണായ മധുരയിൽ മാത്രം 46.78 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനിടെ മദ്യവിൽപ്പനശാലകൾ തുറന്നതിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. മധുരയിലും കടലൂരിലും പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി.പ്രതിഷേധത്തിനെത്തിയ സ്ത്രീകൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. 

കൊയമ്പേടിന് പിന്നാലെ തിരുവാൺമയൂർ ചന്തയിലും കൊവിഡ് ക്ലസ്റ്റര്‍; 70 പേർക്ക് വൈറസ് ബാധ

ഇന്നലെ മദ്യശാലകള്‍ തുറന്നതോടെ വലിയ തിരക്കാണ് സംസ്ഥാനത്തെ പല മദ്യ വിൽപ്പനശാലകൾക്കും മുമ്പിൽ അനുഭവപ്പെട്ടത്. പലയിടങ്ങളിലും തിരക്ക് നിയന്ത്രിക്കാനായി പൊലീസിനെ നിയോഗിക്കേണ്ടി വന്നു. കൊവിഡ് വൈറസ് പശ്ചാത്തലത്തില്‍ സാമൂഹിക അകലമടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ജനങ്ങള്‍  മദ്യം വാങ്ങാനെത്തുന്നത്. തമിഴ്നാട്ടില്‍  മദ്യത്തിന്റെ വില 15 ശതമാനം വർധിപ്പിച്ചിട്ടുമുണ്ട്. ദേശീയതലത്തില്‍ ലോക്ഡൗണ്‍ ഇളവനുവദിച്ചതിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നിട്ടുണ്ട്. പലയിടങ്ങളിലും സുരക്ഷാമുന്‍കരുതലുകള്‍ കാറ്റില്‍ പറത്തിയാണ് മദ്യവില്‍പ്പന.