ഐസ്ക്രീം കഴിക്കുമ്പോൾ അസ്വസ്ഥത തോന്നി പരിശോധിച്ചപ്പോഴാണ്  പല്ലിയുടെ ഭാഗം കണ്ടെത്തിയത്. പരാതി ലഭിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു.

അഹമ്മദാബാദ്: അഹമ്മദാബാദിലെ മണിനഗറിൽ യുവതി കഴിച്ചുകൊണ്ടിരുന്ന ഐസ്ക്രീമിൽ പല്ലിയുടെ വാൽ കണ്ടെത്തി. കഠിനമായ ഛർദ്ദിയെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവ് കുതിർ അവന്യൂവിലെ മഹാലക്ഷ്മി കോർണറിലെ ഐസ്ക്രീം പാർലറിൽ നിന്ന് വാങ്ങിയ 80 മില്ലി ഹാവ്മോർ ഹാപ്പി കോണിൽ നിന്നാണ് പല്ലിയുടെ വാൽ ലഭിച്ചത്. ഐസ്ക്രീം കഴിക്കുമ്പോൾ അസ്വസ്ഥത തോന്നി പരിശോധിച്ചപ്പോഴാണ് പല്ലിയുടെ ഭാഗം കണ്ടെത്തിയത്. പരാതി ലഭിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു. ഐസ്ക്രീം പാർലർ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ സീൽ ചെയ്തു.

റിപ്പോർട്ടുകൾ പ്രകാരം, ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെയാണ് പാർലർ പ്രവർത്തിച്ചിരുന്നത്. അഹമ്മദാബാദിലെ നരോദയിലുള്ള ഹാവ്മോർ ഐസ്ക്രീം നിർമ്മാണ യൂണിലാണ് ഐസ്ക്രീം നിർമിച്ചതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഫാക്ടറിക്ക് 50,000 രൂപ പിഴ ചുമത്തി. പൊതുജന സുരക്ഷയ്ക്കായി ഉൽപ്പന്നത്തിന്റെ മുഴുവൻ ബാച്ചും തിരിച്ചുവിളിക്കാൻ അധികൃതർ കമ്പനിയോട് നിർദ്ദേശിച്ചു. ലാബ് പരിശോധനയ്ക്കായി ഹാപ്പി കോണിന്റെ സാമ്പിളുകൾ ശേഖരിച്ചു.

നിലവിൽ വിഷയം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ട ഉപഭോക്താവുമായി ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ നിലവിലുള്ള പ്രശ്നം സമഗ്രമായി അന്വേഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഹാവ്മോർ വക്താവ് മാധ്യമങ്ങൾക്ക് നൽകിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.