Asianet News MalayalamAsianet News Malayalam

വലയിലായി ഇന്ത്യാക്കാർ, ജീവൻ വരെ നഷ്ടമാക്കുന്ന 'ലോൺ ആപ്പ്'; ആ 10 പേരെ കണ്ടെത്തണം, അന്വേഷണം ചൈനയിലേക്ക്

ഇൻസ്റ്റന്‍റ് ലോൺ ആപ്പുകളുടെ ആ പരസ്യ വാക്കുകളിൽ വിശ്വസിച്ച് പണം മാത്രമല്ല പോയത്. പലർക്കും സ്വന്തം ജീവനാണ്. പാസാവുന്ന ലോണിന്‍റെ പകുതി തുക കൈയിൽ കിട്ടും, പിന്നീട് സംഭവിക്കുന്നത്

loan app fraud case, investigation goes to china
Author
Mumbai, First Published Jul 30, 2022, 8:47 PM IST

മുംബൈ: കാശിന് അത്യാവശ്യമുണ്ടോ? ബാങ്കിൽ പോകാനോ സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങാനോ ബുദ്ധിമുട്ടുണ്ടോ? അഞ്ച് മിനിറ്റിൽ കാശ് കിട്ടും. ഈട് നൽകാതെ ലോൺ. !! ഇൻസ്റ്റന്‍റ് ലോൺ ആപ്പുകളുടെ ആ പരസ്യ വാക്കുകളിൽ വിശ്വസിച്ച് പണം മാത്രമല്ല പോയത്. പലർക്കും സ്വന്തം ജീവനാണ്. പാസാവുന്ന ലോണിന്‍റെ പകുതി തുക കൈയിൽ കിട്ടും. തിരികെ അടക്കേണ്ടത് മുഴുവൻ തുകയും കൊള്ള പലിശയും. ഒരു ദിനം വൈകിയാൽ പിന്നെ ഭീഷണി. നമ്മുടെ ഫോൺ ഹാക്ക് ചെയ്യും. ചിത്രങ്ങൾ മോർഫ് ചെയ്യും. ഫോണിലെ നന്പറുകളിലേക്കെല്ലാം അശ്ലീല സന്ദേശങ്ങളയച്ച് നൽകും. ഇങ്ങനെയൊക്കെയാണ് നൂറ് കണക്കിന് ഇൻസ്റ്റന്‍റ് ലോൺ ആപ്പുകളുടെ പ്രവർത്തനം. മാനഹാനി സഹിക്കവയ്യാതാവുന്നവർ ആത്മഹത്യ ചെയ്യും. എത്രയെത്ര അനുഭവങ്ങൾ!

പിന്നിലുള്ളത് വൻ സംഘം

മെയ്മാസത്തിലാണ് മുംബൈ മലാഡിൽ യുവാവ് തൂങ്ങി മരിച്ചത്. ഹെലോ ക്യാഷ് എന്ന ആപ്പിൽ നിന്നാണ് പണമെടുത്തത്. ഇരട്ടി തിരിച്ച് നൽകിയിട്ടും ഭീഷണി തുടർന്നു. തന്‍റെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് കിട്ടി തുടങ്ങിയതോടെ യുവാവ് ആത്മഹത്യ ചെയ്തു. അന്വേഷണം മുംബൈ പൊലീസിലെ പ്രത്യേക സംഘം ഏറ്റെടുത്തു. നൂറ് കണക്കിന് സമാന കേസുകൾ അന്വേഷണ സംഘത്തിന് കിട്ടി. കഴിഞ്ഞമാസം ആന്ധ്രയിൽ നിന്ന് സുധാകർ റെഡ്ഡി എന്നൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഇയാൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 13 പേരെ കൂടി അറസ്റ്റ് ചെയ്തു.പല പേരിൽ നിരവധി ഓൺലൈൻ ലോൺ ആപ്പുകളാണ് സംഘം നടത്തിയിരുന്നത്. അറസ്റ്റിലായതിൽ 5 പേർ ഇത്തരം കന്പനികളുടെ ഡയറക്ടർമാരാണ്. നൂറ് കണക്കിന് സിം കാർഡുകളും മെമ്മറി കാർഡുകളും പിടിച്ചെടുത്തു. ഏതാണ്ട് 90 ജിബി ഡാറ്റ നിറയെ ഇന്ത്യൻ പൗരൻമാരുടെ വ്യക്തിഗത വിവരങ്ങളും മോ‍ർഫ് ചെയ്ത ചിത്രങ്ങളുമായിരുന്നു. പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 14 കോടി രൂപ മരവിപ്പിച്ചു. അറസ്റ്റിലായവരിൽ ചൈനീസ് ഭാഷയിലേക്ക് തർജ്ജമ ചെയ്യുന്ന ജോലിയുള്ളവരുമുണ്ട്. വിദേശ ബന്ധത്തിലേക്ക് അന്വേഷണം നീണ്ടത് ഇവിടെ നിന്നാണ്.

ഇൻസ്റ്റൻ്റ് ലോണ്‍ ആപ്പിലൂടെ 300 കോടിയിലേറെ തട്ടിയ സംഘം മുംബൈ പൊലീസിൻ്റെ പിടിയിൽ

ആരാണ് ലീയു?

2018 ലാണ് ഒരു സംഘം ചൈനക്കാർ കോടിക്കണക്കിന് രൂപയുമായി ഇന്ത്യയിലേക്ക് വരുന്നത്. ലീയു യി എന്നായിരുന്നു അവരെ നയിച്ചയാളുടെ പേര്. വ്യാജ ഇമെയിൽ വിലാസം ഉപയോഗിച്ചാണ് ആപ്പുകൾ നിർമ്മിച്ച് വിവിധ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്തത്. ചൈനയിലും ഹോങ്കോങ്ങിലുമെല്ലാമായിരുന്നു ഇതിന്‍റെ സെർവറുകൾ. ഇന്ത്യക്കാരെ കോൾ സെന്‍ററിലേക്കും മാർക്കറ്റിംഗിനുമായി ജോലിക്ക് വച്ചു. കൊവിഡ് കാലം വിളവെടുപ്പ് കാലമായി മാറി. ജോലിയില്ലാതെ വലഞ്ഞ പാവങ്ങൾ കടം വാങ്ങാൻ ആപ്പുകൾക്ക് മുന്നിലെത്തി. 2020 - 21കാലത്താണ് ഇൻസ്റ്റന്‍റ് ലോൺ ആപ്പുകൾ വൻ ലാഭമുണ്ടാക്കിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പിരിച്ചെടുക്കുന്ന പണം ക്രിപ്റ്റോ കറൻസിയിലേക്ക് മാറ്റി നാട് കടത്തും മുൻപ് പലവട്ടം പല അക്കൗണ്ടുകളിലേക്ക് യുപിഎ ട്രാൻസാക്ഷൻ നടത്തുന്നതാണ് പ്രതികളുടെ രീതി. പണം പോയ വഴി അന്വേഷിക്കുന്പോൾ ആശയക്കുഴപ്പമുണ്ടാക്കാനാണിത്. പരാതികളെത്തി തുടങ്ങിയതോടെ ചൈനക്കാരെല്ലാം മുങ്ങി. ലൂയുവിനെതിരെ മുംബൈ പൊലീസും ഭുവനേശ്വർ പൊലീസും ലുക്കൗട്ട് നോട്ടീസ് ഇറക്കി. ഇഡിയും ഇയാൾക്ക് പുറകിലാണ്.

"ചൈനീസ് വലയിൽ" കുരുങ്ങുന്ന ഇന്ത്യക്കാർ; ലോൺ ആപ്പിനെതിരായ അന്വേഷണം ചൈനയിലേക്ക്

നേപ്പാളിലെ കോൾ സെന്‍റർ

മുംബൈ പൊലീസിനെ അന്വേഷണം തുടരുന്നതിനിടെയാണ് നേപ്പാളിൽ മറ്റൊരു സംഭവം ഉണ്ടാവുന്നത്. കാഡ്മണ്ടുവിൽ നേപ്പാൾ പൊലീസ് ഒരു വന്പൻ കോൾ സെന്‍റർ കണ്ടെത്തി. ഇൻസ്റ്റന്‍റ് ലോൺ ആപ്പുകൾക്കായി ചൈനക്കാർ ഒരുക്കിയ കോൾ സെന്‍റർ. ഇരകളെ ഭീഷണിപ്പെടുത്താനും മോർഫ് ചെയ്ത ചിത്രങ്ങൾ തയ്യാറാക്കാനുമെല്ലാം ഇവിടെ ജീവനക്കാർ. ആയിരത്തിലേറെ പേർ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. പിരിച്ചെടുക്കുന്ന പണത്തിന് കമ്മീഷൻ ആയിരുന്നു ജീവനക്കാർക്ക് നൽകിയിരുന്നത്.  34 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതിൽ ഹൂ ഹിഹുവ എന്ന ഒരു ചൈനക്കാരനും രണ്ട് ഇന്ത്യക്കാരുമുണ്ട്. വിവരം ഇന്ത്യയിലും എത്തി. ഇന്ത്യക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ ലോൺ ആപ്പുകൾക്ക് പുറകിലെ കോൾസെന്‍റർ ഇതായിരുന്നു.

കണ്ടെത്താനുള്ളത് 10 ചൈനക്കാരെ

ഇൻസ്റ്റന്‍റ് ലോൺ ആപ്പുകൾക്ക് പുറകിൽ ചൈനക്കാരെന്ന് ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇത് ശരിവയ്ക്കുന്ന തെളിവുകളാണ് നേപ്പാൾ പൊലീസും മുംബൈ പൊലീസും കണ്ടെത്തിയതെല്ലാം. ഇന്ത്യയിൽ അന്വേഷണ ഏജൻസികൾ പിടിമുറുക്കിയതിന് പിന്നാലെ തട്ടിപ്പിനായി എത്തിയ ചൈനക്കാരെല്ലാം നാട് വിട്ടിരുന്നു. 250 ഓളം ആപ്പുകളിലൂടെ തട്ടിപ്പ് നടത്തിയ ലിയുവിന്‍റെ സംഘം ചൈനയിൽ ഒളിവിലാണ്. ഈ സംഘത്തിലെ 10 പേരെ പിടികൂടണം. രാജ്യാന്തര തലത്തിലുള്ള വന്പൻ തട്ടിപ്പായതിനാൽ ഇന്‍റെ‍ർപോളിന്‍റെയും വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളുടേയും സഹായം വേണം. ഇന്ത്യയിൽ ഇതുവരെ പിടിയിലായതെല്ലാം തട്ടിപ്പ് സംഘം ജോലിക്കെടുത്ത ഇന്ത്യക്കാർ മാത്രമാണ്.

Follow Us:
Download App:
  • android
  • ios