പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്‍റെ സംസ്കാരം പൂനെയിൽ നടന്നു

തിരുവനന്തപുരം: ഇന്നലെ രാത്രി അന്തരിച്ച പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്‍റെ സംസ്കാരം പൂനെയിൽ നടന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പരിസ്ഥിതി ശാസ്ത്ര മേഖലയിലെ നിരവധി പ്രമുഖർ സംസ്കാരത്തിൽ പങ്കെടുത്തു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി പൂനെയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പച്ചത്. ഇന്നലെ അർധരാത്രിയോടെ ആശുപത്രിയിൽ വെച്ച് അന്ത്യം സംഭവിക്കുകയായിരുന്നു. 1942 ൽ പശ്ചിമഘട്ട മലനിരകൾക്കിടയിലുള്ള മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ ജനിച്ച അദ്ദേഹം ജീവിതകാലം മുഴുവൻ മലനിരകളുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ച ശാസ്ത്രജ്ഞൻ കൂടിയാണ്. 31 വർഷം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സേവനം ചെയ്ത അദ്ദേഹത്തെ ഐക്യരാഷ്ട്രസഭ വരെ ആദരിച്ചിട്ടുണ്ട്.

ലോകം ആദരവോടെ കാണുന്ന എണ്ണം പറഞ്ഞ പരിസ്ഥിതി ശാസ്ത്രജ്ഞരിലൊരാളെയാണ് ഗാഡ്ഗിലിന്‍റെ വിയോഗത്തിലൂടെ നഷ്ടമാവുന്നത്. കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതിയെ മറന്നുളള വികസന പ്രവര്‍ത്തനങ്ങളും വലിയ നാശങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഗാഡ്ഗില്‍ മലയാളികളെ ഉള്‍പ്പെടെ ഓര്‍മിപ്പിച്ചുകൊണ്ടേ ഇരുന്നു. ശല്യക്കാരനായ പരിസ്ഥി വാദിയെന്ന് സമൂഹം ഒരു ഘട്ടത്തില്‍ മുദ്ര കുത്തിയ ഗാഡ്ഗിലിന്‍റെ വാക്കുകള്‍ അക്ഷരംപ്രതി ശരിയാകുന്നതിനും കേരളം സാക്ഷിയായി.

''പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തം. അതിന് നിങ്ങള്‍ വിചാരിക്കുന്നത് പോലും യുഗങ്ങളൊന്നും വേണ്ട. നാലോ അഞ്ചോ വര്‍ഷം മതി, അന്ന് മനസിലാകും ആരാണ് കളളം പറയുന്നതെന്നും ആരാണ് ജനത്തെ ഭയപ്പെടുത്തുന്നതെന്നും''. തന്‍റെ റിപ്പോര്‍ട്ടിനെതിരെ കേരളത്തില്‍ വിശേഷിച്ച് മലയോര മേഖലകളില്‍ ഉയര്‍ന്ന പ്രതിഷേധം ഒരു ഘട്ടത്തില്‍ അക്രമാസക്തമാകുന്ന ഘട്ടത്തില്‍ 2013 ല്‍ പ്രൊഫസര്‍ ഗാഡ്ഗില്‍ പറഞ്ഞ വാക്കുകളാണിത്.

അന്ന് ഗാഡ്ഗിലിനെ മനുഷ്യ വിരോധിയും കപട പരിസ്ഥിതി വാദിയും രാജ്യാന്തര സംഘടനകളില്‍ നിന്ന് ഫണ്ട് കൈപ്പറ്റുന്ന തട്ടിപ്പുകാരനുമായെല്ലാം ചിത്രീകരിച്ചത് കേവലം കര്‍ഷക സംഘടനകളോ അവരുടെ വാക്ക് വിശ്വസിച്ചിറങ്ങിയ ആള്‍ക്കൂട്ടങ്ങളോ മാത്രമായിരുന്നില്ല. കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കളും മതനേതാക്കളുമെല്ലാം ഇതേ ചേരിയിലായിരുന്നു. ലോകം കാലാവസ്ഥ മാറ്റത്തിലേക്ക് അതിവേഗം നീങ്ങുന്ന പശ്ചാത്തലത്തില്‍ അമിതമായ ഖനനപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം, കാലാവധി പിന്നിട്ട ഡാമുകളും താപനിലയങ്ങളും ഡീ കമ്മീഷന്‍ ചെയ്യണം, സ്ഫോടനം നടത്തിയുളള മത്സ്യബന്ധനം നിര്‍ത്തലാക്കണം, ഭൂമിയുടെ ഘടനയും സ്വഭാവവും പരിഗണിച്ചുളള കൃഷിരീതികള്‍ പിന്തുടരണം ഇവയെല്ലാമായിരുന്നു തന്‍റെ റിപ്പോര്‍ട്ടിലൂടെ ഗാഡ്കില്‍ അധികാരികളോടും ജനങ്ങളോടും പറയാന്‍ ശ്രമിച്ചത്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്താല്‍ ഗാഡ്ഗിലിന്‍റെ റിപ്പോര്‍ട്ടിനെ വെളളം ചേര്‍ത്തും പുതിയ സമിതിയെ വച്ച് വക്രീകരിക്കുന്നതുമെല്ലാമാണ് പിന്നീട് കണ്ടത്. 

എന്നാല്‍ ഗാഡ്ഗിലിന്‍റെ മുന്നറിയിപ്പ് വന്ന് കൃത്യം അഞ്ചാം വര്‍ഷം മുതല്‍ അതായത് 2018 മുതല്‍ കേരളം ഗാഡ്ഗിലിന്‍റെ പ്രവചനങ്ങളോരോന്നും അനുഭവിച്ചറിയാന്‍ തുടങ്ങി. കേരളത്തില്‍ ജീവനോടെയുളള ഒരാളും കാണാത്ത വിധമുളള മഹാപ്രളയത്തിലൂടെ നാട് കടന്നു പോയി, തൊട്ടടുത്ത വര്‍ഷം ഒരു മലയാകെ വന്ന് മനുഷ്യരെ മൂടുന്ന കാഴ്ച കവളപ്പാറയിലും ഒരു ഗ്രാമമാകെ ഒന്നാകെ ഒഴുകിപ്പോകുന്ന ഭയാനകമായ കാഴ്ചകള്‍ പുത്തുമലയിലും കണ്ടു. ഇതോടെ, ഗാഡ്ഗിലിന്‍റെ പ്രവചന സ്വഭാമുളള വാക്കുകളെ നടുക്കത്തോടെ തിരിച്ചറിഞ്ഞ കേരളം ധൃതിപ്പെട്ടുളള ചില പരിഹാര ശ്രമങ്ങളിലക്ക് കടക്കുകയും ചെയ്തു. എന്നാല്‍ വന്‍കിട വികസനങ്ങളുടെയും നഗരവല്‍ക്കരണത്തിന്‍റേയും പാതയിലേക്ക് അതിനോടകം ചുവടുമാറിക്കഴിഞ്ഞിരുന്ന കേരളത്തിന് പരിസ്ഥിതി സന്തുലനത്തിന്‍റെയും പരിസ്ഥിതി സൗഹൃദത്തിന്‍റെയുമെല്ലാം കാഴ്ചപ്പാടുകള്‍ തിരികെ പിടിക്കുക ഒട്ടും തന്നെ എളുപ്പം ആയിരുന്നുമില്ല, 2024 ല്‍ അതായത് ഗാഡ്ഗിലിന്‍റെ റിപ്പോര്‍ട്ട് പുറത്ത് വന്ന് ഒരു പതിറ്റാണ്ട് പിന്നിടുന്ന ഘട്ടത്തില്‍ വീണ്ടും കേരളം നടുങ്ങി. 

മുണ്ടക്കൈ ചൂരല്‍മല എന്നീ ഗ്രാമങ്ങളെ കടപുഴക്കിയ ഉരുള്‍ മലയിറങ്ങി ചാലിയാറിലൂടെ കടലിലേക്ക് ഒഴുകുന്ന കാഴ്ച ഗാഡ്ഗിലെ വീണ്ടും ചര്‍ച്ചകളിലെത്തിച്ചു. അതിവേഗമുളള കാലാവസ്ഥ മാറ്റത്തെക്കുറിച്ചും അതിന് അനുസൃതമായി ഭൂവിനിയോഗത്തില്‍ ഉള്‍പ്പെടെ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും തികഞ്ഞ അനുകമ്പയോടെ സംസാരിക്കുന്ന ഗാഡ്ഗിലിനെയാണ് അന്നും കണ്ടത്. അതേസമയം, വന്യമൃഗ ശല്യം പരിഹരിക്കുന്ന കാര്യത്തില്‍ നേരത്തെ തനിക്കെതിരെ പ്രതിഷേധമുയര്‍ത്തിയ കര്‍ഷക- കുടിയേറ്റ ജനതയോട് ചേര്‍ന്ന് നില്‍ക്കുന്ന സമീപനമായിരുന്നു പ്രൊഫസര്‍ ഗാഡ്ഗിലിന്‍റേത്. 

സ്വയ രക്ഷയ്ക്കുളള അവകാശം നിയമപരമായി ഉറപ്പ് നല്ഡ‍കുന്ന രാജ്യത്ത് കാട് വിട്ടിറങ്ങുന്ന മൃഗങ്ങളെ ചെറുക്കാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്ന് ഗാഡ്ഗില്‍ വാദിച്ചു. ഒരു ഘട്ടത്തില്‍ ഗാഡ്ഗിലിനെതിരെ തെരുവിലിറങ്ങിയവര്‍ തന്നെ ഈ വിഷയത്തില്‍ ഗാഡ്ഡിലിനെ അതിഥിയായെത്തിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതും പിന്നീട് കണ്ടു. ഗുജറാത്ത് മുതല്‍ തമിഴ്നാട് വരെ നീണ്ടു കിടക്കുന്ന പശ്ചിമ ഘട്ട മേഖലയുടെ പൊതുസംരക്ഷണമായിരുന്നു ഗാഡ്ഗിലിന്‍റെ പ്രധാന പരിഗണന വിഷയമെങ്കിലും തന്നിലെ പരിസ്ഥിതി ശസ്ത്രജ്ഞനെ ഏറ്റവുമധികം എതിര്‍ത്തും പഠിച്ചതും പിന്നീട് സ്നേഹിച്ചതും കേരളം ആയിരുന്നു എന്നതും ഗാഡ്ഗില്‍ പലവുരു പരാമര്‍ശിക്കുകയും ചെയ്തു. ആ നിലയില്‍, പ്രകൃതി ദുരന്തങ്ങളുടെ ഒരോ ഘട്ടത്തിലും കേരളം ആദരപൂര്‍വം കാതോര്‍ത്തിരുന്ന ആ പ്രതിഭയുടെ വിയോഗം കേരളത്തിന്‍റെ നഷ്ചം കൂടിയായി മാറുന്നു. 

YouTube video player