മധ്യപ്രദേശ് മന്ത്രിസഭ ഏകീകൃത സിവിൽ കോഡ് ബില്ലിന്റെ കരടിന് അംഗീകാരം നൽകി. മുഖ്യമന്ത്രി മോഹൻ യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ 93 ശതമാനത്തിലധികം പേർ നിയമത്തെ പിന്തുണയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജഗദീഷ്പൂർ: മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി സർക്കാർ. മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഏകീകൃത സിവിൽ കോഡ് ബില്ലിന്റെ കരടിന് അംഗീകാരം നൽകി. ജഗദീഷ്പൂരിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. നാളെ ആരംഭിക്കുന്ന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരം ഏകകണ്ഠമായിരുന്നുവെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
സർക്കാരിന്റെ നീക്കം ഭരണഘടനാപരമായ തുല്യത ഉറപ്പാക്കാനാണെന്നും ഇന്ത്യൻ മൂല്യങ്ങളുമായി ചേർന്നാണ് ബിൽ തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 20ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ തയ്യാറാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം, തുല്യത എന്നത് ഇന്ത്യൻ സംസ്കാരത്തിൻ്റെയും മൂല്യങ്ങളുടെയും ഒരു പ്രധാന ഭാഗമാണ്. ഏകീകൃത സിവിൽ കോഡിന് വലിയ ജനപിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 93 ശതമാനത്തിലധികം ആളുകളും നിയമത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കണക്കുകൾ പ്രകാരം, 80 ശതമാനം മുസ്ലീം സ്ത്രീകളും 40 ശതമാനം മുസ്ലീം പുരുഷന്മാരും ഏകീകൃത നിയമം വേണമെന്ന് ആഗ്രഹിക്കുന്നു. മൂന്നു കോടി എസ്എംഎസ് സന്ദേശങ്ങൾ ലഭിച്ചു. അച്ചടി, സോഷ്യൽ, ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയും പൊതുജനാഭിപ്രായം ശേഖരിച്ചു. വിവിധ റാലികളിലും സമ്മേളനങ്ങളിലും ജനങ്ങളോട് അഭിപ്രായം തേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 27ന് ഏഴംഗ സമിതി രൂപീകരിച്ചിരുന്നു. എല്ലാവരിൽ നിന്നും നിർദേശങ്ങൾ ക്ഷണിച്ചു. ഏകീകൃത സിവിൽ കോഡ് ഇതിനകം നടപ്പിലാക്കിയ സംസ്ഥാനങ്ങളെക്കുറിച്ചും പഠനം നടത്തി. ആകെ 9.58 ലക്ഷം നിർദേശങ്ങളാണ് ലഭിച്ചത്. ഇതിൽ 93.54 ശതമാനം ആളുകളും ഈ നിയമത്തെ പിന്തുണച്ചു. ഒരു വിവേചനവുമില്ലാതെ സമൂഹത്തിലെ എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കാനാണ് ഈ നിയമം. അത് റാം ആയാലും റഹീം ആയാലും രവീന്ദർ ആയാലും റോബിൻ ആയാലും എല്ലാവർക്കും തുല്യ അവകാശങ്ങൾ ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

