മഹാദേവ് ആപ്പില്‍ നിന്ന് നല്‍കുന്ന പണത്തിന്റെ അവസാന ഉപഭോക്താവ് ബാഗേലെന്ന് അസിം ദാസ് പറഞ്ഞിട്ടുണ്ടെന്നും ഇഡി റിപ്പോർട്ട്. 

ദില്ലി: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി ബന്ധമുണ്ടെന്ന്, അഞ്ചരക്കോടിയുമായി പിടിയിലായ അസിം ദാസ് സമ്മതിച്ചുവെന്ന് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. മഹാദേവ് ആപ്പില്‍ നിന്ന് നല്‍കുന്ന പണത്തിന്റെ അവസാന ഉപഭോക്താവ് ബാഗേലെന്ന് അസിം ദാസ് പറഞ്ഞിട്ടുണ്ട്. കൈവശമുണ്ടായിരുന്ന പണം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ളതായിരുന്നുവെന്നും ഛത്തീസ്ഗഡിലെ പല കോണ്‍ഗ്രസ് നേതാക്കളുമായും തനിക്ക് ബന്ധമുണ്ടെന്ന് അസിം ദാസ് പറഞ്ഞതായും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിവാദത്തിലേക്ക് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയേയും ഇഡി എത്തിച്ചത്. 508 കോടി രൂപ ആപ്പ് പ്രമോട്ടര്‍മാര്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നല്‍കിയിട്ടുണ്ടെന്നാണ് ഇഡിയുടെ വാദം. കണക്കില്‍ പെടാത്ത അഞ്ചരക്കോടി രൂപയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ അസിംദാസ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ റഡാറിലേക്ക് ബാഗേലിനെ കൊണ്ടുവന്നത്. ഇഡിയുടെ വാദം ഏറ്റെടുത്ത ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി ദുബായ് നിന്ന് മഹാദേവ് ആപ്പിന്റെ പ്രമോട്ടറായ ശുഭം സോനെന്നയാള്‍ ബാഗേലിന് അസിംദാസ് മുഖേനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടുത്ത് വിട്ട പണമാണ് പിടികൂടിയതെന്ന് ആരോപിച്ചു. 

ഇഡി ഉന്നയിച്ച ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചിരുന്നു. ബാഗേല്‍ ഇഡിയെ ഭയന്ന് തുടങ്ങിയെന്ന് പരിഹസിച്ച മോദി മുഖ്യമന്ത്രിയുടെ ദുബായ് ബന്ധം വെളിവാക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയേയും സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

മദ്യലഹരിയില്‍ പെണ്‍കുട്ടിയെ കയറി പിടിച്ചു; യുവാവ് പിടിയില്‍

YouTube video player