മഹാരാഷ്ട്രയിലെ ജാൽനയിലുള്ള ഒരു സ്കൂളിൽ വാർഷികാഘോഷത്തിനിടെ, 'സർ തൻ സേ ജുദാ' എന്ന ഗാനത്തിന് വിദ്യാർത്ഥികൾ വാളുമേന്തി നൃത്തം ചെയ്തത് വലിയ വിവാദമായി. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ പോലീസ് കേസെടുക്കുകയും, അംഗീകാരമില്ലാത്ത സ്കൂൾ പൂട്ടണമെന്ന് ബി.ജെ.പി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ ജാൽന ജില്ലയിലുള്ള സ്കൂളിൽ വാർഷികാഘോഷ പരിപാടിക്കിടെ വിദ്യാർത്ഥികൾ വാളുമേന്തി നൃത്തം ചെയ്ത സംഭവം വിവാദമാകുന്നു. 'കിഡ്സ് വേൾഡ് ഇംഗ്ലീഷ് സ്കൂൾ' എന്ന സ്ഥാപനത്തിലാണ് സംഭവം. തീവ്രവാദ സംഘടനകൾ ഉപയോഗിക്കാറുള്ള, ശിരഛേദം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള 'സർ തൻ സേ ജുദാ എന്ന ഗാനത്തിനൊപ്പമാണ് കുട്ടികൾ വ്യാജ വാളുകളേന്തി നൃത്തം ചെയ്തത്. വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതും. പിന്നാലെ പർതൂർ പോലീസ് സ്ഥലത്തെത്തി. സ്കൂൾ പ്രസിഡന്റ്, പരിപാടിയുടെ അവതാരകൻ, ഡാൻസ് പഠിപ്പിച്ച അധ്യാപകൻ എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ നൃത്തത്തിന് എങ്ങനെയാണ് സ്കൂൾ അധികൃതർ അനുമതി നൽകിയതെന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവം മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ വിവാദത്തിനും വഴിതുറന്നിരിക്കുകയാണ്. സ്കൂളിൽ പരിശോധന നടത്തിയ ബി.ജെ.പി നേതാവ് കിരിത് സോമയ്യ, ഈ വിദ്യാലയത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലെന്ന് ആരോപിച്ചു. ചട്ടങ്ങൾ ലംഘിച്ച പ്രസ്തുത സ്കൂൾ കെട്ടിടം അടിയന്തരമായി പൂട്ടി സീൽ ചെയ്യണമെന്നും കെട്ടിടം പൊളിച്ചുനീക്കണമെന്നും ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു. കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ വിദ്വേഷ ചിന്തകൾ വളർത്താൻ ശ്രമിച്ച പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് പ്രാദേശിക ബി.ജെ.പി നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂൾ പരിപാടികളിലെ കലാപ്രകടനങ്ങളുടെ ഉള്ളടക്കവും അവയുടെ മേൽനോട്ടവും കർശനമായി പരിശോധിക്കപ്പെടണം എന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.