ഉത്തർപ്രദേശിൽ സോഷ്യൽ മീഡിയ വീഡിയോയ്ക്ക് വേണ്ടി 44-കാരൻ ചത്ത വിഷപാമ്പിനെ വായിൽ കടിച്ച് പിടിച്ച് നൃത്തം ചെയ്തു. പാമ്പിൻ വിഷം ശരീരത്തിൽ പ്രവേശിച്ചതോടെ കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ഇയാൾ സുഖം പ്രാപിച്ചു.
ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലെ ഷാദിപൂർ ഗ്രാമത്തിൽ നിന്നുള്ള 44 വയസ്സുള്ള ഒരു തൊഴിലാളി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിനായി ചത്ത വിഷപാമ്പിനെ വായിൽ കടിച്ച് പിടിച്ച് നൃത്തം ചെയ്തു. പിന്നാലെ അസ്വസ്ഥത തോന്നി. ആദ്യം മന്ത്രവാദിയെയും പിന്നാലെ ആശുപത്രിയിലും എത്തിച്ചു. ഒടുവിൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്ന് റിപ്പോർട്ട്. ഒന്ന് പേടിച്ചെങ്കിലും വീഡിയോകളെല്ലാം വൈറലായി.
എല്ലാം ഒരു വീഡിയോയ്ക്ക് വേണ്ടി
ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലെ ഷാദിപൂർ ഗ്രാമത്തിൽ നിന്നുള്ള 44 -കാരനും തൊഴിലാളിയുമായ സലിം എന്നയാളാണ് ചത്ത പാമ്പിനെ കടിച്ച് പിടിച്ചതിന് പിന്നാലെ ആശുപത്രിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച (25.6.'26) വൈകീട് ഒരു വിഷ പാമ്പ് സലീമിന്‍റെ വീട്ടിൽ കയറിയതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വീട്ടിനുള്ളിൽ കയറിയ പാമ്പിനെ സലീം തന്നെയാണ് തല്ലി കൊന്നത്. ഇതിനെ വീട്ടിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നപ്പോൾ ഗ്രാമവാസികൾ മൊബൈലുമായി വീഡിയോ ഷൂട്ട് ചെയ്യാനെത്തിയിരുന്നു. പിന്നാലെ ആവേശം കയറിയ സലീം ചത്ത പാമ്പിന്‍റെ തന്‍റെ വായിക്കുള്ളിലാക്കി കടിച്ച് പിടിച്ച് വീഡിയോയ്ക്ക് വേണ്ടി ചുവട് വയ്ക്കാൻ ആരംഭിച്ചു.
വിഷം ശരീരത്തിൽ കയറി
കൂടെ നിന്നവർ പ്രോത്സാഹിപ്പിച്ചപ്പോൾ അയാൾ പാമ്പിനെ നിരവധി തവണ വായിൽ കടിച്ച് പിടിച്ചതായും നാട്ടുകാർ പറയുന്നു. പാമ്പ് ചത്തിരുന്നെങ്കിലും അതിന്‍റെ വിഷം സലീമിന്‍റെ വായിലാകുകയും പിന്നാലെ സലീം കുഴഞ്ഞ് വീഴുകയുമായിരുന്നു. സലീം അസ്വസ്ഥനായതോടെ വീട്ടുകാരും നാട്ടുകാരും ഇയാളെ അടുത്തുള്ള മന്ത്രവാദിയുടെ അടുത്തെത്തിച്ചു. എന്നാൽ, അവിടെ നിന്നും കാര്യമായ മാറ്റമൊന്നും കാണാതായതോടെ ഉടനെ ഇയാളെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റിറിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും ജില്ലാ ആശുപത്രിയിലെത്തിച്ചു. ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം സലീം സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടർമാർ അറിയിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.
പാമ്പ് ചത്താലും വിഷം അപകടകരം
സമൂഹ മാധ്യമ വീഡിയോയ്ക്ക് വേണ്ടി ഇത്തരം അപകടകരമായ പ്രവർത്തികൾ ചെയ്യുന്നതിനെ ഡോക്ടർമാർ വിമർശിച്ചു. പാമ്പ് ചത്തെങ്കിലും അതിന്‍റെ വിഷം മനുഷ്യന് അപകടകരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. മാത്രമല്ല, ചത്ത പാമ്പുകൾക്ക് ദോഷകരമായ ബാക്ടീരിയകളെ വഹിക്കാൻ കഴിയും, ചില സന്ദർഭങ്ങളിൽ, പാമ്പുകൾ ചത്തതിന് തൊട്ടുപിന്നാലെ റിഫ്ലെക്സ് പ്രവർത്തനങ്ങൾ കാണിക്കുന്നതും സ്വാഭാവികമാണ്. ഇത്തരമൊരു അവസ്ഥയിൽ പാമ്പ് ചത്തെന്ന് കരുതി അതിനെ വെറും കൈ കൊണ്ട് പിടിക്കുന്നത് അപകടം ചെയ്യുമെന്നും അവയെ സുരക്ഷിതമായി സംസ്കരിക്കാൻ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു.


