മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടെന്നും കേരള സര്‍ക്കാര്‍ ഇടപെടണമെന്നും യൂണിയന്‍ കൗണ്‍സിലര്‍ വിഷ്ണു

ദില്ലി: ഇന്നലെ രാത്രി നടന്ന ആക്രമണത്തിന് പിന്നാലെ ജെഎന്‍യുവിലെ മലയാളി വിദ്യാര്‍ത്ഥികളില്‍ പലരും ഹോസ്റ്റല്‍ വിട്ടു. എബിവിപി പ്രവര്‍ത്തകരില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്നാണ് ഹോസ്റ്റല്‍ വിട്ടതെന്നാണ് വിവരം. ഇന്നലെ നടന്നത് സംഘടിതമായ ആക്രമണമായിരുന്നെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ കൗണ്‍സിലര്‍ വിഷ്ണു പ്രസാദ് പറഞ്ഞു. മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടെന്നും കേരള സര്‍ക്കാര്‍ ഇടപെടണമെന്നും യൂണിയന്‍ കൗണ്‍സിലര്‍ പറഞ്ഞു. 

ആക്രമണത്തിന് പിന്നില്‍ എബിവിപിയെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. പൊലീസും ആക്രമണത്തിനൊപ്പം നിന്നെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അധ്യാപകര്‍ക്ക് പിന്നാലെ ജെഎന്‍യു വിസിക്കെതിരെ കടുത്ത വിമര്‍ശനമാണ് വിദ്യാര്‍ത്ഥി യൂണിയന്‍ നടത്തുന്നത്. വിസി ഭീരുവിനെ പോലെ പെരുമാറിയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ജെഎന്‍യുവിലെ ഫീസ് വര്‍ധനവ് പിന്‍വലിക്കലിനെതിരെ മാത്രമല്ല, വിസി രാജിവെക്കും വരെ സമരം തുടരുമെന്നാണ് യൂണിയന്‍ വ്യക്തമാക്കിയിരിക്കുന്നത്. വിസി രാജിവെച്ചില്ലെങ്കില്‍ പുറത്താക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്നായിരുന്നു അധ്യാപകര്‍ ആവശ്യപ്പെട്ടത്. 

അതേസമയം ജെഎന്‍യുവില്‍ ഇന്നലെയുണ്ടായ ആക്രണമുവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്. ജെഎന്‍യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു.