തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാനായി വിജയിയെ വിസികെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. പാർട്ടിയിൽ ആലോചിക്കുമെന്ന് മറുപടി

ചെന്നൈ : തമിഴ്നാട്ടിൽ മന്ത്രിസഭാ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, ടിവികെയ്ക്കും വിജയ്ക്കും വേണ്ടി നേരിട്ട് രംഗത്തിറങ്ങി കോൺഗ്രസ്. പ്രമുഖ ദളിത് നേതാവും ദളിത് രാഷ്ട്രീയ പാർട്ടിയായ വിടുതലൈ ചിറുതൈകൾ കച്ചി നേതാവുമായ തിരുമാവളവനെ മല്ലികാർജുൻ ഗർഗെ ഫോണിൽ വിളിച്ച് പിന്തുണ തേടി. തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാനായി വിജയിയെ വിസികെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. പാർട്ടിയിൽ ആലോചിക്കുമെന്ന് മറുപടി പറഞ്ഞതായാണ് വിസികെ വൃത്തങ്ങളിൽ നിന്നുള്ള വിവരം. ടിവികെയ്ക്ക് പിന്തുണ നൽകാനുള്ള നീക്കത്തിനെതിരെ രണ്ട് എംഎൽഎമാരുള്ള വിസികെയിൽ ഭിന്നത രൂക്ഷമാണ്. പിന്തുണ ആവശ്യപ്പെട്ടുള്ള ടിവികെയുടെ കത്ത് ചർച്ച ചെയ്യാൻ സിപിഎം, സിപിഐ നേതൃയോഗങ്ങൾ ചെന്നൈയിൽ തുടരുകയാണ്. വൈകിയാലും വിജയ് സർക്കാർ തന്നെ വരുമെന്ന് ടിവികെ ജനറൽ സെക്രട്ടറി അരുൺരാജ്‌ പറഞ്ഞു.

തമിഴകത്ത് ആര് വാഴും

അടുത്ത മുഖ്യമന്ത്രി വിജയ് യോ അതോ ഇ പി എസോ? രാഷ്ട്രപതിഭരണവും സാധ്യതയോ? ഈ 3 ചോദ്യങ്ങൾക്ക് 4 ദിവസമായി ഉത്തരം കാത്തിരിക്കുകയാണ് തമിഴകം. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുമെന്നും ഇടതുപാർട്ടികളും വി സി കെയും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ടി വി കെ. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. ഇതിനിടെ വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ വാർത്താക്കുറിപ്പ് ഇറക്കിയതും വെല്ലുവിളിയാണ്. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഡി എം കെ പിന്തുണയോടെ എ ഐ എ ഡി എം കെ സർക്കാരിനുള്ള ചർച്ചകളും സജീവമാണ്.

അതേസമയം ടി വി കെയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്നും 118 എം എൽഎമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സർക്കാർ എങ്ങനെ സാധ്യമാകുമെന്നുമാണ് രാജേന്ദ്ര അർലേക്കർ ചോദിക്കുന്നത്. സി പി എം, സി പി ഐ, മുസ്ലീം ലീഗ്, വി സി കെ പാർട്ടികളുടെ പിന്തുണ പ്രതീക്ഷിക്കുകയാണ് ടി വി കെ സംഘം. 2 എം എൽ എമാരുള്ള 4 പാർട്ടികൾക്കും മന്ത്രിസഥാനവും എൻ ഡി എ കക്ഷികളുമായി ബന്ധപ്പെടില്ലെന്ന ഉറപ്പും നേതാക്കൾ മുന്നോട്ട് വച്ചു. ഇന്നത്തെ നേതൃയോഗത്തിൽ തീരുമാനം പറയാമെന്ന മറുപടിയിൽ പ്രതീക്ഷ വച്ചിരിക്കുകയാണ് ടി വി കെ.