ബിഹാറിൽ 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ആറ് സീറ്റുമായി ദയനീയ പരാജയം നേരിട്ടതോടെയാണ് തൃണമൂൽ കോൺഗ്രസ് ഇന്ത്യ സഖ്യത്തിന്റെ മുൻപന്തിയിലേക്ക് മമതാ ബാനർജിയെ എത്തിക്കാനുള്ള നീക്കം ശക്തമാവുന്നത്
കൊൽക്കത്ത: ബിഹാറിൽ നേരിട്ട വൻ പരാജയത്തിന് പിന്നാലെ ഇന്ത്യ സഖ്യത്തിന്റെ നേതൃ സ്ഥാനത്തേക്ക് എത്തേണ്ടത് മമത ബാനർജിയാണെന്ന് മുതിർന്ന തൃണമൂൽ കോൺഗ്രസ് അംഗം. എൻഡിഎയ്ക്ക് എതിരായ രാഷ്ട്രീയ പോരിൽ ഇന്ത്യ സഖ്യത്തിന്റെ സാരഥിയാവേണ്ടത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണെന്നാണ് മുതിർന്ന നേതാവാണ് കല്യാൺ ബാനർജി വിശദമാക്കുന്നത്. ബിഹാറിൽ 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ആറ് സീറ്റുമായി ദയനീയ പരാജയം നേരിട്ടതോടെയാണ് തൃണമൂൽ കോൺഗ്രസ് ഇന്ത്യ സഖ്യത്തിന്റെ മുൻപന്തിയിലേക്ക് മമതാ ബാനർജിയെ എത്തിക്കാനുള്ള നീക്കം ശക്തമാക്കിയത്. ബിജെപിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ബ്ലോക്കിനെ നയിക്കാൻ അനുയോജ്യ മമത ബാനർജിയാണ്. വരും നാളുകളിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യ സഖ്യത്തിന് ഭാവിയില്ലെന്നാണ് കല്യാൺ ബാനർജി മാധ്യമങ്ങളോട് പ്രതികരിച്ചത്.
2026ൽ സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് നിലവിൽ ശ്രദ്ധിക്കുന്നത്. നാലാം തവണയും തൃണമൂൽ മിന്നുന്ന വിജയം പശ്ചിമ ബംഗാളിൽ നേടുമെന്നാണ് കല്യാൺ ബാനർജി അവകാശപ്പെട്ടത്. ബിജെപിയെ എങ്ങനെ നേരിടണമെന്ന് മമതയ്ക്ക് കൃത്യമായി അറിയാം ഇന്ത്യ ബ്ലോക്കിന് മമതയുടെ നേതൃത്വം സഹായിക്കുമെന്നാണ് തൃണമൂലിന്റെ രാജ്യ സഭാഗം പ്രതികരിച്ചത്. ഇന്ത്യ സഖ്യത്തെ ആര് നയിക്കണമെന്നത് കോൺഗ്രസ് തന്നെ തീരുമാനിക്കണമെന്നാണ് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ സൗഗത റോയി പ്രതികരിച്ചത്.
ദേശീയ തലത്തിലേക്ക് നേതൃസ്ഥാനത്തേക്കുള്ളയാളെ കോൺഗ്രസ് കണ്ടെത്തണം എന്നും അതിനായിരിക്കണം കോൺഗ്രസിന്റെ ശ്രദ്ധയെന്നുമാണ് സൗഗത റോയി വിശദമാക്കിയത്. രാഹുലിന്റെ നേതൃത്വത്തിൽ വിശ്വാസക്കുറവ് തോന്നിയതിനാലാണ് ബിഹാർ നിയമ സഭാ തെരഞ്ഞെടുപ്പിന് തൃണമൂൽ കോൺഗ്രസ് തേജസ്വി യാദവിനായി പ്രചാരണത്തിന് എത്താതിരുന്നതെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധർ നിരീക്ഷിക്കുന്നത്.


