രാഹുലിന്‍റെ അയോഗ്യത: ജനാധിപത്യം അധപതിക്കുന്നെന്ന് മമത, അപലപിച്ച് സീതാറാം യെച്ചൂരി; പ്രതികരിച്ച് നേതാക്കൾ
ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമ്പോൾ പ്രതിപക്ഷ നേതാക്കളെ അയോഗ്യരാക്കുന്നുവെന്ന് മമത ട്വിറ്ററിൽ കുറിച്ചു.

ദില്ലി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി കൊണ്ടുള്ള ലോക്സഭ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെ, നടപടിയെ വിമർശിച്ചും രാഹുലിനെ പിന്തുണച്ചും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'ഇന്ത്യൻ ജനാധിപത്യം അധപതിക്കുന്നു. മോദിയുടെ പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമ്പോൾ പ്രതിപക്ഷ നേതാക്കളെ അയോഗ്യരാക്കുന്നു'വെന്ന് മമത ട്വിറ്ററിൽ കുറിച്ചു.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നടപടിയെ അപലപിച്ചു. ഏകാധിപത്യ നീക്കത്തെ ചെറുത്തുതോൽപ്പിക്കണമെന്ന് യെച്ചൂരി പറഞ്ഞു. അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നതിന്‍റെ മറ്റൊരു തലമെന്നും യെച്ചൂരി ട്വിറ്റർ കുറിപ്പിൽ പറഞ്ഞു.
ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ കഴിയില്ലെന്ന് പാർട്ടി വക്താവ് ജയറാം രമേശ് പറഞ്ഞു. നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്നും ജയറാം രമേശ് വ്യക്തമാക്കി.
രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കോ എന്നാണ് കെ ടി ജലീൽ ഫേസ്ബുക്ക് കുറിപ്പിലെ ചോദ്യം. 2025 ന് മുമ്പ് തന്നെ ഹിന്ദുത്വ രാഷ്ട്രം പിറന്നോ എന്നും പ്രതിഷേധിക്കാൻ വാക്കുകളില്ല എന്നും കെ ടി ജലീൽ പറയുന്നു. നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന് മുസ്ലീം ലീഗ് പ്രതികരിച്ചു. നടപടിയുടെ വേഗം ഞെട്ടിപ്പിക്കുന്നത് എന്നാണ് ശശി തരൂർ എംപിയുടെ പ്രതികരണം.
അയോഗ്യതയിലൊതുങ്ങില്ല? രാഹുലിനെതിരെ ആകെ16 കേസുകൾ, വല വിരിച്ച് ബിജെപി
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി രാഷ്ട്രീയമായും നിയമപരമായും നേരിടും: വിഡി സതീശൻ