വനിതാ ഡോക്ടറുടെ കൊലപാതകം: മോദിക്ക് വീണ്ടും മമതയുടെ കത്ത്, 'സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ കർശന നിയമം വേണം'
ആദ്യ കത്തിന് മറുപടിയില്ലാത്തത് ചോദ്യ ചെയ്താണ് ഇന്ന് രണ്ടാമത്തെ കത്ത് അയച്ചിരിക്കുന്നത്
കൊൽകത്ത: കൊൽകത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കത്തയച്ചു. ആദ്യ കത്തിന് മറുപടിയില്ലാത്തത് ചോദ്യ ചെയ്താണ് ഇന്ന് രണ്ടാമത്തെ കത്ത് അയച്ചിരിക്കുന്നത്. കത്തിലൂടെ താൻ ഉന്നയിച്ച വിഷയത്തിന്‍റെ ഗൗരവം പ്രധാനമന്ത്രി പരിഗണിച്ചില്ലെന്നതടക്കമുള്ള വിമർശനങ്ങൾ മമത ഉന്നയിച്ചിട്ടുണ്ട് രാജ്യത്ത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് അവസാനം കാണാനായി കർശന നിയമം വേണം എന്ന ആവശ്യം മമത വീണ്ടും ഉന്നയിച്ചിട്ടുണ്ട്.
നേരത്തെ മമതയുടെ ആദ്യ കത്തിന് മറുപടി നൽകിയത് കേന്ദ്ര വനിതാ ശിശു വികസന വകുപ്പായിരുന്നു. മറുപടിയിൽ കേന്ദ്രമന്ത്രി അന്നപൂർണ്ണ ദേവി മമതാ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. മന്ത്രിയുടെ ആരോപണങ്ങൾക്കുള്ള മറുപടി അടക്കമാണ് മമത ഇന്ന് രണ്ടാമത്തെ കത്ത് അയച്ചിരിക്കുന്നത്.
അതേസമയം പീഡന കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ അടുത്തയാഴ്ച പശ്ചിമ ബംഗാൾ നിയമസഭ പാസ്സാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ നിയമ ഭേദഗതി ചെയ്യുമെന്നാണ് മമത ബാനര്‍ജി അറിയിച്ചിരിക്കുന്നത്. പാസാക്കുന്ന ബിൽ ഗവർണർക്ക് അയക്കും. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ താൻ കുത്തിയിരിക്കുമെന്നും മമത പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടത്തിയ റാലിയിലായിരുന്നു മമത ബാനർജിയുടെ പ്രഖ്യാപനം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം