മുഖ്യമന്ത്രിയായ ശേഷം മോഹൻയാദവ് ഭൂമി വാങ്ങിയിട്ടില്ലെന്നും 168 ഏക്കർ ഭൂമി സ്വന്തമാക്കിയ ബന്ധുക്കൾക്ക് നല്കാൻ രഹസ്യവിവരങ്ങൾ ഇല്ലായിരുന്നെന്നും ബിജെപി നേതാക്കൾ ന്യായീകരിക്കുന്നത്.

ഭോപ്പാൽ:മധ്യപ്രദേശ് ഭൂമികുംഭകോണ ആരോപണത്തിൽ മുഖ്യമന്ത്രി മോഹൻ യാദവിൻറെ കുടുംബം ഭൂമി വാങ്ങിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരുമകൾ ശാലിനി മോഹൻ യാദവ് മുഖ്യമന്ത്രി ആയ ശേഷവും ഒരു കോടി മുടക്കി ഭൂമി വാങ്ങി.മോഹൻ യാദവിന് ഓഹരിയുള്ള കമ്പനിയും ഭൂമി വാങ്ങിയിരുന്നു. ഉജ്ജയിനിലെ ചില റോഡ് പദ്ധതികൾ മോഹൻ യാദവ് വന്നശേഷം പ്രഖ്യാപിച്ചതെന്നും റിപ്പോർട്ട്. മോഹൻ യാദവിന്റെ ഭൂ സ്വത്ത് 2021നും 2023നും ഇടയിൽ ഇരട്ടിയായെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മുഖ്യമന്ത്രിയും കുടുംബവും ഭൂമി വാങ്ങിക്കൂട്ടിയ മേഖലയിലേക്കാണ് പുതിയതായി റോഡ് പദ്ധതികളും പ്രഖ്യാപിച്ചതെന്നായിരുന്നു ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ ആരോപണം സംസ്ഥാനത്തെ ഒബിസി മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് കോൺഗ്രസ് ഉന്നയിക്കുന്നതെന്നും ബിജെപി വാദിച്ചിരുന്നു.

എന്നാൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കുന്നതാണ് ബിജെപി നിലപാട്. മുഖ്യമന്ത്രിയായ ശേഷം മോഹൻയാദവ് ഭൂമി വാങ്ങിയിട്ടില്ലെന്നും 168 ഏക്കർ ഭൂമി സ്വന്തമാക്കിയ ബന്ധുക്കൾക്ക് നല്കാൻ രഹസ്യവിവരങ്ങൾ ഇല്ലായിരുന്നെന്നും ബിജെപി നേതാക്കൾ ന്യായീകരിക്കുന്നത്. കണ്ടെത്തലുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ എന്തുകൊണ്ടാണ് ഇടപെടാത്തതെന്ന ചോദ്യമാണ് കോൺഗ്രസ് ശക്തമാക്കുന്നത്.അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിന് പിന്നാലെയാണ് ഉജ്ജയിനിലെ ഭൂമികുംഭകോണ ആരോപണം ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്. ക്രമവിരുദ്ധമായി ഒന്നും മുഖ്യമന്ത്രി ചെയ്തിട്ടില്ലെന്നാണ് ബിജെപി വാദം. മുഖ്യമന്ത്രിയോ കുടുംബമോ അധികാരത്തിൽ എത്തിയതിന് ശേഷം ഭൂമി വാങ്ങിയിട്ടില്ലെന്നാണ്ബിജെപി നേതാവ് അമിത് മാളവ്യയുടെ പ്രതികരണം. മോഹൻ യാദവിൻറെ ബന്ധുക്കൾ 2024ലും 2025ലുമായി നൂറ്റിയമ്പത് ഏക്കറിലധികം ഭൂമി വാങ്ങിയിരുന്നു.

വികസന പദ്ധതിയുടെ വിശദാംശങ്ങൾ മോഹൻ യാദവ് മുഖ്യമന്ത്രിയാകും മുമ്പ് തന്നെ പൊതുജനമധ്യത്തിൽ ഉണ്ടായിരുന്നു എന്നാണ് ബിജെപി ന്യായീകരണം. ഭൂമികുംഭകോണം ആർഎസ്എസ് സംരക്ഷണത്തിലാണ് നടത്തിയത് എന്ന് കോൺഗ്രസ് ആഞ്ഞടിച്ചു. വിഷയത്തിൽ ജൂഡീഷ്യൽ അന്വേഷണം എന്ന ആവശ്യമാണ് കോൺഗ്രസ് ശക്തമാക്കുന്നത്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന 2028ലെ സിംഹസ്ഥ മഹാകുംഭമേളയ്ക്ക് മുന്നോടിയായി ഉജ്ജയിനിനെ വൻ തീർഥാടന-വാണിജ്യ കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കുകയാണ്. ഇതിന്റെ ഗുണം ലഭിക്കാവുന്ന പ്രദേശങ്ങളിലാണ് യാദവിന്റെ കുടുംബം ഭൂമി വാങ്ങിക്കൂട്ടിയത്. വിവാദം കത്തിയറുമ്പോഴും മുഖ്യമന്ത്രിയും കുടുംബവും മൌനം തുടരുകയാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം