ബംഗളൂരുവിൽ റേഷൻ വാങ്ങാൻ പോയ യുവതിയെ പിന്തുടർന്ന് ചുംബിക്കുകയും ചുണ്ടിൽ കടിക്കുകയും ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് മറുഫ് ഷെരീഫ് എന്നയാളാണ് അറസ്റ്റിലായത്. 

ബംഗളൂരു: യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചുണ്ടിൽ കടിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ബംഗളൂരുവിലെ ഗോവിന്ദപുരയിലാണ് സംഭവം. റേഷൻ വാങ്ങാൻ പുറത്തിറങ്ങിയ യുവതിയെ മുഹമ്മദ് മറുഫ് ഷെരീഫ് എന്നയാൾ പിന്തുടർന്ന് ശല്യം ചെയ്യുകയും നടുറോഡിൽ വെച്ച് ബലമായി ചുംബിക്കുകയും ചുണ്ടിൽ കടിക്കുകയും ചെയ്യുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ ലൈംഗിക അതിക്രമത്തിനും പൊതു സ്ഥലത്ത് മോശമായി പെരുമാറിയതിനും കേസെടുത്തിട്ടുണ്ട്.

അറസ്റ്റിലായ 28 വയസുകാരനായ മറുഫ് ഷെരീഫിനെ മജിസ്‌ട്രേറ്റ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പക്ഷി വ്യാപാരം നടത്തുന്നയാളാണ് മറുഫ്. പൊലീസ് പറയുന്നതനുസരിച്ച് ഗോവിന്ദപുര സ്വദേശിയായ യുവതി പലചരക്ക് കടയിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ, പിന്തുടർന്നെത്തിയ ഷെരീഫ് മെയിൻ റോഡിന്‍റെ നടുവിൽ വെച്ച് യുവതിയുടെ ചുണ്ടിൽ കടിക്കുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ, യുവതി സ്കൂട്ടറിൽ കടന്നുപോയപ്പോൾ വെള്ളം തെറിച്ച് ദേഹത്ത് വീണത് തനിക്ക് ദേഷ്യം ഉണ്ടാക്കിയെന്നും തുടർന്നാണ് ആക്രമണം നടത്തിയതെന്നും ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ജൂൺ ആറിന് ബംഗളൂരുവിലെ കുക്ക് ടൗണിലെ മിൽട്ടൺ പാർക്കിന് സമീപം രാത്രി ഏഴ് മണിയോടെ സമാനമായ രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കുടുംബത്തോടൊപ്പം നടന്നുപോവുകയായിരുന്ന ഒരു സ്ത്രീയോട് ഒരാൾ മോശമായി പെരുമാറി. മിനിറ്റുകൾക്ക് ശേഷം ഇയാൾ പാർക്കിൽ പ്രവേശിച്ച് മറ്റൊരു യുവതിയെ കെട്ടിപ്പിടിക്കുകയും ചുണ്ടിൽ ബലമായി ചുംബിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ചോദ്യം ചെയ്തപ്പോൾ ആരോടും പറഞ്ഞിട്ട് കാര്യമില്ല എന്ന് പറഞ്ഞ് ഇയാൾ ഓടി രക്ഷപ്പെട്ടു.