റോഡിലെ വലിയ വെള്ളക്കെട്ടിൽ ഇറങ്ങാതിരിക്കാനാണ് സമീപത്തെ ഗേറ്റിൽ പിടിച്ച് നടക്കാൻ യുവാവ് ശ്രമിച്ചത്. എന്നാൽ ഗേറ്റിലൂടെ വൈദ്യുതി പ്രവഹിക്കുകയായിരുന്നു.

ന്യൂഡൽഹി: ഇരുമ്പ് ഗേറ്റിൽ നിന്ന് ഷോക്കേറ്റ് 26 വയസുകാരൻ മരിച്ചു. സെൻട്രൽ ഡൽഹിയിലെ പട്ടേൽ നഗറിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. സിവിൽ സർവീസസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന നിലേഷ് റായ് ആണ് മരിച്ചത്. സൗത്ത് ഡൽഹിയിലെ ഒരു ക്വാർട്ടേഴ്സിൽ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന യുവാവ് ലൈബ്രറിയിൽ നിന്ന് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.

താമസ സ്ഥലത്തിന് സമീപം വലിയ തോതിൽ വെള്ളം കെട്ടിക്കിടന്ന ഒരു സ്ഥലത്ത് വെള്ളത്തിൽ ഇറങ്ങാതിരിക്കാൻ സമീപത്തെ ഗേറ്റിൽ പിടിച്ച് നടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുമ്പ് ഗേറ്റിലൂടെ വൈദ്യുതി പ്രവഹിച്ചത്. പരിസരത്തുണ്ടായിരുന്നവ‍ർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പൊലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. 

ഗേറ്റിന് സമീപം ഒരു ഇലക്ട്രിക് പോസ്റ്റുണ്ടായിരുന്നുവെന്നും അതിൽ നിന്ന് അടുത്തുള്ള വീടുകളിലേക്ക് കണക്ഷൻ നൽകിയിരുന്ന വയറുകൾ ഇൻസുലേഷൻ ഇല്ലാത്ത അവസ്ഥയിലായിരുന്നുവെന്നും യുവാവിന്റെ സുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞു. വയറുകളിൽ നിന്ന് വെള്ളത്തിലേക്ക് വൈദ്യുതി പ്രവഹിച്ചതാവാമെന്നും അങ്ങനെയായിരിക്കാം യുവാവിനെ ഷോക്കേറ്റതെന്നുമാണ് പരിസരത്തുണ്ടായിരുന്ന മറ്റൊരാൾ പറഞ്ഞത്. എന്നാൽ സമീപത്തെ വീട്ടിൽ ഇലക്ട്രിക് മോട്ടോറിൽ നിന്ന് വൈദ്യുതി ചോർച്ചയുണ്ടാവുകയും ഗേറ്റിലേക്ക് വൈദ്യുതി പ്രവഹിക്കുകയും ചെയ്തുവെന്നാണ് ദില്ലിയിൽ വൈദ്യുതി വിതരണം ചെയ്യുന്ന ടാറ്റ പവർ - ഡിഡിഎൽ കമ്പനി വക്താവ് പറഞ്ഞത്.

യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളിൽ ചിലർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശരീരം പൂർണമായി ഗേറ്റിനോട് ചേർന്ന അവസ്ഥയിലായിരുന്നു. പെട്ടെന്ന് ലഭ്യമായ ചില സാധനങ്ങൾ ഉപയോഗിച്ച് യുവാവിനെ ഗേറ്റിൽ നിന്ന് വേർപ്പെടുത്താൻ ശ്രമിച്ചെങ്കിലും കൈയിൽ കെട്ടിയിരുന്ന ചരട് ഗേറ്റിന്റെ ഒരു ഭാഗത്ത് കുടുങ്ങിപ്പോയതിനാൽ അതും വിജയിച്ചില്ല. ആ സമയം യുവാവിന്റെ ജീവൻ നഷ്ടമായിട്ടുണ്ടായിരുന്നില്ലെന്ന് രക്ഷിക്കാൻ ശ്രമിച്ചവർ‍ പറഞ്ഞു.

പരിസരത്തെ താമസക്കാരും കടകളിലുണ്ടായിരുന്നവരും യുവാവിന്റെ സുഹൃത്തുക്കളുമെല്ലാം ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ഇവ‍ർ പറയുന്നു. വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. പൊലീസുകാർ റബ്ബർ ബൂട്ടുകളും ഗ്ലൗസുകളും ധരിച്ചാണ് ഗേറ്റിന് അടുത്തെത്തി ശരീരം വേർപ്പെടുത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് സെൻട്രൽ ഡിസിപി എം ഹർഷ വർദ്ധൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം