മുംബൈയിൽ കനത്ത മഴയ്ക്കിടെ മാൻഹോളിൽ വീണ് ഒരാൾ മരിച്ചു. നിർമ്മാണപ്രവൃത്തിയുടെ ഭാഗമായി തുറന്നുകിടന്ന മാൻഹോളിൽ വീണാണ് അപകടം ഉണ്ടായത്. ഫോണിൽ സംസാരിച്ചുവരുന്നതിനിടെ മാൻഹോളിലേക്ക് വീഴുകയായിരുന്നു. 

മുംബൈ: മുംബൈയിൽ കനത്ത മഴയ്ക്കിടെ റോഡിലെ മാൻഹോളിൽ വീണ് കാൽനടയാത്രക്കാരൻ മരിച്ചു. 60 വയസ്സുള്ള അസ്ലം ഇസാഖ് ഷെയ്ഖിനാണ് ദാരുണാന്ത്യം. നിർമ്മാണപ്രവൃത്തിയുടെ ഭാഗമായി തുറന്നുകിടന്ന മാൻഹോളിൽ വീണാണ് അപകടം ഉണ്ടായത്. ഫോണിൽ സംസാരിച്ചുവരുന്നതിനിടെ തുറന്നുകിടന്ന മാൻഹോളിലേക്ക് യാത്രക്കാരൻ വീഴുകയായിരുന്നു. രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

സാകിനക മേഖലയിൽ ഖൈരാനി റോഡിലുള്ള സൻമാൻ ഹോട്ടലിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 12:26നാണ് സംഭവം. ഫോണിൽ സംസാരിച്ചുവരികയായിരുന്ന കാൽനടയാത്രക്കാരൻ തുറന്നുകിടന്ന മാൻഹോളിൽ വീഴുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് മാൻഹോളിൽ ഗോവണി ഇറക്കി തെരച്ചിൽ നടത്തിയെങ്കിലും അപകടത്തിൽപെട്ടയാളെ കണ്ടെത്താനായില്ല. സംഭവസ്ഥലത്തുനിന്ന് ഇയാളുടെ ചെരുപ്പും കുടയും കണ്ടെത്തി.

ഫയർ ഫോഴ്സിൻ്റെയും പൊലീസിൻ്റെയും നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. നിർമ്മാണപ്രവൃത്തിയുടെ ഭാഗമായി മാൻഹോൾ തുറന്നുവെച്ചതാണ് കാൽനടയാത്രക്കാരൻ്റെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. സംഭവത്തിൽ കരാറുകാരനെതിരെ കേസെടുക്കുമെന്ന് ബൃഹൺമുംബൈ മുനിസിപ്പൽ കോർപറേഷൻ ഡെപ്യൂട്ടി മേയർ സഞ്ജയ് ഗാഡി അറിയിച്ചു.

ഇക്കഴിഞ്ഞ രണ്ടു ദിവസം മുൻപ് മുംബൈയിലെ ചെമ്പൂർ മേഖലയിൽ മരം കടപുഴകി ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് മുകളിൽ വീണ് 11കാരൻ മരണപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് മറ്റൊരു അപകടം കൂടി ഉണ്ടാകുന്നത്.

അതേസമയം മുംബൈയിൽ വ്യാഴാഴ്ചയും കനത്ത മഴ തുടരുകയാണ്. ദാദർ, പരേൽ, ഹിന്ദ്മാത, ചാർകോപ്, വോർളി, അന്ധേരി അടക്കം നഗരത്തിൻ്റെ പ്രധാന മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ, പലയിടങ്ങളിലും 200 മില്ലിമീറ്ററിലധികം മഴയാണ് പെയ്തിറങ്ങിതെന്നാണ് ബൃഹൺമുംബൈ മുനിസിപ്പൽ കോർപറേഷൻ കണക്ക്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും നഗരത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.