യുവാവ് ഭാര്യയുടെ സഹോദരിക്കൊപ്പം ഒളിച്ചോടിയപ്പോൾ ഭാര്യയുടെ സഹോദരൻ യുവാവിന്‍റെ സഹോദരിക്കൊപ്പം ഒളിച്ചോടി. നാടകീയമായ സംഭവ വികാസങ്ങൾക്കൊടുവിൽ, വിഷയം പൊലീസ് സ്റ്റേഷനിൽ എത്തി
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ നിന്ന് അൽപ്പം സങ്കീർണമായ ഒളിച്ചോട്ട വാർത്ത പുറത്തുവന്നു. യുവാവ് ഭാര്യയുടെ സഹോദരിക്കൊപ്പം ഒളിച്ചോടിയപ്പോൾ ഭാര്യയുടെ സഹോദരൻ യുവാവിന്‍റെ സഹോദരിക്കൊപ്പം ഒളിച്ചോടി. നാടകീയമായ സംഭവ വികാസങ്ങൾക്കൊടുവിൽ, വിഷയം പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ബന്ധുക്കൾ ഇടപെട്ട് സമവായത്തിലൂടെ പരിഹരിച്ചെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കമലുപ്പൂർ ഗ്രാമത്തിലാണ് സംഭവം. ആറ് വർഷം മുൻപ് വിവാഹിതനായ, രണ്ട് കുട്ടികളുടെ അച്ഛനായ 28കാരനായ കേശവ് 19 വയസ്സുകാരിയായ ഭാര്യാ സഹോദരിയുമായി ഓഗസ്റ്റ് 23നാണ് ഒളിച്ചോടിയത്. തൊട്ടടുത്ത ദിവസം തന്നെ യുവാവിന്‍റെ ഭാര്യയുടെ സഹോദരനായ 22കാരൻ രവീന്ദ്ര, കേശവിന്‍റെ 19 വയസ്സുകാരിയായ സഹോദരിയുമായി ഒളിച്ചോടി.
ഈ രണ്ട് ഒളിച്ചോട്ടങ്ങൾ ഇരു കുടുംബങ്ങളെയും ഞെട്ടിച്ചു. നവാബ്ഗഞ്ച് പൊലീസിൽ പരാതിയെത്തി. അന്വേഷണത്തിനൊടുവിൽ സെപ്റ്റംബർ 14, 15നാണ് ദമ്പതികളെ കണ്ടെത്തിയതെന്ന് നവാബ്ഗഞ്ച് എസ്എച്ച്ഒ അരുൺ കുമാർ ശ്രീവാസ്തവ പറഞ്ഞു. തുടർന്ന് കുടുംബങ്ങൾ സ്റ്റേഷനിൽ വച്ച് പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചു. പരസ്പരം ഏറ്റുമുട്ടുന്നതിന് പകരം അനുരഞ്ജനത്തിന്റെ പാതയാണ് ഇരു കുടുംബങ്ങളും തെരഞ്ഞെടുത്തത്. ദമ്പതികളെ അവരുടെ ഇഷ്ടത്തിന് വിടാൻ രണ്ട് കുടുംബങ്ങളും സമ്മതിച്ചു. ഇതോടെ കേസ് അവസാനിപ്പിച്ചെന്ന് എസ്എച്ച്ഒ പറഞ്ഞു.


