ജർമ്മനിയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്ത് ജിയോ സിം റീആക്ടിവേറ്റ് ചെയ്യേണ്ടി വന്ന യുവാവിന്റെ ദുരിതപൂർണമായ അനുഭവം. മുന്നറിയിപ്പോ ഗ്രേസ് പിരീഡോ ഇല്ലാതെ സിം ഡീആക്ടിവേറ്റ് ചെയ്തെന്നും യുവാവ് പരാതിപ്പെടുന്നു.
ദില്ലി: തൻ്റെ ജിയോ സിം കാർഡ് റീആക്ടിവേറ്റ് ചെയ്യാനായി ജർമ്മനിയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ടി വന്നുവെന്ന് ഒരു യുവാവിൻ്റെ റെഡ്ഡിറ്റ് പോസ്റ്റ് വൈറലാകുന്നു. ദുരിതപൂർണവും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയതുമായ അനുഭവമാണ് യുവാവ് 'r/LegalAdviceIndia' എന്ന റെഡ്ഡിറ്റ് കമ്മ്യൂണിറ്റിയിൽ പങ്കുവെച്ചത്. വിദേശത്തായിരിക്കുമ്പോൾ തനിക്ക് ജിയോ പ്രീപെയ്ഡ് നമ്പറുമായി ബന്ധപ്പെട്ട് നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് വ്യക്തത തേടുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.
ജൂൺ 12ന് താൻ ജർമ്മനിയിലായിരിക്കുമ്പോൾ തൻ്റെ സിം ഡീആക്ടിവേറ്റ് ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം വിശദീകരിച്ചു. "ആറ് മാസത്തിലധികമായി എൻ്റെ സിം കാർഡ് പ്രവർത്തനരഹിതമായിരുന്നുവെന്ന് ഞാൻ സമ്മതിക്കുന്നു, അതിനാൽ അവർക്ക് അത് ഡീആക്ടിവേറ്റ് ചെയ്യാൻ എല്ലാ അവകാശവുമുണ്ട്. പക്ഷേ, ഇതിനെക്കുറിച്ച് ഔദ്യോഗിക എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ എന്നെ മുൻകൂട്ടി അറിയിച്ചില്ല" യുവാവ് കുറിച്ചു.
ട്രായ് (TRAI) നിയമങ്ങളും ജിയോയുടെ സ്വന്തം നിബന്ധനകളും വ്യവസ്ഥകളും പ്രകാരം, സിം ഡീആക്ടിവേറ്റ് ചെയ്യുന്നതിന് മുൻപ് ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയിപ്പും കുറഞ്ഞത് 20 രൂപയുടെ റീചാർജ് ചെയ്ത് റീആക്ടിവേറ്റ് ചെയ്യാൻ 15 ദിവസത്തെ ഗ്രേസ് പിരീഡും നൽകണമെന്നാണ് യുവാവിന്റെ വാദം. തന്റെ കാര്യത്തിൽ, സിം ജൂൺ 11 വരെ പ്രവർത്തനക്ഷമമായിരുന്നു (ഇതിൻ്റെ എസ്എംഎസ് തെളിവുണ്ട്), എന്നാൽ അടുത്ത ദിവസം ഒരു മുന്നറിയിപ്പോ ഗ്രേസ് പിരീഡോ ഇല്ലാതെ അത് വിച്ഛേദിക്കപ്പെട്ടു. ഡീആക്ടിവേഷനെക്കുറിച്ച് ഒരു അറിയിപ്പും ലഭിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ജിയോ കെയർ, ഗ്രീവൻസ് ഓഫീസർ, ട്രായ് എന്നിവരുമായി ഇമെയിൽ, സോഷ്യൽ മീഡിയ, ഉപഭോക്തൃ ഹെൽപ്പ് ലൈനുകൾ എന്നിവ വഴി ആവർത്തിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തൻ്റെ ചോദ്യങ്ങളെ അവഗണിക്കുന്ന ഓട്ടോമേറ്റഡ് ടെംപ്ലേറ്റുകൾ മാത്രമാണ് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. തൻ്റെ ഗ്രേസ് പിരീഡിനെക്കുറിച്ചുള്ള ചോദ്യത്തിന് ജിയോ ഒരിക്കലും മറുപടി നൽകിയില്ലെന്ന് അദ്ദേഹം പറഞ്ഞു. "എനിക്ക് ലഭിച്ച ഒരേയൊരു വ്യക്തമായ മറുപടി, 2025 സെപ്റ്റംബർ 9 വരെ സിം റീആക്ടിവേറ്റ് ചെയ്യാൻ എനിക്ക് സമയമുണ്ടെന്നും, എന്നാൽ അതിന് ഇന്ത്യയിൽ നേരിട്ട് ഹാജരാകേണ്ടതുണ്ടെന്നുമായിരുന്നു," യുവാവ് അവകാശപ്പെട്ടു.
ഇതിനിടെ ട്രായ് നൽകിയ അപ്പലേറ്റ് അതോറിറ്റിയുടെ ഇമെയിൽ ഒരു ജിയോ ഫൈബർ ഹെൽപ്പ് ഡെസ്കിലേക്കാണ് റീഡയറക്ട് ചെയ്തതെന്നും, അത് തൻ്റെ പരാതി രജിസ്റ്റർ ചെയ്യുകയോ അപ്പീൽ നമ്പർ നൽകുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. 2012-ലെ ടെലികോം കൺസ്യൂമേഴ്സ് കംപ്ലയിൻ്റ് റിഡ്രസൽ റെഗുലേഷൻസ് പാലിക്കുന്നതിൽ ഇത് സംശയമുണ്ടാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒടുവിൽ തന്റെ നമ്പർ റീആക്ടിവേറ്റ് ചെയ്യുന്നതിനായി ജർമ്മനിയിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനം കയറേണ്ടി വന്നു. ഇത് എനിക്ക് ശമ്പള നഷ്ടവും യാത്രാച്ചെലവും ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിയോയുടെ നടപടികൾ ട്രായ് മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണോ എന്നും മുന്നറിയിപ്പില്ലാതെ ഗ്രേസ് പിരീഡ് ഒഴിവാക്കിയത് നിയമപരമാണോ എന്നും ചോദിച്ചുകൊണ്ടാണ് അദ്ദേഹം തൻ്റെ പോസ്റ്റ് അവസാനിപ്പിച്ചത്. ഈ പോസ്റ്റ് ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. "എങ്ങനെയാണ് നിങ്ങളുടെ സിം ആറ് മാസത്തേക്ക് പ്രവർത്തനക്ഷമമായിരുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരു സിമ്മിൽ കോളോ, എസ്എംഎസോ, ഡാറ്റയോ ഇല്ലെങ്കിൽ 90 ദിവസത്തിന് ശേഷം അത് ക്ലോസ് ചെയ്യാം," ഒരു ഉപയോക്താവ് പ്രതികരിച്ചു. അതേസമയം, മറ്റൊരു ഉപയോക്താവ്, "ഞാനിപ്പോൾ ജർമ്മനിയിലുണ്ട്, എൻ്റെ ജിയോ സിം ഇവിടെയുണ്ട്. ഇവിടെ എസ്എംഎസ് ലഭിക്കുന്നുണ്ട്," എന്നും അഭിപ്രായപ്പെട്ടു. ട്രായ്‍യോ ജിയോയോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.


