മകന്റെ സംസ്കാരം നടത്തി മടങ്ങുമ്പോഴും ആ നഷ്ടം ഉൾക്കൊള്ളാൻ ആ പിതാവിന് കഴിഞ്ഞിരുന്നില്ല. എന്നാൽ മറ്റൊരു വേദന കൂടി തന്നെ കാത്തിരിക്കുന്നുവെന്ന് ശ്മശാനത്തിൽ നിന്ന് മടങ്ങിയ അതർ സിം​ഗ് കരുതിക്കാണില്ല...

ദില്ലി: കൊവിഡ് ബാധിച്ച് നിരവധി പേരാണ് ഓരോ ദിവസവും മരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ​ഗ്രേറ്റർ നോയിഡയിലെ ജലാൽപൂർ ​ഗ്രാമത്തിൽ‌ നിന്ന് പുറത്തുവരുന്നത് അതിദയനീയമായ റിപ്പോർട്ടുകളാണ്. ജലാൽപൂർ സ്വദേശിയായ അതർ സിം​ഗിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത് മണിക്കൂറുകൾക്കുള്ളിലാണ്. രണ്ട് മക്കളെയാണ് ഒരേ ദിവസം തന്നെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അതർ സിം​ഗിന് നഷ്ടമായത്. 

സിം​ഗിന് ചൊവ്വാഴ്ച മകൻ പങ്കജിനെ നഷ്ടമായി. ദുഃഖാർദ്രരായ ബന്ധുക്കൾക്കൊപ്പം മകന്റെ സംസ്കാരം നടത്തി മടങ്ങുമ്പോഴും ആ നഷ്ടം ഉൾക്കൊള്ളാൻ ആ പിതാവിന് കഴിഞ്ഞിരുന്നില്ല. എന്നാൽ മറ്റൊരു വേദന കൂടി തന്നെ കാത്തിരിക്കുന്നുവെന്ന് ശ്മശാനത്തിൽ നിന്ന് മടങ്ങിയ അതർ സിം​ഗ് കരുതിക്കാണില്ല. വീടെത്തിയപ്പോഴേക്കും മറ്റൊരു മകൻ ദീപക്കിനെയും ആ കുടുംബത്തിന് നഷ്ടപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ രണ്ട് മക്കളുടെ സംസ്കാരമാണ് ആ കുടുംബം നടത്തിയത്. 

14 ദിവസത്തിനിടെ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത് 18 പേരാണ്. ഇതിൽ ആറ് സ്ത്രീകളും ഉൾപ്പെടും. ഏപ്രിൽ 28നാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. ആദ്യം മരിച്ചയാൾക്ക് പനിയാണ് ഉണ്ടായത്. പിന്നെ ഓക്സിജന്റെ അളവ് കുറയുകയും മരണം സംഭവിക്കുകയുമായിരുന്നു. കുറഞ്ഞ ദിവസത്തിനുള്ളിൽ ഇത്രയും മരണം സംഭവിച്ചതോടെ ഭയന്നിരിക്കുകയാണ് ​ഗ്രാമവാസികൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona