മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോയ ഇൻ്റിഗോ വിമാനത്തിൽ യാത്രക്കാരന് മർദ്ദനമേറ്റു
കൊൽക്കത്ത: ഇൻ്റിഗോ വിമാനത്തിൽ സഹയാത്രികനെ മർദ്ദിച്ച യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പറക്കാനിരുന്ന വിമാനത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. പാനിക് അറ്റാക് നേരിട്ട യാത്രക്കാരനാണ് വിമാനത്തിനകത്ത് വച്ച് മർദ്ദനമേറ്റത്.
ഇന്റിഗോയുടെ 6E138 എയർബസ് എ321 ലാണ് ഈ സംഭവം നടന്നത്. ഹുസൈൻ അഹമ്മദ് മസുംദാർ എന്ന യാത്രക്കാരനാണ് മർദ്ദനമേറ്റത്. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനം കൊൽക്കത്തയിലെത്തിയതിന് പിന്നാലെ ഇദ്ദേഹത്തെ മർദ്ദിച്ച യാത്രക്കാരനെ കൊൽക്കത്ത ബിധാനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച ശേഷം വിട്ടയക്കുകയും ചെയ്തു.
സംഭവത്തെ കുറിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനെ ഇൻ്റിഗോ വിവരം അറിയിച്ചിട്ടുണ്ട്. യാത്രക്കാരൻ്റെ മോശം പെരുമാറ്റം അംഗീകരിക്കാനാവാത്തതെന്ന് ഇൻ്റിഗോ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. പ്രതിയെ വിമാനത്തിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കുന്നതടക്കം നടപടികൾക്ക് സാധ്യതയുണ്ട്.
അതേസമയം മർദ്ദനമേറ്റ ഹുസൈൻ അഹമ്മദ് മസുംദാറിനെ കാണാനില്ലെന്ന് കുടുംബം പരാതി ഉയർത്തിയിട്ടുണ്ട്. ആക്രമണത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തെ കാണാതായതെന്നാണ് വിവരം. മുംബൈയിലെ ജിമ്മിലെ ജീവനക്കാരനായ ഇദ്ദേഹം കചാർ ജില്ലയിലെ കതിഗോര ഗ്രാമത്തിലെ വീട്ടിലേക്ക് അവധിക്ക് വരികയായിരുന്നു. പ്രതിക്കെതിരെ വിമാനത്തിലെ ജീവനക്കാരും സഹയാത്രികരും സംഭവം നടന്നയുടൻ രംഗത്ത് വന്നിരുന്നു.
നാട്ടിലെത്താൻ കൊൽക്കത്തയിൽ നിന്ന് സിൽചറിലേക്കുള്ള കണക്ഷൻ വിമാനത്തിൽ ഹുസൈൻ അഹമദ് മസുംദാർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ അദ്ദേഹം ഈ വിമാനത്തിൽ കയറിയില്ല. ഇദ്ദേഹത്തെ ഫോണിലും ബന്ധപ്പെടാനാവുന്നില്ല. ഹുസൈനെ കരുതൽ തടങ്കലിൽ വച്ചിരിക്കുകയാണോ, വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയതാണോ, അന്വേഷണ വിധേയമായി വിമാനത്താവളത്തിൽ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണോ എന്നൊന്നും വ്യക്തമല്ല.

