സുമലത അടക്കം നിരവധി പ്രമുഖർ ബിജെപിയിൽ ചേരുമെന്ന് കർണാടക മന്ത്രി ആർ അശോക പറഞ്ഞു. അമിത് ഷായുടെ കർണാടക സന്ദർശത്തിനിടെ ഈ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ബിജെപി കർണാടക നേതൃത്വം പ്രതികരിച്ചു.
ദില്ലി: തെരഞ്ഞെടുപ്പ് അടുത്തിരിക്കേ നടിയും കർണാടകത്തില്‍ മാണ്ഡ്യ എം പിയും നടിയുമായ സുമലത അംബരീഷിനെ (Sumalatha Ambareesh) ഒപ്പമെത്തിക്കാനുള്ള നീക്കങ്ങള്‍ സജ്ജീവമാക്കി ബിജെപി (BJP). അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശനത്തിനിടെ സുമലത അടക്കം നിരവധി പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്ന് മന്ത്രി ആര്‍ അശോക വ്യക്തമാക്കി. സുമലതയുടെ മകന്‍ അഭിഷേക് അംബരീഷിന്‍റെ രാഷ്ട്രീയ പ്രവേശനവും ചര്‍ച്ചയായി.
അടുത്ത മാസം മൂന്നിനാണ് അമിത് ഷാ കര്‍ണാടകയിലെത്തുന്നത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കള്‍ വിലയിരുത്താനുള്ള സന്ദര്‍ശത്തിനിടെ നിര്‍ണായക കൂടിക്കാഴ്ചകള്‍ക്കാണ് കളമൊരുങ്ങുന്നത്. കോണ്‍ഗ്രസ് ജെഡിഎസ്സ് ശക്തികേന്ദ്രമായിരുന്ന മാണ്ഡ്യയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച സുമലതയെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്തിനാണ് നീക്കം. സംസ്ഥാന നേതൃത്വം സുമലതയുമായി ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് അഭ്യൂഹങ്ങളുണ്ട്. സുമതലയുടെ മകന്‍ അഭിഷേക് അംബരീഷിന്‍റെ ബിജെപി പ്രവേശനവും ചര്‍ച്ചയായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ അഭിഷേകിന് ടിക്കറ്റ് നല്‍കുന്ന കാര്യവും ബിജെപി നേതൃത്വം പരിഗണിക്കുന്നുണ്ട്.
മണ്ഡ്യയിൽ നിന്ന് ബിജെപി പിന്തുണയോടെ ജയിച്ച സുമലതയെ നേരത്തെ യെദ്യൂരപ്പയെയും എസ് എം കൃഷ്ണയെയും കണ്ടിരുന്നു. സുമലതയുടെ പാര്‍ട്ടി പ്രവേശനം മാണ്ഡ്യയില്‍ കോണ്‍ഗ്രസ് ജെഡിഎസ്സ് പതനം പൂര്‍ണമാക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. കോണ്‍ഗ്രസ് നേതൃത്വവും സുമലതയുമായി കൂടിക്കാഴ്ചകള്‍ക്ക് ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. സുമലതയക്കൊപ്പം ജെഡിഎസ്സിലെയും കോണ്‍ഗ്രസിലെയും പ്രമുഖ നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് സംസ്ഥാന നേതൃത്വം അവകാശപ്പെട്ടു. മാണ്ഡ്യയില്‍ വിപുലമായ പരിപാടികളുമായി സുമലതയുടെ പാര്‍ട്ടി പ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ നേതൃത്വം തുടങ്ങിയിട്ടുണ്ട്. യാഷ്, ദര്‍ശന്‍, വെങ്കടേഷ് അടക്കം കന്നഡ് സിനിമയിലെ മിന്നും താരങ്ങള്‍ സുമലതയ്ക്കായി പ്രചാരണ രംഗത്തുണ്ടായിരുന്നു. സുമതലയിലൂടെ കന്നഡ സിനിമയിലെ പിന്തുണകൂടി ഉറപ്പിക്കാനാകുമെന്ന വിലയിരുത്തലിലാണ് ബിജെപി.
ജെഡിഎസ് കോട്ടയായിരുന്ന മാണ്ഡ്യയില്‍ ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാണ് സുമലത അട്ടിമറി വിജയം നേടിയത്. കർണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെയായിരുന്നു സുമലത തോല്‍പിച്ചത്. നിഖിൽ കുമാരസ്വാമിയെ 1,25,876 വോട്ടുകൾക്കാണ് സുമലത പരാജയപ്പെടുത്തിയത്. ഭര്‍ത്താവ് അംബരീഷിന്റെ പ്രഭാവത്തില്‍ മാത്രം വിശ്വസിച്ചാണ് സുമലത തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സുമലതയുടെ വിജയത്തിന് ബിജെപിയുടെ പിന്തുണയും പ്രധാന കാരണമായി വിലയിരുത്തുന്നു.
മാണ്ഡ്യയില്‍ സുമലത സ്വാധീനമുറപ്പിക്കുന്നതില്‍ പ്രാദേശിക ബിജെപി നേതാക്കൾക്ക് അമർഷമുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മകന്‍ അഭിഷേകിനെ മല്‍സരിപ്പിക്കാന്‍ സുമലത പദ്ധതിയിടുന്നെന്നും നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു.
