മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കനത്ത പ്രതിഷേധം നടന്നിരുന്ന മംഗളൂരു തുടര്‍ച്ചയായ രണ്ടാം ദിവസവും പൊലീസിന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിഷേധം രൂക്ഷമായ മംഗളൂരുവിലെ തെരുവുകളില്‍ ഇപ്പോള്‍ പൊലീസുകാര്‍ മാത്രമാണുള്ളത്. തിരിച്ചറിയൽ  കാർഡില്‍ ഉള്ളവരെ മാത്രം പരിശോധിച്ചാണ് നഗരത്തിലേക്ക് പൊലീസ് കടത്തിവിടുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ നഗരത്തിലെത്തിയിരുന്നു. കർഫ്യൂവും ഇന്‍റര്‍നെറ്റ് നിരോധനവും മംഗളൂരുവില്‍ തുടരുകയാണ്. 

കർഫ്യൂ അവസാനിക്കുന്ന ഞായറാഴ്ച വരെ മംഗളൂരുവിൽ കടക്കരുതെന്നാണ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പൊലീസിന്‍റെ നോട്ടീസ്. എന്നാല്‍ ധൈര്യമുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യാനായിരുന്നു സിദ്ധരാമയ്യയുടെ വെല്ലുവിളി. പൊലീസ് വെടിവെപ്പിൽ ജുഡീഷ്യൽ അന്വേഷണമാണ് സിദ്ധരാമയ്യ ആവശ്യപ്പെടുന്നത്. അതേസമയം കർഫ്യു ലംഘിച്ച് പ്രതിഷേധം നടത്തിയതിന് മംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്ത ബിനോയ് വിശ്വത്തെയും സിപിഐ പ്രവർത്തകരെയും മംഗളൂരു പൊലീസ് വിട്ടയച്ചു. പ്രതിഷേധം സംഘടിപ്പിക്കുന്നതിനായി സിപിഐയുടെ നേതൃത്വത്തില്‍ ബിനോയ് വിശ്വം അടക്കം അമ്പതോളം പേർ ഇന്നലെത്തന്നെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിയിരുന്നു. 

രാവിലെ 11 മണിക്കാണ് ബിനോയ് വിശ്വവും സംഘവും മംഗളുരു നഗരത്തിൽ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. കർണാടക മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും നഗരത്തിലെത്തിയതിനാൽ പൊലീസ് സ്ഥലത്ത് കുറവായിരുന്നു. കൂടുതൽ പൊലീസ് എത്തി പതിനൊന്നരയോടെ ഇവരെ കസ്റ്റഡിയിലെടുത്ത് ബാർക്കെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വൈകുന്നേരം മൂന്നരയോടെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കേരള പൊലീസിന് കൈമാറുകയായിരുന്നു.  നാലുമണിക്കൂറിന് ശേഷമാണ് ഇവരെ മഞ്ചേശ്വരം പൊലീസിന് കൈമാറിയത്. 

കർഫ്യൂ തുടരുന്നതിനാൽ കേരളത്തിൽ നിന്നടക്കമുള്ള വാഹനങ്ങൾ ഇന്നും കര്‍ണാടക അതിർത്തിയിൽ പൊലീസ് തടഞ്ഞു. അതേസമയം നിരോധനാജ്ഞ തുടരുന്ന മംഗളൂരു നഗരത്തിലും ദക്ഷിണ കന്നഡ ജില്ലയിലും കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സർക്കാർ നീക്കം തുടങ്ങി. വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി മംഗളുരു ബമ്പ്‍വെൽ സർക്കിളിൽ കര്‍ണാടക പൊലീസും വിദ്യാഭ്യാസ സ്ഥാപനങ്ങളും എത്തിക്കും. ഇവിടെ നിന്നും പ്രത്യേക കെഎസ്‍ആര്‍ടിസി ബസുകളിൽ പൊലീസ് സുരക്ഷയിൽ കാസര്‍ഗോഡ് എത്തിക്കാനാണ് തീരുമാനം.