Asianet News MalayalamAsianet News Malayalam

ആ 'ഷാ ജി' അമിത് ഷാ ആണെങ്കിൽ ഉടൻ അറസ്റ്റ് ചെയ്യണം; തെലങ്കാന ഓപറേഷന്‍ താമരയില്‍ ബിജെപിക്കെതിരെ എഎപി

ബിജെപിയിലേക്ക് മാറാൻ തെലങ്കാന രാഷ്ട്ര സമിതി എംഎൽഎമാർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ച സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി സിസോദിയ എത്തിയത്.

Manish Sisodia asked to arrest Amit shah on Telengana poaching controversy
Author
First Published Oct 29, 2022, 7:53 PM IST

ദില്ലി: തെലങ്കാന എംഎൽഎമാരെ വിലയ്ക്കുവാങ്ങാൻ ബിജെപി ശ്രമിച്ചെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ  അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു. നേരത്തെ ദില്ലിയിലും പഞ്ചാബിലുമടക്കം എട്ട് സംസ്ഥാനങ്ങളിൽ ബിജെപി എംഎൽമാരെ ചാക്കിട്ടുപിടിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. തെലങ്കാനയിൽ ബിജെപി വൃത്തികെട്ട കളി കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

ബിജെപിയിലേക്ക് മാറാൻ തെലങ്കാന രാഷ്ട്ര സമിതി എംഎൽഎമാർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ച സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി സിസോദിയ എത്തിയത്. ഓഡിയോ സന്ദേശത്തിൽ ഒരു ഷാജിയെക്കുറിച്ച് പരാമർശമുണ്ടെന്നും ഷാ ജി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും സിസോദിയ ആവശ്യപ്പെട്ടു. ഇടനിലക്കാർ എം‌എൽ‌എയെ വിലക്ക് വാങ്ങുകയും രാജ്യത്തെ ആഭ്യന്തര മന്ത്രിക്ക് പങ്കുണ്ടാകുകയും ചെയ്താൽ രാജ്യത്തിനും വളരെ അപകടകരമാണെന്ന് സിസോദിയ പറഞ്ഞു. ദില്ലിയിലും ബിജെപി ഓപ്പറേഷൻ താമര പരീക്ഷിച്ചെന്ന് സംഭാഷണത്തിൽ പറയുന്നു. ദില്ലിയിലെ 43 ആം ആദ്മി പാർട്ടി എംഎൽഎമാരെ ബിജെപിയിലേക്ക് മാറാൻ പ്രേരിപ്പിച്ചെന്നും സിസോദിയ അവകാശപ്പെട്ടു.
എംഎൽഎമാരെ വാങ്ങാൻ നിങ്ങൾ 1,075 കോടി രൂപ സമാഹരിച്ചു. ഇത് ആരുടെ പണമാണ്. എവിടെ നിന്ന് വന്നു. പണത്തിന്റെ ഉറവിടം കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ചുമതലപ്പെടുത്തണമെന്നും സിസോദിയ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തെലങ്കാന എംഎൽഎമാരെ ബിജെപിയിലേക്കെത്തിക്കാനെന്ന തരത്തിൽ നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നത്. തുടർന്ന് പൊലീസ് നടപടിയെടുത്തു. നിർണായകമായ മുനുഗോട് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് ബിആർഎസ് നിയമസഭാംഗങ്ങളെ കൂറുമാറാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ബുധനാഴ്ച രാത്രി മൂന്ന് പേരെ തെലങ്കാന പൊലീസ് പിടികൂടിയത്. എന്നാൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി  അഴിമതി വിരുദ്ധ ബ്യൂറോ കോടതിയുടെ ഉത്തരവിനെ തുടർന്ന് പൊലീസ് ഇവരെ വിട്ടയച്ചു. 

 ഫാം ഹൗസിൽ നടന്ന ചർച്ചയിൽ ഒരു പ്രധാന നേതാവിന് 100 കോടി രൂപ വാഗ്ദാനം ചെയ്തതായി പൊലീസ് പറഞ്ഞു. ഭാരതീയ രാഷ്ട്ര സമിതിയുടെ ഒരു എം‌എൽ‌എ നൽകിയ സൂചനയെത്തുടർന്ന് റെയ്ഡ് നടത്തുകയും ചെയ്തു. പ്രധാന ടിആര്‍എസ് നേതാവിന് 100 കോടി രൂപയും ഓരോ എംഎൽഎമാർക്കും 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായാണ് വിവരം. ബിആർഎസ് എംഎൽഎമാരെ തങ്ങളുടെ പാർട്ടി സമീപിച്ചതായി അറിവില്ലെന്ന് തെലങ്കാനയിലെ ബിജെപി നേതൃത്വം പറയുന്നത്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കടക്കുന്നതിന്‍റെ ഭാഗമായി ഈ മാസം ആദ്യം ടിആർഎസ് അതിന്റെ പേര് ഭാരത് രാഷ്ട്ര സമിതി എന്നാക്കി മാറ്റിയിരുന്നു.

Follow Us:
Download App:
  • android
  • ios