പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ഒരു വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഞ്ചാബിൽ താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ലെന്നും കെജ്‍രിവാൾ സ്ഥിരീകരിച്ചു. കോൺ​ഗ്രസിനൊപ്പം ശിരോമണി അകാലി ദളിനെയും അദ്ദേഹം രൂക്ഷഭാഷയിൽ വിമർശിച്ചു

മൊഹാലി: പഞ്ചാബ് കോൺ​ഗ്രസിന്റെ കുറഞ്ഞത് 25 എംഎൽഎമാർ എങ്കിലും ആം ആദ്മി പാർട്ടിയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. എന്നാൽ, കോൺ​ഗ്രസിന് പോലും ഉപയോ​ഗമില്ലാത്ത അവരെ പാർട്ടിയിലെടുക്കാൻ തനിക്ക് താത്പര്യമില്ലെന്നും കെജ്‍രിവാൾ തുറന്നടിച്ചു. അതേസമയം, നവജ്യോത് സിം​ഗ് സിദ്ദു ഈ പറഞ്ഞ എംഎൽഎമാരിൽ ഉൾപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ആം ആദ്മി പാർട്ടി കൺവീനറുടെ മറുപടി ചിരിയായിരുന്നു. കോൺ​ഗ്രസിൽ നിന്നുള്ള ഒരുപാട് പേർ പാർട്ടിയുമായി ബന്ധപ്പെടുന്നുണ്ട്.

എന്നാൽ, ഉപയോ​ഗശൂന്യമായവരെ ആവശ്യമില്ല. ഇത്തരത്തിൽ ​ഗുണമില്ലാത്തവരെ എടുക്കാൻ ആണെങ്കിൽ ഇന്ന് വൈകുന്നേരത്തോടെ കോൺ​ഗ്രസിൽ നിന്നുള്ള 25 എംഎൽഎമാരും മൂന്നിൽ രണ്ട് എംപിമാരും ആം ആദ്മിയിലെത്തുമെന്നും കെജ്‍രിവാൾ പറഞ്ഞു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ഒരു വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഞ്ചാബിൽ താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ലെന്നും കെജ്‍രിവാൾ സ്ഥിരീകരിച്ചു. കോൺ​ഗ്രസിനൊപ്പം ശിരോമണി അകാലി ദളിനെയും അദ്ദേഹം രൂക്ഷഭാഷയിൽ വിമർശിച്ചു.

ഇപ്പോഴത്തെ സർക്കാർ പൊതുഖജനാവിൽ പണമില്ലെന്ന് പറഞ്ഞ് വിലപിക്കുകയാണ്. ആരാണ് പണമില്ലാതാക്കിയതെന്നായിരുന്നു ആം ആദ്മി നേതാവിന്റെ ചോദ്യം. അതേസമയം, പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നുള്ള സര്‍വേ പ്രവചനം അടുത്തിടെ പുറത്ത് വന്നിരുന്നു. എബിപി സി വോട്ടര്‍ അഭിപ്രായ സര്‍വേയിലാണ് ഈ കാര്യം പറയുന്നത്. 2022 ലാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ ആദ്യമാണ് സര്‍വേ സംഘടിപ്പിച്ചത്. 2017നെ അപേക്ഷിച്ച് ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ വോട്ട് വിഹിതവും സീറ്റുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും എന്നാണ് സര്‍വേ പറയുന്നത്.

47 മുതല്‍ 53 വരെ സീറ്റാണ് ആംആദ്മി പാര്‍ട്ടിക്ക് വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ സര്‍വേ പ്രവചിക്കുന്നത്. 117 അംഗ സഭയാണ് പഞ്ചാബില്‍ ഉള്ളത്. രണ്ടാമത് ഭരണകക്ഷിയായ കോണ്‍ഗ്രസ് എത്തുമെന്ന് സര്‍വേ പറയുന്നു, 42 മുതല്‍ 50 സീറ്റുവരെയാണ് പ്രവചനം. മൂന്നാമത് ശിരോമണി അകാലിദള്‍ ആണ് ഇവര്‍ക്ക് 16 മുതല്‍ 24 സീറ്റുവരെ പ്രവചിക്കപ്പെടുന്നു.

സമീപകാലത്ത് ഏറ്റവും മോശം പ്രകടനമായിരിക്കും പഞ്ചാബില്‍ ബിജെപിക്ക് സംഭവിക്കുക എന്നാണ് സര്‍വേ നല്‍കുന്ന സൂചന. പരമാവധി ഒരു സീറ്റ് വരെ ബിജെപിക്ക് ലഭിച്ചേക്കുമെന്നാണ് സര്‍വേ പറയുന്നത്. എന്നാൽ, തിരിച്ചടി മുന്നിൽ കണ്ട് കാർഷിക നിയമങ്ങൾ പിൻവലിച്ചതും അമരീന്ദർ സിം​ഗിന്റെ നിലപാടുമെല്ലാം ബിജെപിയുടെ സ്ഥിതി മെച്ചപ്പെടുത്തിയേക്കാവുന്ന ഘകടങ്ങളാണ്.