ശിക്ഷയും ശുചീകരണവും നടത്തിയില്ലെങ്കിൽ ഗ്രാമത്തിൽ മഴ പെയ്യില്ലെന്നും ഗുരുതരമായ നഷ്ടങ്ങളുണ്ടാവുമെന്നുമാണ് ക്രൂരതയ്ക്ക് ഗ്രാമീണർ മുന്നോട്ട് വയ്ക്കുന്ന ന്യായീകരണം

ഭുവനേശ്വർ: ഒഡീഷയിൽ ആചാരങ്ങൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചെന്നാരോപിച്ച് ദമ്പതിമാർക്ക് ശിക്ഷ നൽകി ഗ്രാമവാസികൾ. യുവാവിന്റെ പിതൃസഹോദരിയെ വിവാഹം കഴിച്ചതിനാണ് ശിക്ഷ. റായഗഡ ജില്ലയിലെ കാഞ്ചമജ്ഹിര ഗ്രാമത്തിലാണ് സംഭവം. കാളകൾക്ക് പകരം നുകത്തിൽ കെട്ടി നിലം ഉഴുതുമറിച്ചാണ് ഗ്രാമവാസികൾ ശിക്ഷിച്ചത്. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ കളക്ടർ സ്വമേധയാ കേസ് എടുത്തു.

ദമ്പതിമാർ ഇരുവരും കാഞ്ചമജ്ഹിര സ്വദേശികളാണ്. സംഭവത്തിൽ കർശന നടപടിക്കാണ് നിർദ്ദേശം. ബുധനാഴ്ചയാണ് അതിക്രമം നടന്നത്. ഗ്രാമത്തിലെ മുതിർന്നവരും മറ്റുള്ളവരും നോക്കി നിൽക്കുമ്പോഴാണ് ശിക്ഷ നടപ്പിലാക്കിയത്. ശുദ്ധീകരണ പ്രക്രിയയാണ് നടത്തിയതെന്നാണ് ഗ്രാമത്തിലെ മുതിർന്നവ‍ർ സംഭവത്തേക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. രക്ത ബന്ധത്തിലുള്ളവരുമായുള്ള വിവാഹം അനുവദനീയം അല്ലെന്നാണ് ഗ്രാമവാസികൾ പറയുന്നത്.

Scroll to load tweet…

ശിക്ഷയ്ക്ക് പിന്നാലെ തന്നെ ദമ്പതികളോട് ഗ്രാമത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ദമ്പതികൾ എവിടേക്ക് പോയെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. ശിക്ഷയും ശുചീകരണവും നടത്തിയില്ലെങ്കിൽ ഗ്രാമത്തിൽ മഴ പെയ്യില്ലെന്നും ഗുരുതരമായ നഷ്ടങ്ങളുണ്ടാവുമെന്നുമാണ് ക്രൂരതയ്ക്ക് ഗ്രാമീണർ മുന്നോട്ട് വയ്ക്കുന്ന ന്യായീകരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം