നോയിഡ സെക്ടർ 74-ലെ ഐവി കൗണ്ടി ബഹുനില സമുച്ചയത്തിൽ വൻ തീപിടുത്തമുണ്ടായി. 28 നിലകളുള്ള ടവറിലെ പന്ത്രണ്ടാം നിലയിൽ എസി പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നോയിഡ: ഡൽഹിക്കടുത്ത് നോയിഡയിലെ സെക്ടർ 74-ൽ ഉള്ള ഐവി കൗണ്ടി എന്ന ബഹുനില പാർപ്പിട സമുച്ചയത്തിൽ വൻ തീപിടുത്തം. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. 28 നിലകളുള്ള ടവറിലെ പന്ത്രണ്ടാം നിലയിലെ ഒരു ഫ്ലാറ്റിലാണ് സംഭവം. ജനലുകളിലൂടെ വൻതോതിൽ തീയും കറുത്ത പുകപടലങ്ങളും ഉയർന്നത് ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ദൃശ്യമായിരുന്നു. ഇതോടെ പ്രദേശവാസികൾ പടവുകളിലൂടെയും എമർജൻസി എക്സിറ്റുകളിലൂടെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ജീവനുംകൊണ്ടോടി.
നോയിഡ സെക്ടർ 75-ലെ ഫ്ലാറ്റിൽ എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. തീയണയ്ക്കാനായി സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തിന്റെ കൈവശം ആവശ്യത്തിന് ഉപകരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. തുടർച്ചയായി ഇത്രയധികം അപകടങ്ങൾ ഉണ്ടായിട്ടും ഫയർഫോഴ്സിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ ബിജെപി സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് എഎപി വിമർശിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഷോർട്ട് സർക്യൂട്ട് പോലുള്ള സാങ്കേതിക തകരാറുകളാണോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുമെന്നാണ് ഫയർ ഡിപ്പാർട്ട്മെന്റ് അധികൃതർ വ്യക്തമാക്കുന്നത്.
സൊസൈറ്റി മാനേജ്‌മെന്റ് വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ടെൻഡറുകളും പ്രാദേശിക പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കുകയും സമീപത്തെ ഫ്ലാറ്റുകളിലുള്ളവരെ മുൻകരുതലായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയെന്നും ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. അടിയന്തിര സഹായത്തിനായി മെഡിക്കൽ സംഘം സ്ഥലത്ത് സജ്ജമാണ്.


