ഇന്ത്യയിലെ സമാധാനപ്രിയരായ 130 കോടി ജനങ്ങള്‍ മികച്ച സര്‍ക്കാരിനെ അര്‍ഹിക്കുന്നുവെന്ന് മായാവതി ട്വിറ്ററിൽ കുറിച്ചു.

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിഎസ്പി അധ്യക്ഷൻ മായാവതി. ഇന്ത്യയിലെ സമാധാനപ്രിയരായ 130 കോടി ജനങ്ങള്‍ മികച്ച സര്‍ക്കാരിനെ അര്‍ഹിക്കുന്നുവെന്ന് മായാവതി ട്വിറ്ററിൽ കുറിച്ചു.

'പാവപ്പെട്ടവര്‍ക്കെതിരായ, മുതലാളിത്തത്തിന് കൂട്ടു നില്‍ക്കുന്ന മോദി സര്‍ക്കാര്‍ ജനങ്ങളുടെ ശാന്തിയും സമാധാനവും തകര്‍ത്തു. ഇന്ത്യയിലെ സമാധാന പ്രിയരായ 130 കോടി ജനങ്ങള്‍ മികച്ച സര്‍ക്കാരിനെ അര്‍ഹിക്കുന്നുണ്ട്. അതിനാല്‍ പുതിയ സര്‍ക്കാര്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നതും ജനാധിപത്യ മൂല്യങ്ങളെ ബഹുമാനിക്കുന്നതും ആയിരിക്കണം’- മായാവതി ട്വീറ്റ് ചെയ്തു.

Scroll to load tweet…

ജനാധിപത്യത്തിന്‍റെ മഹോത്സവം വന്നെത്തിയിരിക്കുന്നുവെന്നായിരുന്നു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മോദി ട്വീറ്റ് ചെയ്തത്. ഈ ഉത്സവത്തെ പങ്കാളിത്തം കൊണ്ട് സമൃദ്ധമാക്കാന്‍ ഞാന്‍ എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ഥിക്കുകയാണെന്നും ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. ഈ തെരഞ്ഞെടുപ്പ് ചരിത്രപരമായ വഴിത്തിരിവാകുമെന്നാണ് കരുതുന്നതെന്നും മോദി കൂട്ടിച്ചേർത്തു. 

കഴിഞ്ഞ 70 വര്‍ഷം സാധ്യമാകാതിരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചതെന്നും ശക്തവും സമൃദ്ധവും സുരക്ഷിതവുമായ ഇന്ത്യയെ കെട്ടിപ്പെടുക്കാനായുള്ള സമയമാണിതെന്നും മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു.

Scroll to load tweet…

ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ രാജ്യത്ത് ഏഴ് ഘട്ടമായി നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ വിവിധ ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം മെയ് 23 ന് പ്രഖ്യാപിക്കും.