ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മെറ്റ അധികൃതരും കോൺഗ്രസ് നേതാക്കളും തമ്മിൽ രണ്ട് മണിക്കൂർ നീണ്ട ചർച്ച നടന്നു. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കുറിച്ചുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനെതിരെയുള്ള പരാതികളാണ് ചർച്ചയായത്. എഐ വീഡിയോകളാണ് കൂടുതലും നീക്കിയതെന്ന് മെറ്റ വ്യക്തമാക്കി.
ദില്ലി: കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും പരാമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യുന്നുവെന്ന പരാതിക്ക് പിന്നാലെ മെറ്റ-കോൺഗ്രസ് ചർച്ച. ചൊവ്വാഴ്ച ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് മണിക്കൂർ നേരം ചർച്ച നടന്നുവെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് നേതാക്കളായ സുപ്രിയ ശ്രീനേഥ് അടക്കം പങ്കെടുത്തു. മെറ്റ ഇന്ത്യ പബ്ലിക് പോളിസി ഹെഡ് അമൻ ജെയിൻ, ഇൻസ്റ്റഗ്രാം പബ്ലിക് പോളിസി എക്സിക്യുട്ടീവ് നതാഷ ജോഗ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പ്രതിഷേധം തുടരുന്നതിനാൽ ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് മെറ്റ ചർച്ചയിൽ അറിയിച്ചു.
ഇന്ത്യയിലെ ജനാധിപത്യത്തിൽ ഇടപെടും വിധമാണ് മെറ്റ പ്രതിപക്ഷ അക്കൗണ്ടുകൾ ബാൻ ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ബാൻ ചെയ്ത അക്കൗണ്ടുകളുടെ ലിസ്റ്റും നേതാക്കൾ മെറ്റ അധികൃതർക്ക് നൽകി. എഐ വീഡിയോകളാണ് നീക്കിയതിൽ ഭൂരിഭാഗവുമെന്ന് മെറ്റ മറുപടി നൽകി. അതേസമയം, ചർച്ചയ്ക്ക് ശേഷവും യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടർന്നു. ബെംഗളൂരുവിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.














