തലയിൽ നിന്ന് രക്തം ഒലിക്കുന്ന നിലയിൽ യുവതിക്ക് പ്രാഥമിക ചികിത്സാ സഹായം ലഭ്യമായില്ലെന്നും ട്രെയിനിൽ ഫസ്റ്റ് എയ്ഡ് കിറ്റോ പേരിനൊരു പഞ്ഞി പോലുമില്ലായിരുന്നുവെന്നാണ് 39കാരിയുടെ ഭർത്താവ് ആരോപിക്കുന്നത്.

ചെന്നൈ: ചെന്നൈ പാലക്കാട് എക്സ്പ്രസിൽ മിഡിൽ ബർത്ത് വീണ് യുവതിക്ക് ഗുരുതര പരിക്ക്. ചെന്നൈയിൽ നിന്ന് പാലക്കാട്ടേക്ക് തിരിച്ച 22651 ട്രെയിനിലെ സ്ലീപ്പർ കോച്ചിലെ മിഡിൽ ബെർത്താണ് വീണത്. തിങ്കളാഴ്ച ജോളാർപേട്ട് പിന്നിടുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ യുവതിക്ക് പ്രാഥമിക ചികിത്സ പോലും ട്രെയിനിൽ ലഭ്യമായില്ലെന്നാണ് യുവതിയുടെ ഭർത്താവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ട്രെയിൻ സേലത്ത് എത്തിയ ശേഷമാണ് യുവതിയെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനമുണ്ടായതെന്നും യുവതിയുടെ ഭർത്താവ് ആരോപിക്കുന്നത്. 

39 വയസ് പ്രായമുള്ള ചെന്നൈ സ്വദേശിയായ സൂര്യ മുരുഗൻ ആണ് പരിക്കേറ്റത്. ആളില്ലാതിരുന്ന മിഡിൽ ബെർത്ത് പുലർച്ചെ 1.15ഓടെ ലോവർ ബെർത്തിൽ കിടന്നിരുന്ന സൂര്യയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മറ്റൊരു കോച്ചിലായിരുന്നു യുവതിയുടെ ഭർത്താവ് ജ്യോതി ജയശങ്കർ കിടന്നിരുന്നത്. യുവതിക്ക് തലക്ക് പരിക്കേറ്റ വിവരം സഹയാത്രികരാണ് ജ്യോതി ജയശങ്കറെ അറിയിക്കുന്നത്. തലയിൽ നിന്ന് രക്തം ഒലിക്കുന്ന നിലയിൽ യുവതിക്ക് പ്രാഥമിക ചികിത്സാ സഹായം തേടിയെങ്കിലും ലഭ്യമായില്ലെന്നാണ് 39കാരിയുടെ ഭർത്താവ് ആരോപിക്കുന്നത്. ട്രെയിനിൽ ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമായിരുന്നില്ല. പേരിനൊരു പഞ്ഞി പോലുമില്ലായിരുന്നുവെന്നാണ് ജ്യോതി ജയശങ്കർ ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. അരമണിക്കൂറോളം സമയം തലയിൽ തുണി വച്ച് കെട്ടിയാണ് രക്തമൊഴുകുന്നത് ഒരു പരിധിവരെ തടഞ്ഞതെന്നും യുവാവ് വിശദമാക്കുന്നത്. 

പുലർച്ചെ 2.40ഓടെയാണ് ട്രെയിൻ സേലത്ത് എത്തിയത്. ഇവിടെ വച്ച് സൂര്യയെ ആംബുലൻസിലേക്ക് മാറ്റി. പിന്നീട് യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. സർവ്വീസുകൾ കൃത്യമായി നടത്തിയിരുന്ന കംപാർട്ട്മെന്റിലാണ് അപകടമുണ്ടായതെന്നും മിഡിൽ ബെർത്തിന്റെ കൊളുത്തുകൾക്ക് തകരാറില്ലെന്നുമാണ് റെയിൽവേ വിഷയത്തിൽ പ്രതികരിക്കുന്നത്. 2005ൽ നിർമ്മിതമായ കോച്ചിലാണ് അപകടമുണ്ടായത്. സംഭവത്തിൽ യാത്രക്കാരിയുടെ പിഴവുണ്ടായതായാണ് റെയിൽവേ നിരീക്ഷണം. ശരിയായ രീതിയിൽ ബെർത്തിന്റെ കൊളുത്ത് ഇടാതെ വന്നതാകാം അപകടത്തിന് കാരണമെന്നാണ് റെയിൽവേ നൽകുന്ന സൂചന. 19 വർഷം പഴക്കമുള്ള കോച്ചിന് ഫിറ്റ്നെസ് ഉള്ളതാണെന്നും റെയിൽ വേ പ്രതികരിച്ചു. 

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞവർഷം ജൂൺ 15ന് എറണാകുളം- ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം എക്സ്പ്രസിൽ മിഡിൽ ബർത്തിന്റെ കൊളുത്തൂരിവീണ് തലയ്ക്ക് പരിക്കേറ്റ് ലോവർ ബർത്തിൽ കിടന്നിരുന്ന മലയാളി യാത്രക്കാരൻ മരിച്ചിരുന്നു. ഒക്‌ടോബർ 18ന് നാഗർകോവിലിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള എക്സ്പ്രസിലും മിഡിൽ ബർത്ത് ഊരിവീണ് നാലുവയസ്സുകാരന് പരിക്കേറ്റിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം