വസ്ത്രങ്ങൾ വലിച്ചുകീറി. വീഡിയോ ദൃശ്യങ്ങളിൽ ഇക്കാര്യങ്ങൾ വ്യക്തമാണ്
ദില്ലി: ട്രെയിനിൽ ഭക്ഷണത്തിനും വെള്ളത്തിനും അമിത വില ഈടാക്കിയത് ചോദ്യം ചെയ്തപ്പോൾ ആക്രമിച്ചതായി ട്രാവൽ വ്ലോഗര്‍. ഹേമകുന്ത് എക്സ്പ്രസിലാണ് സംഭവം. അമിത വിലയ്ക്ക് പരാതി നൽകിയതിനെ തുടർന്ന് തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ് ട്രാവൽ വ്ലോഗർ എക്സ് പോസ്റ്റിൽ പറയുന്നത്. അമിത വില ഈടാക്കിയത് ചോദ്യം ചെയ്യുകയും റെയിൽമഡാഡ് ആപ്പിൽ താൻ പാരാതി നൽകിയതിന് പിന്നാലെ ഒരുകൂട്ടം ആളുകൾ തന്നെ ആക്രമിച്ചു. വസ്ത്രങ്ങൾ വലിച്ചുകീറി. വീഡിയോ ദൃശ്യങ്ങളിൽ ഇക്കാര്യങ്ങൾ വ്യക്തമാണ്. 15 രൂപയുടെ റെയിൽ നീര്‍ കുടിവെള്ളത്തിന് 20 ഈടാക്കി. കാപ്പിക്കും നൂഡിൽസിനും അമിത വില ഈടാക്കിയെന്നും വ്ലോഗര്‍ വിശാൽ ശര്‍മ്മ വീഡിയോയിൽ പറയുന്നു.
തേര്‍ഡ് എസി കമ്പാര്‍ട്ട്മെന്റിൽ വിശ്രമിക്കുമ്പോൾ ജീവനക്കാര്‍ എത്തി അദ്ദേഹത്തെ ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. ഒരു കൂട്ടം ആളുകൾ എത്തി ബെര്‍ത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. അമിത വില ഈടാക്കിയതിന് പരാതി നൽകിയതല്ലാതെ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വിശദീകരിച്ച് ഇറങ്ങാൻ വിസമ്മതിച്ചു.
പച്ച ഷർട്ട് ധരിച്ച ആൾ മുകളിലേക്ക് കയറി ശർമ്മയുടെ കാലിൽ പിടിച്ചു. ഇതോടെ സ്ഥിതിഗതികൾ വഷളായി. വീഡിയോയിൽ അദ്ദേഹംഞെട്ടി നിലവിളിക്കുന്നത് കേൾഖ്കാം. ആക്രമണത്തിന് ശേഷം,വിസാൽ വീണ്ടും റെക്കോർഡിങ് ആരംഭിച്ചു. മുറിവ് ഉൾപ്പെടെയുള്ള പരിക്കുകളും കീറിയ വസ്ത്രങ്ങളും അദ്ദേഹം വീഡിയോയിൽ കാണിക്കുന്നുണ്ട്. ആക്രമണത്തിലും അമിത ചാർജ്ജ് ഈടാക്കിയ സംഭവത്തിലും റെയിൽവേ അധികൃതരോട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുകയായിരുന്നു.
വീഡിയോ വൈറലായതോടെ ഓൺലൈനിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു. കുറ്റവാളികൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കണമെന്ന് പലരും ആവശ്യപ്പെട്ടു. പിന്നാലെ സംഭവം ഇന്ത്യൻ റെയിൽവേയുടെ ശ്രദ്ധയിൽ പെട്ടു. പിന്നീട് അതിവേഗം, കാറ്ററിംഗ് സ്ഥാപനത്തിന് 5 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.'കേസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കാറ്ററിംഗ് നടത്തിയയാൾക്കെതിരെ 5 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. കത്വ ജിആർപി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയം കർശന നിരീക്ഷണത്തിലാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കും" എന്ന് റെയിൽവേ സേവ എക്‌സിൽ കുറിച്ചു.


