Asianet News MalayalamAsianet News Malayalam

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ് വിലയിരുത്തി അമിത്ഷാ; നി‍ർണായകം; മുതിര്‍ന്ന ഉദ്യോഗസ്ഥ‍രുമായി ച‍ര്‍ച്ച

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടന്ന പരിശോധനക്ക് പിന്നാലെ എൻഐഎ ആസ്ഥാനത്ത് അതീവ സുരക്ഷയണൊരുക്കിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും അറസ്റ്റ് ചെയ്ത പി.എഫ്.ഐ നേതാക്കളെ ദില്ലിയിലെ എൻഐഎ ആസ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്നാണ് വിലയിരുത്തൽ. 

minister amit shah meeting with higher officers after nia raid in popular front office
Author
First Published Sep 22, 2022, 12:54 PM IST

ദില്ലി : രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന എൻഐഎ റെയ്ഡുകൾ വിലയിരുത്തി ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ടിനെതിരായി പുല‍ര്‍ച്ചെ നടന്ന നടപടികളുടെ വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർ അമിത് ഷായ്ക്ക് കൈമാറി. എൻഐഎ ഡിജി ദിൻകർ ഗുപ്തയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും അമിത് ഷായെ സന്ദര്‍ശിച്ച് സ്ഥിതിഗതികളറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടന്ന പരിശോധനക്ക് പിന്നാലെ എൻഐഎ ആസ്ഥാനത്ത് അതീവ സുരക്ഷയാണൊരുക്കിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും അറസ്റ്റ് ചെയ്ത പി.എഫ്.ഐ നേതാക്കളെ ദില്ലിയിലെ എൻഐഎ ആസ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്നാണ് വിലയിരുത്തൽ. 

തീവ്രവാദത്തിന് പണം നൽകൽ, പരിശീലന ക്യാമ്പ് നടത്തൽ, തീവ്രവാദത്തിലേത്ത് ആളുകളെ ആക‍ര്‍ഷിക്കൽ, എന്നിവയിൽ ഉൾപ്പെട്ടവരുടെ വീടുകളിലാണ് റെയ്ഡ് നടന്നതെന്നാണ് എൻഐഎ നൽകുന്ന വിശദീകരണം. 

കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമാണ് ഇന്ന് എൻഐഎ റെയ്ഡ് നടത്തി നൂറിലേറെ പേരെ കസ്റ്റഡിയിലെടുത്തത്. കേരളത്തിൽ നിന്നും പോപ്പുലർ ഫ്രണ്ട് ദേശീയ പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയാണ് ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ്‌ ബഷീർ, ദേശീയ ജനറൽ സെക്രട്ടറി നസറുദീൻ എളമരം അടക്കമുള്ള നേതാക്കൾ എൻഐഎയുടെ കസ്റ്റഡിയിലാണ്. കേരളത്തിലും ദില്ലിയിലും രജിസ്റ്റർ ചെയ്ത കേസുകളിലായിരുന്നു എൻഐഎ നടപടി. ഭീകരവാദത്തെ സഹായിക്കുന്നവരെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഓഫീസുകളിലുമാണ് എൻഐഎ വ്യാപക റെയിഡ് നടത്തിയതെന്നാണ് വിശദീകരണം. 

കേരളത്തിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലെ റെയ്ഡ്

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫിസുകളും നേതാക്കളുടെ  വീടുകളുമടക്കം 70 ഓളം കേന്ദ്രങ്ങളിൽ  റെയ്ഡ് നടന്നു. സംസ്ഥാനത്ത് ആദ്യമായാണ് എൻഐഎ ഒരേ സമയം ഇത്രയും വ്യാപകമായ തെരച്ചിൽ നടത്തുന്നത്. പുലർച്ചെ 3.30 ഓടെ കേന്ദ്രസേനയെ വിന്യസിച്ചാണ് റെയ്ഡ് തുടങ്ങിയത്. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാമിനെ മ‍‌‌ഞ്ചേരിയിലെ വീട്ടിൽ നിന്നും സംസ്ഥാന പ്രസിഡണ്ട് സിപി മുഹമ്മദ് ബഷീറിനെ തിരുനാവായിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരത്തെയും കസ്റ്റഡിയിലെടുത്തു. ദേശീയ സമിതി അംഗം പി കോയ കോഴിക്കോട്ട് കസ്റ്റഡിയിലായി. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം തൃശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങൾ കോട്ടയം ജില്ല പ്രസിഡന്റ് സൈനുദീൻ തുടങ്ങിയവരാണ് അറസ്റ്റിലായ മറ്റു പ്രമുഖർ. 

'റെയ്ഡും അറസ്റ്റും ആശ്ചര്യപ്പെടുത്തുന്നില്ല,കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത് സംഘപരിവാർഅജണ്ട' എസ് ഡി പി ഐ

അടൂ‍ർ, ഈരാറ്റുപേട്ട വയനാട് കാസർഗോട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദ്രുതകർമ്മസേനയെ വിന്യസിച്ചായിരുന്നു പരിശോധന.കോഴിക്കോട്ടെ ആസ്ഥാനമന്ദിരമടക്കം റെയ്ഡ് ചെയ്തു. രേഖകളും നോട്ടിസൂകളും ലാപ് ടോപ്പുകളും കംപ്യൂട്ടറുകളടക്കം പിടിച്ചെടുത്തു.  കാസർഗോട്ട് പിഎഫ് ഐ ബന്ധമുള്ള ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസിലും റെയ്ഡ് നടന്നു. കണ്ണൂരിലും കോഴിക്കോട്ടും മഞ്ചേരിയിലും  മാനന്തവാടിയിലും ഈരാറ്റുപേട്ടയിലും  മറ്റും പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചു. പലയിടത്തും  ഗതാഗതം തടസ്സപ്പെടുത്തി. കണ്ണൂരിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ സുപ്രഭാതം പത്രത്തിലെ ഫോട്ടോഗ്രാഫറുടെ തലയ്ക്ക് പരിക്കേറ്റു. 

'പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡിൽ രാഷ്ട്രീയമില്ല. എൻ ഐ എ നടത്തുന്നത് നിയമപരമായ കാര്യങ്ങൾ' ബി ജെ പി

മറ്റ് സംസ്ഥാനങ്ങളിലെ എൻഐഎ റെയ്ഡ് 

തമിഴ്നാട്ടിലെ ചെന്നൈ, തേനി, കോയമ്പത്തൂർ, മധുരൈ, ദിണ്ടിഗൽ, രാമനാഥപുരം, തിരുനെൽവേലി എന്നീ ജില്ലകളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തി. പുലർച്ചെ മൂന്ന് മണിയോടെ ആരംഭിച്ച നടപടി 9 മണിയോടെ പൂർത്തിയാക്കി. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാക്കളും പ്രവർത്തകരുമായ 10 പേരെ കസ്റ്റഡിയിലെടുത്തു. ഓഫീസുകളിൽ നിന്ന് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡിനിടെ പലയിടത്തും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. മഹാരാഷ്ട്രയിൽ എൻഐഎക്കൊപ്പം തീവ്രവാദ വിരുദ്ധസേനയും റെയ്ഡിൽ പങ്കെടുത്തു. 10 ജില്ലകളിൽ നിന്നായി 20 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി മഹാരാഷ്ട്ര എടിഎസ് അറിയിച്ചു. യുഎപിഎ വകുപ്പുകൾ അടക്കം ചുമത്തിയാണ് അറസ്റ്റ്. 

'സ്ഫോടക വസ്തുവെറിഞ്ഞു, രക്ഷപ്പെട്ടത് കാറിൽ; ഫോണിലെ വിശദാംശം നീക്കി'; ജിതിനെ കുറിച്ച് ക്രൈംബ്രാഞ്ച്

കര്‍ണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വസതികളും സ്ഥാപനങ്ങളിലും എന്‍ഐഎ റെയ്ഡ്. കര്‍ണാടകയില്‍ നിന്ന് ഇരുപത് പേരെ ഇതുവരെ എന്‍ഐഎ കസ്റ്റിഡിയിലെത്തു. ആന്ധ്രയിലെ എസ്ഡിപിഐ പ്രസിഡന്‍റ്  അബ്ദുള്‍ വാരിസിന്‍റെ വസതികളില്‍ നിന്ന് ലഘുലേഖകളും ഫയലുകളും പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് കര്‍ണാടക പ്രസിഡന്‍റ്  മുഹമ്മദ് സക്കീബിന്‍റെ ബെംഗ്ലൂരുവിലെ ഫ്ലാറ്റില്‍ നിന്ന് ഡിജിറ്റല്‍ രേഖകള്‍ അടക്കം എന്‍ഐഎ പിടിച്ചെടുത്തു. 

ബെംഗ്ലൂരുവില്‍ മാത്രം എട്ട് ഇടങ്ങളില്‍ ഒരേസമയം പരിശോധന നടന്നു. മംഗ്ലൂരു, ഷിമോഗ, സൂറത്കല്‍, മൈസൂരു എന്നിവടങ്ങളില്‍ നിന്ന് നിരവധി ജില്ലാ ഭാരവാഹികള്‍ കസ്റ്റഡിയിലായി. പോപ്പുലര്‍ ഫ്രണ്ട് നേതാവ് മൗലാന മൗസൂദിനെ മൈസൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. എന്‍ഐഎ റെയ്ഡിന് എതിരെ മംഗ്ലൂരുവിലും ബെംഗ്ലൂരുവിലും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മാറ്റി. 

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ എൻഐഎ റെയ്ഡിൽ 106 പേർ കസ്റ്റഡിയിൽ, വ്യാപക പ്രതിഷേധം

Follow Us:
Download App:
  • android
  • ios