രാജ്യത്തെ അടുത്ത ബുള്ളറ്റ് ട്രെയിനിൻ്റെ വേഗത വെളിപ്പെടുത്തി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യ തദ്ദേശീയമായ വികസിപ്പിക്കുന്ന അടുത്ത തലമുറ അതിവേഗ ട്രെയിനിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 350 കിലോമീറ്റർ ആയിരിക്കുമെന്ന് അദ്ദേഹം.
ദില്ലി: കേന്ദ്രസർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ നിർദിഷ്ട മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ സർവീസിന് വേണ്ടിയുള്ള പ്രവൃത്തികൾ തകൃതിയായി പുരോഗമിക്കുകയാണ്. ഒരുവശത്ത് ബുള്ളറ്റ് ട്രെയിന് വേണ്ടിയുള്ള അതിവേഗ റെയിൽ ഇടനാഴിയുടെ നിർമാണം പുരോഗമിക്കുമ്പോൾ മറുവശത്ത്, പൊതുമേഖല സ്ഥാപനമായ ബെമലും ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയും ചേർന്ന് പാതയിൽ ഓടാനുള്ള ബി-28 ബുള്ളറ്റ് ട്രെയിനിൻ്റെ പണിപ്പുരയിലാണ്. മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിച്ചുള്ള രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയിലാകും സർവീസ് നടത്തുക. എന്നാൽ, ഇതിന് ശേഷം വികസിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനിൻ്റെ വേഗത 'അതുക്കും മേലെ'യെന്ന് സൂചിപ്പിച്ചിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

ഇന്ത്യ തദ്ദേശീയമായ വികസിപ്പിക്കുന്ന അടുത്ത തലമുറ അതിവേഗ ട്രെയിനിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 350 കിലോമീറ്റർ ആയിരിക്കുമെന്നാണ് അശ്വിനി വൈഷ്ണവിൻ്റെ പ്രതികരണം. ട്രെയിനിൻ്റെ ഡിസൈൻ പ്രവൃത്തികൾ അടുത്ത ആറ് മാസത്തിനകം ആരംഭിക്കുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസിനോടാണ് മന്ത്രിയുടെ പ്രതികരണം.
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി
2027 ഓഗസ്റ്റിൽ ഓട്ടം തുടങ്ങാൻ ലക്ഷ്യമിട്ടാണ് മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്ക് 508 കിലോമീറ്റർ ദൂരത്തിൽ ബുള്ളറ്റ് ട്രെയിൻ പാത നിർമാണം നടക്കുന്നത്. 2016ലാണ് പദ്ധതി അവതരിപ്പിച്ചത്. മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗത കൈവരിക്കാവുന്ന തരത്തിലാണ് പാതയുടെ നിർമാണം. എന്നാൽ ആദ്യ ബുള്ളറ്റ് ട്രെയിനിൻ്റെ പരമാവധി വേഗത 280 കിലോമീറ്റർ ആയിരിക്കും. ട്രെയിനിൻ്റെ നിർമാണം അടുത്ത വർഷം ആദ്യം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുള്ളറ്റ് ട്രെയിൻ സർവീസ് യാഥാർഥ്യമാകുന്നതോടെ മുംബൈയ്ക്കും അഹമ്മദാബാദിനുമിടയിലെ യാത്രാസമയം ഏകദേശം രണ്ട് മണിക്കൂറായി കുറയും.
ആദ്യ ചിത്രം പുറത്ത്
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിനിൻ്റെ ഡിസൈൻ ഇന്ത്യൻ റെയിൽവേ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദില്ലിയിലെ റെയിൽ ഭവൻ്റെ നാലാം ഗേറ്റിലാണ് ചിത്രം സ്ഥാപിച്ചത്. വന്ദേ ഭാരതിന് സമാനമായി ഓറഞ്ച് നിറമുള്ള മുകൾഭാഗത്തോട് കൂടിയ ട്രെയിനിൻ്റെ ജനാലകളോട് ചേർന്ന് കറുപ്പ് നിറവും അതിന് താഴെ ഓറഞ്ച് നിറവുമാണ് നൽകിയിരിക്കുന്നത്. ട്രെയിനിൻ്റെ മുൻഭാഗം മൂക്കുകൾ പോലെയും മുന്നിലെ രണ്ട് ലൈറ്റുകൾ കണ്ണുകൾ പോലെയും തോന്നിപ്പിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.


