ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിലാണ് രാജ്യം. ബെംഗളൂരുവിലെ മിന്‍സ്ക് സ്ക്വയറിന് രാജ്യത്തിന്‍റെ സൗഹൃദത്തിന്‍റെ കഥ പറയാനുണ്ട്. സോവിയറ്റ് യൂണിയനുമായുണ്ടായിരുന്ന അടുത്ത ബന്ധത്തിന്‍റെ അപൂര്‍വ്വ കഥ

ബെംഗളൂരു: ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിലാണ് രാജ്യം. ബെംഗളൂരുവിലെ മിന്‍സ്ക് സ്ക്വയറിന് രാജ്യത്തിന്‍റെ സൗഹൃദത്തിന്‍റെ കഥ പറയാനുണ്ട്. സോവിയറ്റ് യൂണിയനുമായുണ്ടായിരുന്ന അടുത്ത ബന്ധത്തിന്‍റെ അപൂര്‍വ്വ കഥ. ബെംഗളൂരു നഗരമധ്യത്തില്‍ കബണ്‍ പാര്‍ക്കില്‍ തലയെടുപ്പോടെ നില്‍ക്കുന്നുണ്ട് മിന്‍സ്ക് സ്ക്വയര്‍. തേജസ് പോര്‍വിമനത്തിന്‍റെ മാതൃകയാണ് ഏറ്റവും ആകര്‍ഷണം. സോവിയറ്റ് ബന്ധത്തിന്‍റെ ചരിത്രകഥയാണ് ഇതിന് പിന്നില്‍. ക്വീന്‍സ് റോഡ് സര്‍ക്കിള്‍ എന്നായിരുന്നു പഴയ പേര്. 

സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന ബെലാറൂസ് തലസ്ഥാനമാണ് മിന്‍സ്ക്. 1989 ക്വീന്‍സ് റോഡിനും അതേ പേര് നല്‍കി. ബെലാറൂസിന്‍റെ ഉദ്യാനനഗരിയായ മിന്‍സ്കിന്‍റെ സഹോദര നഗരിയായി ബെംഗളൂരുവിനെ മാറ്റുകയായിരുന്നു പേര് മാറ്റത്തിന് പിന്നിലെ ലക്ഷ്യം. വാണിജ്യ , സാംസ്കാരിക മേഖലകളില്‍ പങ്കാളിത്ത വികസനം ലക്ഷ്യമിട്ടായിരുന്നു പദ്ധതി. രാജീവ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ തുടക്കമിട്ട പദ്ധതി പിന്നീട് ജനതാദള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.

Read more:  ബ്രിട്ടീഷ് സാമ്രാജ്യം വിറച്ച 5 ദിവസം-ഇന്ത്യന്‍ നാവിക കലാപം, സ്വാതന്ത്ര്യസ്പര്‍ശം | India@75

 എന്നാല്‍ സോവിയറ്റ് യൂണിയന്‍റെ പതനത്തോടെ പദ്ധതി പേരുമാറ്റത്തില്‍ മാത്രം ഒതുങ്ങി. അന്ന് സോവിയറ്റ് നഗരങ്ങളുടെ പേരുണ്ടായിരുന്ന സ്ഥലങ്ങള്‍ക്ക് പുതിയ പേര് നല്‍കിയെങ്കിലും മിന്‍സ്ക് സ്ക്വയര്‍ മാറിയില്ല. പഴമയുടെ പെരുമയായി മിന്‍സ്ക് സ്ക്വയര്‍ ഇപ്പോഴും തുടരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ തൊട്ടുസമീപത്താണ് ഈ മിന്‍സ്ക് സ്ക്വയര്‍. തേജ്സ് പോര്‍വിമാനത്തിന്‍റെ മാതൃകയാണ് ഇന്ന് പ്രധാന ആകര്‍ഷണം. രാജ്യത്തെ ആദ്യ തദ്ദേശീയ നിര്‍മ്മിത പോര്‍വിമാനമാണ് തേജസ്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് തേജിന്‍റെ പൂര്‍ണ മാതൃക ഇവിടെ സ്ഥാപിച്ചത്. 

Read more:പറങ്കിക്ക് മുന്നിൽ കീഴടങ്ങാത്ത കോഴിക്കോട്

അജീറ്റ ഇ -1083 എന്ന വിമാനമാതൃക നേരത്തെ ഇവിടെയുണ്ടായിരുന്നു. എന്നാല്‍ മെട്രോ നിര്‍മ്മാണത്തിനായി ഇത് പൊളിച്ചുമാറ്റേണ്ടി വന്നു. വിമാനനിര്‍മ്മാണ ഹബ്ബായ ബെംഗളൂരുവിന്‍റെ പ്രൗഢി വിളിച്ചോതിയാണ് തേജ്സ് മാതൃക സ്ഥാപിച്ചത്. മിന്‍സ്ക് സ്ക്വയറിന്‍റെ സംരക്ഷണവും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനാണ്..