Asianet News MalayalamAsianet News Malayalam

ബ്രിട്ടീഷ് സാമ്രാജ്യം വിറച്ച 5 ദിവസം-ഇന്ത്യന്‍ നാവിക കലാപം, സ്വാതന്ത്ര്യസ്പര്‍ശം | India@75

ബ്രിട്ടീഷ് സാമ്രാജ്യം വിറച്ച 5 ദിവസം-ഇന്ത്യന്‍ നാവിക കലാപം, സ്വാതന്ത്ര്യസ്പര്‍ശം | India@75

ഇന്ത്യൻ ദേശീയസമരത്തിൽ അവിസ്മരണീയമാണ് ബ്രിട്ടിഷുസർക്കാരിന്റെ  റോയൽ ഇന്ത്യൻ നേവിയിലെ ഇന്ത്യൻ നാവിക കലാപം. അഞ്ച് ദിവസത്തെ കലാപം ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനും സഖ്യശക്തികൾക്കുമായി പോരാടാൻ 25  ലക്ഷം ഇന്ത്യൻ സൈനികർ അണിനിരന്നിരുന്നു.  യുദ്ധത്തിൽ  ജീവനും ആരോഗ്യവും നഷ്ടമായ ഇന്ത്യക്കാരുടെ  എണ്ണം ചെറുതല്ല. പക്ഷെ യുദ്ധം കഴിഞ്ഞപ്പോൾ അവർക്ക് ബ്രിട്ടീഷ് അധികാരികളിൽ നിന്ന് ലഭിച്ചത് പിരിച്ചുവിടൽ, വംശീയമായ വിവേചനം, തുച്ഛ ശമ്പളം, മോശം ഭക്ഷണം,ദയനീയമായ താമസ സൗകര്യങ്ങൾ.

സ്വാതന്ത്ര്യലബ്ധി ഉറപ്പായ ആത്മവിശ്വാസം ഇന്ത്യൻ നാവികരെ തങ്ങളുടെ ദുരിതജീവിതത്തിനെതിരെ പ്രതിഷേധിക്കാൻ ഊർജ്ജം നൽകി.  1943-45 കാലത്ത് വിവിധ റോയൽ നേവി കപ്പലുകളിൽ  കലാപസംഭവങ്ങൾ നടന്നു.

1946 ഫെബ്രുവരി. ബോംബെ തീരത്ത് കൊളാബയിൽ നേവിയുടെ പരിശീലനകേന്ദ്രമായ എച് ഐ എം എസ തൽവാറിന്റെ ചുവരുകളിൽ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ക്വിറ്റ് ഇന്ത്യ, ജയ് ഹിന്ദ്.  അടുത്ത രാത്രിയിൽ മുദ്രാവാക്യം എഴുതിയൊട്ടിക്കാനുള്ള പശയും മറ്റുമായി ഒരു യുവ നാവികൻ  പിടിക്കപ്പെട്ടു.  ബാല ചന്ദ്ര ദത്ത്.  ദത്തിന്റെ മുറിയിൽ നിന്ന് ബ്രിട്ടീഷ് വിരുദ്ധ ദേശീയ-കമ്യുണിസ്റ്റ് ലഘുലേഖകൾ പിടിച്ചെടുത്തു.  ജയിലിലേക്ക് ദത്ത് അയക്കപ്പെട്ടതോടെ തൽവാറിൽ കലാപം ഉണർന്നു. അതോടെ ബ്രിട്ടീഷ് ഓഫീസർമാർ വ്യാപകമായി ഇന്ത്യൻ നാവികർക്ക്  എതിരെ ശിക്ഷണനടപടികൾ ആരംഭിച്ചു. ബ്രിട്ടീഷുകാരായ ഉദ്യോഗസ്ഥരുടെ വംശീയമായ അസഭ്യവർഷം കലാപകാരികളെ  കൂടുതൽ ചൊടിപ്പിച്ചു.  

കലാപം ബോംബെയിൽ നിന്ന് കടലലകൾ പോലെ ദിവസങ്ങൾ കൊണ്ട് ഇന്ത്യയാകെ പടർന്നു. പടിഞ്ഞാറു കറാച്ചി മുതൽ കിഴക്ക് കൽക്കത്ത വരെയും തെക്ക് മദിരാശിവരെയും ഇരുപതിനായിരത്തോളം ഇന്ത്യൻ നാവികർ ബ്രിട്ടീഷ് മേലുദ്യോഗസ്ഥരെ  പരസ്യമായി ചോദ്യം ചെയ്തു. ബോംബെ തുറമുഖത്തിൽ 45 ഓളം യുദ്ധക്കപ്പലുകൾ കലാപകാരികൾ പിടിച്ചെടുത്ത് ബ്രിട്ടീഷ് പതാക മാറ്റി, കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും കമ്യൂണിസ്റ് പാർട്ടിയുടെയും കൊടികൾ കെട്ടി. നാവികർക്ക് പിന്തുണയുമായി നാട്ടുകാരുടെ നേതൃത്വത്തിൽ  കലാപം ബോംബെ നഗരത്തിലേക്ക് വ്യാപിച്ചു. സി പി ഐയുടെ നേതൃത്വത്തിൽ പണിമുടക്കിൽ അക്രമങ്ങൾ അരങ്ങെറി. വ്യാപകമായ വെടിവെയ്പ്പിൽ ബോംബെയിൽ 220 പേര് കൊല്ലപ്പെട്ടു. ഹിന്ദു-മുസ്ലിം വർഗീയ വൈരം വാപിക്കുന്ന കാലമായിട്ടും നാവികകലാപത്തിൽ ഇന്ത്യക്കാർ മതജാതിഭേദം മറന്നു.  1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം  പോലെ കലാപം വ്യാപകമാകും എന്ന്  ബ്രിട്ടീഷ് ഭരണകൂടം ഭയന്നു. 

പക്ഷെ കലാപത്തിന് കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും പിന്തുണ ലഭിച്ചില്ല. സൈനികർ കലാപം നടത്തരുതെന്നായിരുന്നു ഗാന്ധിയുടെയും മുഹമ്മദാലി ജിന്നയുടെയും നിലപാട്. കോൺഗ്രസ്സ് നേതാവ് അരുണ ആസഫാലി മാത്രമേ സമരത്തെ പിന്തുണച്ചുള്ളൂ. കലാപം കമ്യൂണിസ്റ് വിപ്ലവപദ്ധതി  ആണെന്നായിരുന്നു ബ്രിട്ടീഷ് പ്രചാരണവും കോൺഗ്രസ്സ് -ലീഗ് നേതാക്കളുടെ വിശ്വസവും. 

 രാഷ്ട്രീയ പിന്തുണ ഇല്ലാതെ കലാപം തളർന്നു. സമരനേതാകകളും വല്ലഭായി പട്ടേലും തമ്മിലുള്ള ചർച്ചകളോടെ 1946 ഫെബ്രുവരി 22 ‌ന് കലാപം അവസാനിച്ചു.  സമരം ചെയ്ത 476 ഇന്ത്യൻ നാവികരെ റോയൽ നേവി പിരിച്ചുവിട്ടു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും ഇവരെ ഇന്ത്യയോ പാകിസ്ഥാനോ തിരിച്ചെടുത്തില്ല.