പുറത്താക്കപ്പെട്ട ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിന്‍റെ പൂനെയിലെ വീട്ടിൽ നിന്ന് അപകടത്തിൽപ്പെട്ട ട്രക്കിന്‍റെ ഡ്രൈവറെ കണ്ടെത്തി. നവി മുംബൈയിൽ നടന്ന അപകടത്തിന് ശേഷം കാണാതായ ഡ്രൈവറെ പൂജയുടെ വീട്ടിൽ നിന്ന് പൊലീസ് രക്ഷപ്പെടുത്തി.
മുംബൈ: പുറത്താക്കപ്പെട്ട ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിന് പുതിയ കുരുക്ക്. കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതിന് ശേഷം കാണാതായ ട്രക്ക് ഡ്രൈവറെ പൂജ ഖേദ്കറിന്‍റെ പൂനെയിലെ വീട്ടിൽ നിന്ന് കണ്ടെത്തി. നവി മുംബൈയിലെ ഐറോളി സിഗ്നലിൽ ട്രക്കും കാറും തമ്മിൽ കൂട്ടിയിടിച്ചതിന് ശേഷം ട്രക്ക് ഡ്രൈവറെ കാണാതായതായിരുന്നു. കാറിലുണ്ടായിരുന്നവർ പ്രഹ്ലാദ് കുമാറിനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഈ ട്രക്ക് ഡ്രൈവറെ പൂജയുടെ പുനെയിലെ വീട്ടിൽ നിന്ന് കണ്ടെത്തി എന്നാണ് പൊലീസ് അറിയിച്ചത്.
പ്രഹ്ലാദ് കുമാർ ഓടിച്ചിരുന്ന ട്രക്ക് എം.എച്ച് 12 ആർ.ടി 5000 എന്ന കാറുമായാണ് കൂട്ടിയിടിച്ചത്. തുടർന്ന് കാറിലുണ്ടായിരുന്ന രണ്ട് പേർ പ്രഹ്ലാദ് കുമാറിനെ ബലം പ്രയോഗിച്ച് കയറ്റി കൊണ്ടുപോയെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൂനെയിലെ ചതുശൃംഗിയിലുള്ള പൂജ ഖേദ്കറിന്‍റെ വീട്ടിൽ നിന്ന് കാർ കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്ന് ട്രക്ക് ഡ്രൈവറെ രക്ഷപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
പൊലീസിനെ തടഞ്ഞ് പൂജ ഖേദ്കറിന്‍റെ അമ്മ
പൊലീസിനെ വീടിനുള്ളിൽ പ്രവേശിക്കുന്നതിൽ നിന്നും പൂജ ഖേദ്കറിന്‍റെ അമ്മ തടഞ്ഞു. പൂജ ഖേദ്കറിന്‍റെ അമ്മ മനോരമ ഖേദ്കർ മോശമായി പെരുമാറിയെന്നും വാതിൽ തുറക്കാൻ വിസമ്മതിച്ചെന്നും നടപടികൾ തടസ്സപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. ഇതേത്തുടർന്ന് മനോരമ ഖേദ്കറിന് പൊലീസ് സമൻസ് അയച്ചു. കൂടുതൽ ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ പൂജയെ കേന്ദ്ര സർക്കാർ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ നിന്ന് പുറത്താക്കിയത്. വ്യാജരേഖ ചമച്ചു, പിന്നോക്ക വിഭാഗങ്ങൾക്കും (ഒ.ബി.സി) ഭിന്നശേഷിക്കാർക്കുമുള്ള സംവരണാനുകൂല്യങ്ങൾ അർഹതയില്ലാതെ നേടി എന്നീ കേസുകളിൽ പൂജ ഖേദ്കർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു.


