അദിതി മഹാവിദ്യാലയ, ശ്രീ ഓറോബിന്ദോ കോളേജ്, ഡോ. ബി ആർ അംബേദ്കർ കോളേജ്, ഭാരതി കോളേജ്, ശിവജി കോളേജ് എന്നിവിടങ്ങളിലാണ് എബിവിപി എല്ലാസീറ്റുകളും നേടിയത്.

ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് മുന്നേറ്റം. അഞ്ചിലേറെ കോളേജുകളിൽ എല്ലാ സീറ്റുകളിലും എബിവിപി സ്ഥാനാർഥികൾ വിജയിച്ചതായി സംഘടന അവകാശപ്പെട്ടു. രണ്ടുകോളേജുകളിലെ പ്രധാനസീറ്റുകൾ നേടിയതായി എസ്എഫ്ഐയും വിവിധ കോളേജുകളിൽ പ്രധാനസീറ്റുകളിൽ വിജയിച്ചതായി എൻഎസ്‍യുഐയും അവകാശപ്പെട്ടു.

അദിതി മഹാവിദ്യാലയ, ശ്രീ ഓറോബിന്ദോ കോളേജ്, ഡോ. ബി ആർ അംബേദ്കർ കോളേജ്, ഭാരതി കോളേജ്, ശിവജി കോളേജ് എന്നിവിടങ്ങളിലാണ് എബിവിപി എല്ലാസീറ്റുകളും നേടിയത്. രാംജാസ് കോളേജിൽ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സെൻട്രൽ കൗൺസിലർ സ്ഥാനങ്ങളും ശ്യാമപ്രസാദ് മുഖർജി കോളേജിൽ പ്രസിഡന്റ്, സെൻട്രൽ കൗൺസിലർ സ്ഥാനങ്ങളും കേശവ് മഹാവിദ്യാലയയിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളും എബിവിപിയ്ക്കാണ്.

സാക്കിർ ഹുസൈൻ കോളേജിൽ ജോയിന്റ് സെക്രട്ടറി സീറ്റിലും മിറാൻഡ ഹൗസ് കോളേജിൽ സെൻട്രൽ കൗൺസിലർ സീറ്റിലും ഭാസ്കാരാചാര്യ കോളേജിൽ പ്രസിഡന്റ് സീറ്റിലുമാണ് എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചത്. ആര്യഭട്ട കോളേജിൽ രണ്ട് സീറ്റുകളും ഭാസ്കാരാചാര്യ കോളേജ്, ശ്യാമപ്രസാദ് മുഖർജി കോളേജ് എന്നിവിടങ്ങളിൽ പ്രധാനസീറ്റുകളിലും വിജയിക്കാനായെന്ന് എൻഎസ്‍യുഐയും അവകാശപ്പെട്ടു.

അതേസമയം, ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ(DUSU) തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ ആരംഭിച്ചു. സർവകലാശാല യൂണിയന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണലാണ് നോർത്ത് ക്യാമ്പസിലെ യൂണിവേഴ്സ്റ്റി സ്പോർട്സ് സ്റ്റേഡിയത്തിൽ ആരംഭിച്ചത്. ശനിയാഴ്ച വൈകിട്ടോടെ ഫലപ്രഖ്യാപനമുണ്ടാകും.

രണ്ടുഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 40.46 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞതവണ പോളിങ് ശതമാനം 39.5 ശതമാനമായിരുന്നു. ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ 52 പോളിങ് സെന്ററുകളിലായിരുന്നു വോട്ടെടുപ്പ്. വെള്ളിയാഴ്ച രാവിലെ എട്ടരമുതൽ ഒരുമണി വരെയും വൈകിട്ട് മൂന്നുമതൽ ഏഴരവരെയും രണ്ടുഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പിന് ശേഷം 960 വോട്ടിങ് യന്ത്രങ്ങളും വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിച്ചു. എബിവിപി, എൻഎസ്‍യുഐ, ഐസ-എസ്എഫ്ഐ സഖ്യം എന്നിവരുടെ സ്ഥാനാ‍ർഥികളാണ് പ്രധാനമായും മത്സരരം​ഗത്തുള്ളത്.