ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് ഇന്ത്യയിലെ യുവാക്കളുടെ ഭാവി നശിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് ഏല്‍പ്പിച്ച ആഘാതത്തിന്‍റെയും തൊഴിലില്ലായ്മയുടെയും അനന്തരഫലമായുണ്ടായ യുവാക്കളുടെ പ്രതിഷേധം നേരിടാന്‍ മോദിക്കും അമിത് ഷായ്ക്കും കഴിയുന്നില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. 

'മോദിയും അമിത് ഷായും നിങ്ങളുടെ ഭാവി നശിപ്പിച്ചു. തൊഴിലില്ലായ്മയുടെയും സാമ്പത്തിക രംഗത്ത് ഏല്‍പ്പിച്ച ആഘാതത്തിന്‍റെയും ഫലമായി നിങ്ങള്‍ക്കുണ്ടാകുന്ന പ്രതിഷേധത്തെ നേരിടാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് അവര്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യക്കാരെ പരസ്പരം സ്നേഹിച്ചുകൊണ്ട് മാത്രമെ നമുക്ക് അവരെ പരാജയപ്പെടുത്താന്‍ കഴിയൂ'- ഇന്ത്യയിലെ യുവാക്കളെ അഭിസംബോധന ചെയ്ത് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ദില്ലി രാം ലീല മൈതാനിയി ല്‍ ബിജെപി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് മോദി സംസാരിച്ചതിന് പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.