ദില്ലി: ഉത്തര്‍പ്രദേശിലെ ജലക്ഷാമത്തിന് 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിര്‍ദ്ദേശം നല്‍കി നരേന്ദ്ര മോദി. ജലക്ഷാമം പരിഹരിക്കാന്‍ 9,000 കോടിരൂപ ഉത്തര്‍പ്രദേശിന് അനുവദിച്ചതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിനും കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്രസിങ് ശെഖാവത്തിനും മോദി നിര്‍ദ്ദേശം നല്‍കിയത്. 

പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി യോഗി ആദിത്യനാഥ് ഗജേന്ദ്ര സിങ് ശെഖാവത്തുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.  ജലക്ഷാമം പരിഹരിക്കുന്നതിലാവണം യുപി സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് മോദി നേരത്ത നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉത്തര്‍പ്രദേശിലെ ജലക്ഷാമം പരിഹരിക്കുന്നതോടെ രാജ്യത്തെ ജലദൗര്‍ലഭ്യം പകുതിയോളം കുറയ്ക്കാനാകുമെന്ന് മോദി അഭിപ്രായപ്പെട്ടു.  സ്ഥിതിഗതികള്‍ വഷളാകുന്നതിന് മുമ്പ് പ്രശ്നത്തിന് ഉടന്‍ പരിഹാരമുണ്ടാകണമെന്നും മോദി നിര്‍ദ്ദേശിച്ചു.