പശ്ചിമ ബംഗാളിലെ സ്ത്രീ സുരക്ഷാ പരാജയത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷ വിമർശനം ഉന്നയിച്ചു. തൃണമൂൽ ഭരണത്തിൽ 'മാ മാതി മാനുഷ്' മുദ്രാവാക്യം വഞ്ചിക്കപ്പെട്ടുവെന്നും അമ്മമാർ കരയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കടുത്ത വിമർശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 15 വർഷത്തെ തൃണമൂൽ ഭരണത്തിൽ സംസ്ഥാനത്തെ സ്ത്രീകൾ നേരിട്ട അതിക്രമങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മോദിയുടെ ആക്രമണം. തൃണമൂൽ കോൺഗ്രസിന്‍റെ വിഖ്യാതമായ 'മാ മാതി മാനുഷ്' (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന മുദ്രാവാക്യത്തെ പാർട്ടി തന്നെ വഞ്ചിച്ചുവെന്ന് അദ്ദേഹം പരിഹസിച്ചു. "ഇന്ന് ബംഗാളിൽ 'അമ്മ' കരയുകയാണ്, ഇവിടുത്തെ 'മണ്ണ്' നുഴഞ്ഞുകയറ്റക്കാരുടെ കയ്യിലാണ്, 'മനുഷ്യൻ' ഭയത്തിന്‍റെ നിഴലിലുമാണ്" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ തൃണമൂൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് മോദി കുറ്റപ്പെടുത്തി. ആർ ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ പീഡന മരണവും കാംദുനിയിലെ ക്രൂരമായ കൂട്ടബലാത്സംഗവും ഉൾപ്പെടെയുള്ള സംഭവങ്ങൾ അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. പാർക്ക് സ്ട്രീറ്റ് ഗ്യാങ് റേപ്പ്, ഹൻസ്ഖാലി, ദുർഗാപൂർ മെഡിക്കൽ കോളേജ് കേസുകൾ തുടങ്ങി സംസ്ഥാനത്തെ നടുക്കിയ നിരവധി അതിക്രമങ്ങൾ അദ്ദേഹം അക്കമിട്ട് നിരത്തി. ഭൂരിഭാഗം കേസുകളിലും തൃണമൂൽ നേതാക്കൾക്കാണ് പങ്കെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാർ ഇരകളെ കുറ്റപ്പെടുത്തുകയാണെന്നും മോദി ആരോപിച്ചു.
മമത ബാനർജിയുടെ പ്രധാന വോട്ട് ബാങ്കായ സ്ത്രീകളെ ലക്ഷ്യം വെച്ചായിരുന്നു പ്രധാനമന്ത്രിയുടെ നീക്കങ്ങൾ. ലക്ഷ്മിർ ഭണ്ഡാർ, കന്യാശ്രീ തുടങ്ങിയ പദ്ധതികളിലൂടെ മമത നേടിയെടുത്ത സ്വാധീനത്തെ തകർക്കാൻ സന്ദേശ്ഖാലിയിലെ സ്ത്രീ പീഡന വിവാദങ്ങൾ മുതൽ ബിജെപി ശ്രമിച്ചുവരികയാണ്. തൃണമൂലിന്‍റെ ഭരണത്തിന് കീഴിൽ സ്ത്രീ ശാക്തീകരണത്തിൽ മുന്നിലായിരുന്ന ബംഗാൾ അധഃപതിച്ചുവെന്നും ഇതിനെതിരെ ബംഗാളിലെ സഹോദരിമാർ ഒന്നടങ്കം ഉണർന്നു കഴിഞ്ഞുവെന്നും ആദ്യഘട്ട വോട്ടിംഗിൽ ഇതിന്റെ പ്രതിഫലനം കണ്ടുവെന്നും മോദി അവകാശപ്പെട്ടു.
ജൂൺ നാലിന് ഫലം പുറത്തുവരുന്നതോടെ ബംഗാളിലെ ഓരോ അക്രമിയും അഴിമതിക്കാരനും കണക്ക് പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 91 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയ ഒന്നാം ഘട്ടത്തിന് പിന്നാലെ ഇരുപാർട്ടികളും ആത്മവിശ്വാസത്തിലാണ്. ഏപ്രിൽ 29-ന് രണ്ടാം ഘട്ട വോട്ടെടുപ്പും മെയ് 4-ന് വോട്ടെണ്ണലും നടക്കാനിരിക്കെ ബംഗാളിൽ രാഷ്ട്രീയ പോരാട്ടം അതിന്റെ ഉച്ചസ്ഥായിയിലാണ്.


