ചെന്നൈ: മഹാബലിപുരത്തെ ഇന്ത്യ - ചൈന ഉച്ചകോടി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ പുതിയ പാത തുറന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ഇത് സഹായകമായി. നയതന്ത്രതലത്തിലുള്ള ആശയവിനിമയം കൂടി. ഒരു തരത്തിലുള്ള സംഘർഷവും വർദ്ധിപ്പിക്കില്ലെന്നും ആഗോള സഹകരണം വർദ്ധിപ്പിക്കുമെന്നും പരസ്പരം ഉറപ്പ് നൽകിയെന്ന് മോദി വ്യക്തമാക്കി.

നേരത്തേ നടന്ന വുഹാൻ അനൗദ്യോഗിക ഉച്ചകോടിക്ക് ശേഷം, ചെന്നൈ ചാപ്റ്റർ ഇന്ത്യ - ചൈന ബന്ധത്തിലെ പുതിയ അധ്യായമാണെന്ന് മോദിയുടെ പ്രസ്താവനയിൽ പറഞ്ഞു. 

അതേസമയം, ആഴത്തിലുള്ള ചർച്ചകൾ അനൗദ്യോഗിക ഉച്ചകോടിയ്ക്കിടെ നടന്നെന്ന് ചൈനീസ് പ്രസിഡന്‍റ് സീ ജിങ്പിങിന്‍റെ പ്രസ്താവനയിൽ പറഞ്ഞു. നയതന്ത്രബന്ധത്തിൽ ഹൃദയം തുറന്നുള്ള ചർച്ചയുണ്ടായെന്നും സീ ജിൻപിങ് വ്യക്തമാക്കി. 

നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിനിധി തലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് സീ ജിൻപിങും തമ്മിലുള്ള അനൗദ്യോഗിക കൂടിക്കാഴ്ച പതിനൊന്നരയോടെയാണ് പൂർത്തിയായത്. രാവിലെ പത്ത് മണിയോടെ തുടങ്ങിയ കൂടിക്കാഴ്ച നാൽപത് മിനിറ്റോളം നീളുമെന്നാണ് കരുതിയിരുന്നതെങ്കിലും കുറച്ച് സമയം കൂടി നീണ്ടു. കൂടിക്കാഴ്ചയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. തുറന്ന ചർച്ചയാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മഹാബലിപുരം കോവളത്തെ താജ് ഫിഷർമെൻസ് കോവ് ഹോട്ടലിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. വെങ്കലത്തിൽ തീർത്ത വിഷ്ണുപ്രതിമയടക്കം വച്ച് അലങ്കരിച്ച ഇടത്തായിരുന്നു ഇരുവരും അനൗദ്യോഗികമായി ചർച്ച നടത്തിയത്. 

അനൗദ്യോഗിക ഉച്ചകോടിയായതിനാൽ സംയുക്ത പ്രസ്താവന ഒഴിവാക്കി ഇരുനേതാക്കളും വെവ്വേറെ പ്രസ്താവനകളാണ് നടത്തിയത്. 

ഇന്നലെ ഇരുവരും തമ്മിൽ അത്താഴ വിരുന്നിനിടെ നടത്തിയ കൂടിക്കാഴ്ചയിൽ കശ്മീരും ചർച്ചയായെന്ന സൂചനകളാണ് ലഭിക്കുന്നത്. തീവ്രവാദത്തെയും മൗലികവാദത്തെയും ഒന്നിച്ച് നേരിടുമെന്ന് ഇരുനേതാക്കളും നിലപാടെടുത്തു. ഇന്ത്യയുടെയും ചൈനയുടെയും നയതന്ത്രസഹകരണങ്ങൾ തുടങ്ങിയിട്ട് അടുത്ത വർഷം എഴുപത് വർഷം തികയും. ഈ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള നടപടികൾ വേണമെന്ന് ചൈനീസ് പ്രസിഡന്‍റ് സീ ജിങ്പിങ് ആവ‌ശ്യപ്പെട്ടു. 

Read more at: മാമല്ലപുരത്ത് അവരിരുവരും പറഞ്ഞതെന്ത് ? ഉറ്റുനോക്കി ലോകം

ഉച്ചയ്ക്ക് ഇരുവരും ചേർന്ന് കടൽത്തീരത്ത് നടത്തുന്ന ഉച്ചയൂണോടെ ഉച്ചകോടിയ്ക്ക് അവസാനമാകും. ഇതിന് ശേഷം സീ ജിൻപിങ് പോകുന്നത് നേപ്പാളിലേയ്ക്കാണ്. 

ചെന്നൈയിലെ ആഢംബരഹോട്ടലിൽ തങ്ങിയിരുന്ന ചൈനീസ് പ്രസിഡന്‍റ് ഇന്ന് രാവിലെയാണ് മഹാബലിപുരത്തേയ്ക്ക് തിരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി താമസിച്ചത് മഹാബലിപുരത്ത് തന്നെയായിരുന്നു. രാവിലെ പ്രഭാത നടത്തത്തിന് ഇറങ്ങിയ അദ്ദേഹം തീരം ശുചിയാക്കിയതിന്‍റെ ചിത്രങ്ങളും ട്വീറ്റ് ചെയ്തു. 

Read more at: ബീച്ചിൽ ഒരു 'മോണിംഗ് വാക്ക്': മഹാബലിപുരത്തെ തീരം വൃത്തിയാക്കുന്ന ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്ത് മോദി