ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ പ്രാവുകൾക്ക് തീറ്റ നൽകുന്നത് നിരോധിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കബൂതർഖാനകൾ മൂടാൻ ബിഎംസി തീരുമാനിച്ചതാണ് പ്രതിഷേധത്തിന് കാരണം.
മുംബൈ: മുംബൈയുടെ പ്രശസ്തമായ കാഴ്ചകളിൽ ഒന്നായ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ പ്രാവുകൾക്ക് തീറ്റ നൽകുന്നത് നിരോധിച്ചതോടെ ഉയരുന്നത് കനത്ത പ്രതിഷേധം. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് കബൂതർഖാനകൾ (പ്രാവുകൾക്ക് തീറ്റ നൽകുന്ന സ്ഥലങ്ങൾ) ടാർപോളിൻ ഷീറ്റുകൾ ഉപയോഗിച്ച് മൂടാൻ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തീരുമാനിച്ചതോടെയാണ് സംഭവം വിവാദമായത്.
ബിഎംസിയുടെ ഈ നടപടിക്കെതിരെ ജൈന സമൂഹം വലിയ പ്രതിഷേധം ഉയർത്തി. പ്രമുഖ ജൈന സന്യാസി നരേശ്ചന്ദ്രജി മഹാരാജ് നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 10 മുതൽ നിരാഹാര സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. അധികാരികൾ പക്ഷികൾക്ക് തീറ്റ നൽകുന്നത് നിർബന്ധപൂർവ്വം തടഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിന് പ്രാവുകളാണ് വിശന്നു ചത്തത്. ദാദറിലെ കബൂതർഖാനകളും മറ്റ് തീറ്റ നൽകുന്ന സ്ഥലങ്ങളും ബിഎംസി അടച്ചുപൂട്ടി. പ്രാവിന്‍റെ തീറ്റ നിരോധിച്ച ഈ ക്രൂരമായ നടപടിയെ ഞങ്ങൾ എതിർക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജസ്റ്റ് സ്മൈൽ ചാരിറ്റബിൾ ട്രസ്റ്റിലെ സാമൂഹ്യപ്രവർത്തകയായ സ്നേഹ വിസാരിയയും ഈ നീക്കത്തെ വിമർശിച്ചു. പ്രാവുകൾക്ക് തീറ്റ നൽകുന്നത് നിർത്തിവെച്ചതോടെ 50,000-ത്തിലധികം പ്രാവുകളാണ് തെരുവുകളിലും ടെറസുകളിലുമായി ചാകുന്നത്. അതുകൊണ്ട് ഈ നിരോധനം തെറ്റാണെന്ന് അവർ കൂട്ടിച്ചേർത്തു. പ്രാവുകൾക്ക് തീറ്റ നൽകുന്നത് ഭാഗ്യവും അനുഗ്രഹവും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന ജൈന, ഗുജറാത്തി സമൂഹങ്ങളുടെ ഒരു പ്രധാന ആചാരമാണ് ഈ കബൂതർഖാനകൾ. പൊതു, പൈതൃക സ്ഥലങ്ങളിൽ പ്രാവിന് തീറ്റ നൽകുന്നത് നിർത്താൻ ബോംബെ ഹൈക്കോടതി മുംബൈ കോര്‍പറേഷന് നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ, കഴിഞ്ഞ വർഷങ്ങളിൽ ഈ നിരോധനം കർശനമായി നടപ്പാക്കിയിരുന്നില്ല. ഓഗസ്റ്റ് മൂന്നിന് പൊതുസ്ഥലത്ത് പ്രാവിന് തീറ്റ നൽകിയ ഒരാൾക്കെതിരെ മുംബൈ പൊലീസ് ആദ്യമായി കേസെടുത്തു. വിഷയം ഇപ്പോൾ രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. പ്രാവുകൾക്ക് തീറ്റ നൽകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഒരു മഹാരാഷ്ട്ര മന്ത്രി മുനിസിപ്പൽ കമ്മീഷണറോട് ആവശ്യപ്പെട്ടു. ഇതിന് പരിഹാരം കണ്ടെത്താൻ ഒരു സമിതിയെ നിയോഗിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
എന്നാൽ ഉണങ്ങിയ പ്രാവിൻ കാഷ്ഠത്തിൽ നിന്ന് വരുന്ന ഫംഗസും വൈറസുകളും ശ്വാസകോശ രോഗങ്ങൾക്കും അണുബാധകൾക്കും കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ പ്രാവുകൾ പൊതുസ്ഥലങ്ങൾ വൃത്തികേടാക്കുകയും പൈതൃക കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. അവയുടെ കാഷ്ഠത്തിലെ ആസിഡ് പഴയ കല്ലുകൾക്ക് നാശമുണ്ടാക്കുകയും അറ്റകുറ്റപ്പണികളുടെ ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.
