''രാജ്യത്ത് ഏകദേശം 400 ടിവി ചാനലുകൾ പ്രവർത്തിക്കുന്നു. അവയിൽ ദിവസം മുഴുവനും ഓരോ തരത്തിലുള്ള പരാമർശങ്ങൾ നടത്തിക്കൊണ്ടേയിരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെക്കുറിച്ച് മതിപ്പ് ഉണ്ടാക്കുന്നത് തെറ്റാണെന്ന് തനിക്ക് തോന്നുന്നു''.
ദില്ലി: ബിജെപി വക്താവായിരുന്ന നൂപുർ ശർമ്മയുടെ പ്രവാചക നിന്ദാ പരാമർശ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വി. ഒരാളുടെ വ്യക്തിപരമായ അഭിപ്രായം എങ്ങനെ സർക്കാറിന്റെയും രാജ്യത്തിന്റെയും വീക്ഷണമാകുമെന്ന് അദ്ദേഹം ചോദിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഏതെങ്കിലും ഒരു വ്യക്തിയുടെ പരാമർശം എങ്ങനെ രാജ്യവുമായി ബന്ധപ്പെടുത്താനാകും. എങ്ങനെയാണ് അത് ഇന്ത്യയുടെയും സർക്കാരിന്റെയും വീക്ഷണമാകുന്നത്. വിവാദ പരാമർശം നടത്തിയ ഉടൻ പാർട്ടി നടപടിയെടുത്തു. ഈ രാജ്യത്ത് ഏകദേശം 400 ടിവി ചാനലുകൾ പ്രവർത്തിക്കുന്നു. അവയിൽ ദിവസം മുഴുവനും ഓരോ തരത്തിലുള്ള പരാമർശങ്ങൾ നടത്തിക്കൊണ്ടേയിരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെക്കുറിച്ച് മതിപ്പ് ഉണ്ടാക്കുന്നത് തെറ്റാണെന്ന് തനിക്ക് തോന്നുന്നു.
നൂപുർ ശർമ്മക്ക് പിന്തുണ നൽകിയ യുവാവിനെതിരെ ആൾക്കൂട്ട ആക്രമണം; അറസ്റ്റ് ചെയ്ത് പൊലീസ്
ദേവന്മാർക്കും ദേവതകൾക്കും പ്രവാചകന്മാർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത് ഇന്ത്യയുടെ സംസ്കാരമല്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യം ‘വസുധൈവ കുടുംബകം’ എന്ന തത്വത്തിൽ വിശ്വസിക്കുന്നു. നമ്മൾ സംസാരിക്കുന്നത് ‘സർവേ ഭവന്തു സുഖിനഃ സർവേ സന്തു നിരാമയ’ (എല്ലാവർക്കും സന്തോഷമാകട്ടെ) എന്നാണ്. ഇതാണ് നമ്മുടെ സംസ്കാരവും പാരമ്പര്യവും. എല്ലാ മതസ്ഥരും, നിരീശ്വരവാദികളും പോലും സമാധാനപരമായി ജീവിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
