ദില്ലി: നടി ഐശ്വര്യ റായിയെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ മീം പ്രചരിപ്പിച്ച സംഭവത്തിൽ നടന്‍ വിവേക് ഒബ്‌റോയ്ക്കെതിരെ മഹിളാ കോണ്‍ഗ്രസിന്റെ പരാതി. ഒബ്‌റോയിയുടെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് മഹിളാ കോണ്‍ഗ്രസിന്റെ മുംബൈ ഘടകം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മീമാണ് ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിവേക് പ്രചരിപ്പിച്ചത്. സല്‍മാൻ ഖാനുമായുണ്ടായിരുന്ന ഐശ്വര്യയുടെ പ്രണയത്തെ അഭിപ്രായ സര്‍വേയായും വിവേക് ഒബ്രോയുമായുള്ള താരത്തിന്റെ പ്രണയത്തെ എക്‌സിറ്റ് പോളുമായിട്ടും അഭിഷേക് ബച്ചനെ കല്ല്യാണം കഴിച്ചത് തെരഞ്ഞെടുപ്പ് ഫലമായിട്ടുമാണ് വിവേക് പോസ്റ്റ് ചെയ്ത ട്രോളിലുള്ളത്. 

സമൂഹത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ശക്തമായതോടെ വിവേക് ട്വിറ്ററിൽ പങ്കുവച്ച മീം പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മഹിളാ കോണ്‍ഗ്രസ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. 

മീമിനുള്ള തന്റെ മറുപടി ഒരു സ്ത്രീയെ എങ്കിലും അധിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് പരിഹാരം ചെയ്യേണ്ട പ്രവൃത്തിയാണെന്നും അതിനാൽ‌ താൻ മാപ്പ് പറയുന്നുവെന്നുമാണ് വിവേക് ട്വിറ്ററിൽ കുറിച്ചിരുന്നത്. 
 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.