ഭോപ്പാൽ: ലോക്ക് ഡൗണിനിടെ മരിച്ച ഹിന്ദുസ്ത്രീയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി മുസ്ലിം അയല്‍വാസികള്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ശ്വാസകോശരോഗത്തെ തുടർന്ന് മരിച്ച സ്ത്രീയുടെ മൃതദേഹമാണ് മുസ്ലിം അയൽവാസികൾ സംസ്കരിച്ചതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

ലോക്ക് ഡൗണിനെ തുടര്‍ന്ന് ബന്ധുക്കള്‍ക്ക് എത്താന്‍ കഴിയാതെ വന്നതോടെയാണ് അയൽവാസികൾ കര്‍മ്മം നടത്തിയത്. സ്ത്രീ മരിക്കുമ്പോള്‍ അടുത്ത ബന്ധുക്കള്‍ ആരും ഉണ്ടായിരുന്നില്ലെന്നും തുടർന്ന് തങ്ങൾ മൃതദേഹം ചോള വിഷാരഘട്ടിലെ ശ്മശാനത്തില്‍ എത്തിക്കുകയായിരുന്നുവെന്നും ഷാഹിദ് ഖാന്‍ എന്നയാൾ പറയുന്നു. 

20 പേര്‍ മാത്രമേ അന്ത്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പാടുള്ളു എന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നതുകൊണ്ടാണ്, അല്ലെങ്കില്‍ സമുദായംഗങ്ങള്‍ മുഴുവന്‍ ശ്മശാനത്തില്‍ എത്തുമായിരുന്നു എന്നും ഷാഹിദ് കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം, ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് സാമുദായിക ഐക്യത്തിന് ഉദാഹരണമാണ് ഈ സംഭവമെന്ന് ട്വിറ്ററിൽ കുറിച്ചു. സമാനമായ സംഭവം നേരത്തെയും നടന്നിരുന്നു. ക്യാന്‍സര്‍ ബാധിച്ച് മരിച്ച ഹിന്ദുവായ അയല്‍വാസിക്ക് വേണ്ടി 
മുസ്ലിം യുവാവായിരുന്നു കര്‍മ്മങ്ങള്‍ ചെയ്തത്. മീററ്റിലായിരുന്നു സംഭവം. ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധിതനായിരുന്ന നാല്‍പതുകാരനായ രവിശങ്കര്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മരിച്ചത്. 

Read Also; ലോക്ക് ഡൗണിൽ ബന്ധുക്കൾ കുടുങ്ങി; ഹിന്ദു സഹോദരന്റെ അന്ത്യ കർമ്മങ്ങൾ ചെയ്ത് അയൽവാസിയായ മുസ്ലീം