ശനിവാർവാഡ കോട്ടയിൽ മുസ്ലീം സ്ത്രീകൾ നമസ്കരിച്ചതിന് പിന്നാലെ ​ഗോമൂത്രമുപയോ​ഗിച്ച് 'ശുദ്ധീകരിച്ച്' ബിജെപി എംപി. അവരുടെ അനുയായികൾ ഗോമൂത്രം ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കുകയും ആചാരത്തിന്റെ ഭാഗമായി ശിവവന്ദനം നടത്തുകയും ചെയ്തു.

മുംബൈ: പുണെയിലെ പ്രശസ്തമായ ശനിവാർവാഡ കോട്ടയിൽ മുസ്ലീം സ്ത്രീകൾ നമസ്‌കരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ബിജെപി രാജ്യസഭാ എംപി മേധ കുൽക്കർണി ‘ശുദ്ധീകരണം’ നടത്തിയ നടപടി വിവാദത്തിൽ. രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ശുദ്ധീകരണ’ സംഭവത്തെ പ്രതിപക്ഷമായ മഹാവികാസ് അഘാഡി അപലപിച്ചു. ശനിവാർവാഡയിൽ മുസ്ലീം സ്ത്രീകൾ നമസ്‌കരിക്കുന്നത് കണ്ട് ബിജെപി പ്രവർത്തകർ അവിടെ ഗോമൂത്രം തളിച്ചു. ശനിവാർവാഡ അവർക്ക് ഒരു തീർത്ഥാടന കേന്ദ്രമായി തോന്നുന്നുണ്ടോയെന്നും അവിടെ ഇരുന്ന് രാമനാമം ജപിക്കുന്നത് ആരെങ്കിലും തടയുന്നുണ്ടോയെന്നും കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് ചോദിച്ചു. ഒരാളുടെ ആരാധനയെ ഇത്തരത്തിൽ അപമാനിക്കുന്നത് ശരിയല്ലെന്നും ഗുരുതരമായ പ്രവൃത്തിയാണെന്നും സമാജ്‌വാദി പാർട്ടി നേതാവും എംഎൽഎയുമായ അബു അസിം ആസ്മി പറഞ്ഞു. ഈ രാജ്യത്തെ മുസ്ലീങ്ങൾ ഈ മണ്ണിൽ പ്രണാമം അർപ്പിക്കുന്നു. പക്ഷേ ഈ വിദ്വേഷപ്രിയർക്ക് അത് ഇഷ്ടമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

പിന്നാലെ മറുപടിയുമായി ബിജെപിയും രം​ഗത്തെത്തി. ശനിവാർവാഡ ഹിന്ദുക്കളുടെ ഹൃദയങ്ങളോട് വളരെ അടുത്ത് നിൽക്കുന്ന കോട്ടയാണ്. നാളെ ഹിന്ദു സംഘടനകൾ ഹാജി അലിയുടെ അടുത്ത് ചെന്ന് ഹനുമാൻ ചാലിസ ചൊല്ലിയാൽ നിങ്ങൾക്ക് എന്ത് തോന്നുമെന്നും ബിജെപി വക്താവ് ചോദിച്ചു.

ശനിയാഴ്ച, ശനിവാർവാഡ കോട്ടയിൽ മുസ്ലീം സ്ത്രീകൾ നമസ്‌കരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചിരുന്നു. തുടർന്ന് സകൽ ഹിന്ദു സമാജ്, പതിത് പവൻ സംഘടന തുടങ്ങിയ നിരവധി വലതുപക്ഷ സംഘടനകൾ ഇതിനെ അപലപിച്ച് രം​ഗത്തെത്തി. പിന്നാലെ, രാജ്യസഭാ എംപിയും മുൻ എംഎൽഎയുമായ ഡോ. കുൽക്കർണി പ്രകടനം നയിച്ച് കോട്ടയിലെത്തി. അവരുടെ അനുയായികൾ ഗോമൂത്രം ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കുകയും ആചാരത്തിന്റെ ഭാഗമായി ശിവവന്ദനം നടത്തുകയും ചെയ്തു.

ശനിവാർവാഡ ഒരു ചരിത്ര സ്ഥലമാണ്. മറാത്ത സാമ്രാജ്യം അറ്റോക്കിൽ നിന്ന് കട്ടക്കിലേക്ക് വ്യാപിച്ച കേന്ദ്രമായ നമ്മുടെ വിജയത്തിന്റെ പ്രതീകമാണിത്. ആരെങ്കിലും ഇവിടെ വന്ന് നമസ്‌കാരം ചെയ്താൽ ഞങ്ങൾ അത് സഹിക്കില്ലെന്ന് കുൽക്കർണി എക്‌സിൽ എഴുതി. ഛത്രപതി ശിവാജി സ്ഥാപിച്ച ഹിന്ദവി-സ്വരാജ്യത്തിന്റെ പ്രതീകമാണിത്. ഇവിടെ ആരെയും നമസ്‌കരിക്കാൻ ഞങ്ങൾക്ക് അനുവദിക്കാനാവില്ല. അതൊരു പള്ളിയല്ലെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ബിജെപി ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ ജെ പി നദ്ദ, സംസ്ഥാന ബിജെപി മേധാവി രവീന്ദ്ര ചവാൻ എന്നിവരെയും ടാഗ് ചെയ്തു. 

1732 ൽ നിർമ്മിക്കപ്പെട്ട ശനിവാർവാഡ കോട്ട 1818 വരെ മറാത്ത സാമ്രാജ്യത്തിലെ പേഷ്വാമാരുടെ ആസ്ഥാനമായിരുന്നു. 1828-ൽ ഒരു അജ്ഞാത തീപിടുത്തത്തിൽ കോട്ട വലിയതോതിൽ നശിപ്പിക്കപ്പെട്ടു, എന്നിരുന്നാലും, അവശേഷിക്കുന്ന ഘടന വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) കോട്ടയുടെ സംരക്ഷണവും നടത്തിപ്പും ഏറ്റെടുത്തു. നിലവില്‍ ശനിവാർവാഡ എ.എസ്.ഐ.യുടെ സംരക്ഷിത ചരിത്ര സ്മാരകമാണ്.