പാര്‍ലമെന്‍റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്താല്‍ ഭൂരിഭാഗം പേരും പിന്തുണയക്കുമെന്ന് കലഡ്ക പ്രഭാകര്‍ അവകാശപ്പെട്ടു

ബെംഗളൂരു: ഭാവിയില്‍ ദേശീയ പതാകയ്ക്ക് (National Flag) പകരം കാവി പതാക (Saffron Flag) സ്ഥാപിക്കുമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ആർ എസ് എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട് (Kalladka Prabhakar Bhat) രംഗത്തെത്തി. ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കുമെന്നും ഇതിനായി ഹിന്ദു സംഘടനകള്‍ ഒരുമിച്ച് നില്‍ക്കണമെന്നും കല്ലഡ്ക പ്രഭാകര്‍ പറഞ്ഞു. പാര്‍ലമെന്‍റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്താല്‍ ഭൂരിഭാഗം പേരും പിന്തുണയക്കുമെന്ന് കലഡ്ക പ്രഭാകര്‍ അവകാശപ്പെട്ടു. മംഗ്ലൂരുവില്‍ വി എച്ച് പി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ആർ എസ് എസ് നേതാവിന്‍റെ വിവാദ പ്രസ്താവന.

Scroll to load tweet…

കാവി കൊടി വിവാദത്തിൽ കർണാടക മന്ത്രിയും

ചെങ്കോട്ടയില്‍ കാവികൊടി ഉയര്‍ത്തുമെന്ന പ്രസ്താവനയുമായി കര്‍ണാടകയിലെ മന്ത്രി കെ എസ് ഈശ്വരപ്പ (K S Eshwarappa) കഴിഞ്ഞ ആഴ്ച രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ത്രിവർണ പതാകയ്ക്ക് പകരം കാവിക്കൊടി ഭാവിയിൽ ദേശീയ പതാകയാവുമെന്നാണ് കെ എസ് ഈശ്വരപ്പ പറഞ്ഞത്. ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ഷിമോഗയിലെ സര്‍ക്കാര്‍ കോളേജില്‍ ത്രിവർണ പതാക മാറ്റി വിദ്യാർത്ഥികൾ കാവിക്കൊടി ഉയർത്തിയെന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്‍റെ പ്രസ്താവനയോട് പ്രതികരിക്കവേയായിരുന്നു വിവാദ പ്രസ്താവന.

അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന് മുന്‍പ് പറഞ്ഞപ്പോൾ ആളുകൾ നമ്മളെ നോക്കി ചിരിച്ചില്ലേ? എന്നാലതിപ്പോള്‍ സാധ്യമായില്ലേ? അതുപോലെ നൂറോ ഇരുന്നൂറോ അഞ്ഞൂറോ വർഷങ്ങൾക്കുള്ളിൽ കാവിക്കൊടി ദേശീയ പതാകയാകും. ഹിന്ദു ധർമ്മം നടപ്പാവുന്ന സമയത്ത് ചെങ്കോട്ടയില്‍ കാവിക്കൊടി ഉയരും. നൂറ്റാണ്ടുകൾക്കുമുമ്പ് രാമന്‍റെയും ഹനുമാന്‍റെയും രഥങ്ങളിൽ കാവിക്കൊടി ഉണ്ടായിരുന്നു. അന്ന് നമ്മുടെ നാട്ടിൽ ത്രിവർണ പതാക ഉണ്ടായിരുന്നോ? എന്നാലിപ്പോള്‍ ത്രിവർണ്ണ പതാക നമ്മുടെ ദേശീയ പതാകയാണ്. അതിനെ ബഹുമാനിക്കണം. ദേശീയ പതാകയെ ബഹുമാനിക്കാത്തവര്‍ രാജ്യദ്രോഹികളാണെന്നും കെ എസ് ഈശ്വരപ്പ പറഞ്ഞു.

ഈശ്വരപ്പയ്ക്കെതിരെ പ്രതിഷേധം

കാവി കൊടി ചെങ്കോട്ടയിലുയരുമെന്ന പരാമ‍ർശത്തിലൂടെ കെ എസ് ഈശ്വരപ്പ ദേശീയപതാകയെ അപമാനിച്ചെന്നാരോപിച്ച് കര്‍ണാടക നിയമസഭയിലും പുറത്തും കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈശ്വരപ്പയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ദേശീയപതാകയെ അപമാനിച്ചതിന് രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കണമെന്നും നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്തുമെന്ന് പറഞ്ഞ മന്ത്രിയെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഇത്തരമൊരു പ്രസ്താവ നടത്തിയ ശേഷം മന്ത്രിയായി തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഈശ്വരപ്പയ്ക്കെതിരെയും സമാനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെങ്കോട്ടയില്‍ കാവിക്കൊടി ഉയര്‍ത്തുമെന്ന് മന്ത്രി; നിയമസഭയില്‍ വാക്കേറ്റം

ഒരു മന്ത്രിക്കെതിരെ കൃത്യമായ വിവരങ്ങള്‍ ഇല്ലാതെ ആരോപണം ഉന്നയിക്കരുതെന്നും വിവരങ്ങള്‍ ഇല്ലെങ്കില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നവര്‍ മുഴുവന്‍ വായിച്ചുനോക്കണമെന്നുമായിരുന്നു നിയമ മന്ത്രി ജെ സി മധുസ്വാമിയുടെ മറുപടി. ഈശ്വരപ്പ ദേശവിരുദ്ധ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിജാബ് വിവാദത്തില്‍ കോണ്‍ഗ്രസിന്റെ വാദങ്ങള്‍ ദുര്‍ബലമായതിനാലാണ് ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ പക്ഷം.

'ഒരുനാൾ ചെങ്കോട്ടയിൽ കാവിക്കൊടി ഉയരും'; വിവാദ പ്രസ്താവനയുമായി കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പ