Asianet News MalayalamAsianet News Malayalam

'ഇഡിയെ ഉപയോ​ഗിച്ച് വേട്ടയാടുന്നു'; രാജ്യമാകെ പ്രതിഷേധത്തിന് കോൺ​ഗ്രസ്, ഗൂഢശ്രമം ചെറുക്കുമെന്ന് കെസി

'കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിരന്തരം ശക്തമായ വിമർശനമുയർത്തുന്നതിനാലാണ്  സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡിയെ ഉപയോഗിച്ച് കള്ളപ്പണ ആരോപണമുയർത്തി വീണ്ടും കേസ് അന്വേഷിക്കുന്നത്'

national herald corruption case congress protest against ed
Author
Delhi, First Published Jun 12, 2022, 8:54 PM IST

ദില്ലി: സോണിയാ ഗാന്ധിയെയും (Sonia Gandhi) രാഹുൽ ഗാന്ധിയെയും (Rahul Gandhi) അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് വേട്ടയാടാനുള്ള മോദി സർക്കാരിന്റെ (Modi Govt) നീക്കം രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി (K C Venugopal MP). 2015ൽ ബിജെപി നേതൃത്വം കൊടുത്ത കേന്ദ്ര സർക്കാർ അന്വേഷിച്ചു കഴമ്പില്ലെന്ന് കണ്ടെത്തി അവസാനിപിച്ച നാഷണൽ ഹെറാൾഡ് കേസ് കോൺഗ്രസ് നേതൃത്വത്തെ വേട്ടയാടാൻ വേണ്ടിയാണ് വീണ്ടും അന്വേഷിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിരന്തരം ശക്തമായ വിമർശനമുയർത്തുന്നതിനാലാണ്  സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡിയെ ഉപയോഗിച്ച് കള്ളപ്പണ ആരോപണമുയർത്തി വീണ്ടും കേസ് അന്വേഷിക്കുന്നത്. തിങ്കളാഴ്ച രാഹുൽ ഗാന്ധി ഇഡിക്ക് മുൻപിൽ ഹാജരാകുമ്പോൾ പ്രതിഷേധ സൂചകമായി  കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും എംപിമാരും പോഷക സംഘടനാ നേതാക്കളും എഐസിസി ആസ്ഥാനത്ത് നിന്ന് ഇഡി ഓഫീസിലേക്ക് രാഹുൽ ഗാന്ധിയെ അനുഗമിക്കുമെന്നും വേണു​ഗോപാൽ അറിയിച്ചു. 

പ്രതിഷേധ സൂചകമായി സംസ്ഥാനങ്ങളിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇഡി ഓഫീസുകളിലേക്ക് മാർച്ച് നടത്തും. കേരളത്തിൽ കോഴിക്കോട്ടും എറണാകുളത്തുമുള്ള ഇഡി ഓഫീസുകളിലേക്കാണ് പ്രതിഷേധ മാർച്ച് നടക്കുക. ഒരിക്കൽ  ഇഡി തന്നെ അവസാനിപ്പിച്ച നാഷണൽ ഹെറാൾഡ് കേസ് പ്രതികാര രാഷ്ട്രീയ ആയുധമാക്കി മാറ്റി കോൺഗ്രസ് ദേശീയ  നേതൃത്വത്തെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢശ്രമം ഒറ്റക്കെട്ടായി ചെറുക്കും. സ്വാതന്ത്ര്യസമര ചരിത്ര പാരമ്പര്യമുള്ള നാഷണൽ ഹെറാൾഡ് ദിനപത്രം, സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത  സംഘപരിവാർ പിന്മുറക്കാർക്കു രാഷ്ട്രീയ വൈരം തീർക്കാനുള്ള ഉപാധിയായി ഇക്കാലത്തും മാറ്റുന്നുവെന്നതിൽ അതിശയമില്ല.

നിയമപരമായ എല്ലാ വ്യവസ്ഥകളും പാലിച്ചാണ് നാഷണൽ ഹെറാൾഡ് ഇടപാട് നടന്നിരിക്കുന്നത്. കള്ളപ്പണ ഇടപാട് ആരോപിച്ചു കോൺഗ്രസ് നേതൃത്വത്തെ കരി വാരിതേക്കാനുള്ള ശ്രമങ്ങളെ തുറന്നുകാട്ടും. കോൺഗ്രസ് നേതാക്കൾക്കെതിരെ പലഘട്ടങ്ങളിലായി നടത്തിയ രാഷ്ട്രീയ പകപോക്കലുകൾ പരാജയപ്പെട്ടതിലുള്ള അമർഷമാണ് ഇത് വ്യക്തമാക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ അധികാരം ഉപയോഗിച്ച് തകർക്കാമെന്നുള്ള ബിജെപിയുടെ അഹന്തയെ തുറന്നുകാട്ടും. ഒരു ഭീഷണിക്കു മുൻപിലും കോൺഗ്രസ് പാർട്ടി മുട്ടുമടക്കില്ലെന്നും സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കെട്ടിച്ചമച്ചു കൊണ്ടുവന്നിരിക്കുന്ന കള്ളക്കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും വേണുഗോപാൽ വ്യക്തമാക്കി. 

'ഇഡി സമന്‍സ് പ്രതികാരത്തിന്‍റെയും കുടിപ്പകയുടെയും ബാക്കിപത്രം; കയ്യും കെട്ടി നോക്കിയിരിക്കില്ല': കെ സുധാകരന്‍

ദില്ലി: ബിജെപിയുടെ രാഷ്ട്രീയ പ്രതികാരത്തിന്‍റെയും കുടിപ്പകയുടെയും ബാക്കിപത്രമാണ് നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. കോണ്‍ഗ്രസിനെതിരെ കഴിഞ്ഞ എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ നടത്തുന്ന നെറികെട്ട രാഷ്ട്രീയത്തിന്‍റെയും തുടര്‍ച്ചയാണിത്. തീവ്ര സംഘപരിവാർ പക്ഷക്കാരനായ ഒരു വ്യക്തിനല്‍കിയ കേസില്‍ നാളിതുവരെ അന്വേഷിച്ചിട്ടും തെളിവുകള്‍ ശേഖരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയാതെ പോയത് ഈ കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സത്യത്തിന്‍റെ കണികപോലും ഇല്ലാത്തതിനാലാണ്. ബിജെപിയുമായി ഒരുവിധത്തിലും സന്ധിച്ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതിനാലാണ് ഈ കേസ് കഴിഞ്ഞ എട്ടുവര്‍ഷമായി നീട്ടിക്കാണ്ടുപോകുന്നത്. അതേസമയം ബിജെപിയുമായി രഹസ്യകരാര്‍ ഉണ്ടാക്കിയ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങനെയെല്ലാം അട്ടിമറിക്കപ്പെടുന്നുയെന്ന് കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ചാല്‍ ബോധ്യമാകുമെന്ന് സുധാകരന്‍ പറഞ്ഞു.

'കറുപ്പ് കണ്ടാൽ അടിച്ചോടിക്കുന്നത് ഏത് നിയമത്തിന്‍റെ ഭാഗം? എന്ത് നീതി? ഒരടി പിന്നോട്ടില്ല'; പൊലീസിനോട് സുധാകരൻ

മോദി സര്‍ക്കാരിനെതിരായ ജനരോഷം ഉയരുകയോ, ഭരണ പ്രതിസന്ധി നേരിടുകയോ ചെയ്യുന്ന ഘട്ടത്തിലെല്ലാം ജനശ്രദ്ധതിരിക്കാനും രാഷ്ട്രീയ നേട്ടത്തിനും ഈ കേസ് പൊടിതട്ടിയെടുക്കുക എന്ന നാടകപരമ്പയുടെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ ഇഡിയുടെ സമന്‍സ്.  ഈ നാടകം ഇതേ അവസ്ഥയില്‍ തുടരുകയും അത് അടുത്ത പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടു പോകുകയും ചെയ്യുമെന്നത് ഉറപ്പാണെന്നും സുധാകരൻ ചൂണ്ടികാട്ടി.

നരേന്ദ്ര മോദിയുടെയും സംഘപരിവാര്‍ ശക്തികളുടെയും ഫാസിസ്റ്റ് ശൈലിക്കെതിരെ നിരന്തരം ശബ്ദം ഉയര്‍ത്തുന്ന  സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കേന്ദ്ര ഏജന്‍സികളുടെ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്നും നിശബ്ദരാക്കാമെന്നും മോദി കരുതുന്നത് അദ്ദേഹം മൂഢസ്വര്‍ഗത്തില്‍ ആയതുകൊണ്ടാണ്. ബ്രട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിച്ച പാരമ്പര്യമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നത് ബിജെപി മറക്കരുത്. മോദി സര്‍ക്കാരിന്‍റെ കഴിഞ്ഞ എട്ടുവര്‍ഷത്തെ ഭരണപരാജയവും ഫാസിസ്റ്റ് വര്‍ഗീയ നിലപാടുകളും പൊതുജനമധ്യത്തില്‍ നിരന്തരം തുറന്ന് കാട്ടുന്ന കോണ്‍ഗ്രസ് നേതാക്കളോടുള്ള അസഹിഷ്ണുത കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നടപടിയിലൂടെ പ്രകടമാണ്. മോദിയുടെ ഭരണ വൈകല്യം കാരണം രാജ്യം വന്‍ സാമ്പത്തിക തകര്‍ച്ച നേരിടുകയാണ്. തൊഴിലില്ലായ്മ പെരുകി. നികുതി ഭീകരത കാരണം ജനത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഏത് നിമിഷവും ജനരോഷം അണപൊട്ടിയൊഴുകുന്ന സ്ഥിതിയാണ്.കോണ്‍ഗ്രസിനെ രാഷ്ട്രീയമായി നേരിടാന്‍ തന്‍റേടമില്ലാത്തതിനാലാണ് ഇത്തരം തരംതാണ വേട്ടയാടല്‍ നാടകം മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.

'പിണറായി തൊട്ടാവാടിയല്ല'; മുഖ്യമന്ത്രി അല്ലായിരുന്നെങ്കിൽ സംരക്ഷണം ജനങ്ങൾ ഏറ്റെടുത്തേനേയെന്ന് എ കെ ബാലൻ

Latest Videos
Follow Us:
Download App:
  • android
  • ios